കണ്ണൂർ: പായ്ക്കറ്റിൽ രേഖപ്പെടുത്തിയ തൂക്കത്തേക്കാൾ 25 ഗ്രാം കുറവുള്ള ബിസ്കറ്റ് വിറ്റ സംഭവത്തിൽ നിർമാതാക്കളായ പാർലെ ബിസ്കറ്റ് കമ്പനിക്കും വില്പനക്കാരായ മെട്രോ ഹൈപ്പർ മാർക്കറ്റിനും തിരിച്ചടി. ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ചെന്നും അളവിൽ കുറവുള്ള ഉൽപ്പന്നം വിറ്റത് സേവനത്തിലെ വീഴ്ചയാണെന്നും കണ്ടെത്തിയതിന് പിന്നാലെ, ഇരുവരും ചേർന്ന് 50,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു.
അഞ്ചരക്കണ്ടി കല്ലായി സ്വദേശിയായ ടി.പി. ആസിഖ് നൽകിയ പരാതിയിലാണ് കമ്മിഷൻ പ്രസിഡന്റ് രവി സുഷയും അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി. സജീഷ് എന്നിവരും ഉൾപ്പെട്ട ബെഞ്ച് വിധി പ്രസ്താവിച്ചത്.
2024 ജൂലൈ 26-ന് ചക്കരക്കല്ലിലെ മെട്രോ ഹൈപ്പർ മാർക്കറ്റിൽ നിന്ന് പരാതിക്കാരൻ 150 ഗ്രാം എന്ന് രേഖപ്പെടുത്തിയ പാർലെ 20-20 ബിസ്കറ്റ് വാങ്ങുകയായിരുന്നു. പിന്നീട് സമീപത്തെ കടയിൽ തൂക്കിയപ്പോൾ പായ്ക്കറ്റിൽ ഉണ്ടായിരുന്നത് 125 ഗ്രാം മാത്രമാണെന്ന് കണ്ടെത്തി. തുടർന്ന് ലീഗൽ മെട്രോളജി അധികൃതരുടെ പരിശോധനയും പരാതിയും തുടർന്നാണ് വിഷയം കമ്മിഷന്റെ പരിഗണനയിലെത്തിയത്.
പരാതിക്കാരൻ ഹാജരാക്കിയ പായ്ക്കറ്റ് തങ്ങളുടേതല്ലായിരിക്കാമെന്നും ഉൽപ്പന്നങ്ങൾ പൂർണമായും യന്ത്രസഹായത്തോടെയാണ് നിർമിക്കുന്നതെന്നുമായിരുന്നു പാർലെ കമ്പനിയുടെ വാദം. എന്നാൽ വിറ്റത് പാർലെ കമ്പനിയുടെ ഉൽപ്പന്നമാണെന്ന് മെട്രോ ഹൈപ്പർ മാർക്കറ്റ് സമ്മതിച്ചെങ്കിലും, തൂക്കക്കുറവിന്റെ ഉത്തരവാദിത്വം നിർമാതാവിനാണെന്ന നിലപാടാണ് സ്വീകരിച്ചത്.
രേഖകളും ലീഗൽ മെട്രോളജി റിപ്പോർട്ടും പരിശോധിച്ച കമ്മിഷൻ, ഉൽപ്പന്നം പാർലെയുടേതാണെന്നും പായ്ക്കറ്റിൽ രേഖപ്പെടുത്തിയ അളവിൽ കുറവുള്ള ഉൽപ്പന്നം വിറ്റത് ഉപഭോക്തൃ അവകാശ ലംഘനമാണെന്നും വിലയിരുത്തി. ഉൽപ്പന്നം വിൽപ്പന നടത്തിയതിനാൽ വിൽപ്പനക്കാരനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ പാർലെ കമ്പനി 25,000 രൂപയും മെട്രോ ഹൈപ്പർ മാർക്കറ്റ് 10,000 രൂപയും നഷ്ടപരിഹാരമായി നൽകണം. കൂടാതെ പാർലെ 10,000 രൂപയും മെട്രോ ഹൈപ്പർ മാർക്കറ്റ് 5,000 രൂപയും കോടതി ചെലവായും നൽകാൻ കമ്മിഷൻ ഉത്തരവിട്ടു. ഉത്തരവിന്റെ പകർപ്പ് ലഭിച്ച് ഒരു മാസത്തിനകം തുക നൽകണം. അല്ലാത്തപക്ഷം ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ 12 ശതമാനം പലിശ നൽകേണ്ടിവരുമെന്നും കമ്മിഷൻ വ്യക്തമാക്കി.
പരാതിക്കാരനുവേണ്ടി അഡ്വ. കെ.പി. മുഹമ്മദ് സിനാൻ ഹാജരായി.
0 Comments