LATEST

6/recent/ticker-posts

യു.എ.ഇയില്‍ പുതിയ 16 ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ തുറന്നു;സേവന നിരക്ക് 19 ദിര്‍ഹം മാത്രം!അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനാണ് നടത്തിപ്പ് ചുമതല.

ദുബായ്: യു.എ.ഇയില്‍ പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിന് ആശ്വാസമായി പുതിയ പാസ്പോര്‍ട്ട്, കോണ്‍സുലാര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ (ICAC) പ്രവര്‍ത്തനം ആരംഭിച്ചു. നിയമപോരാട്ടങ്ങള്‍ക്കും ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ് കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കേന്ദ്രങ്ങള്‍ ബുധനാഴ്ച രാവിലെ ഔദ്യോഗികമായി തുറന്നത്. അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനാണ് കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല.









പുതിയ പോര്‍ട്ടല്‍ ലൈവായതോടെ ആദ്യദിനം തന്നെ 2,000-ത്തോളം പേര്‍ അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്തതായി ബര്‍ ദുബായിലെ യു.ഡബ്ല്യു (UW) മാളില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ, അല്‍ ഹിന്ദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും ഫൗണ്ടറുമായ മുഹമ്മദ് ഹാരിസ് പറഞ്ഞു



 


പ്രധാന സവിശേഷതകളും അറിയേണ്ട വിവരങ്ങളും:
എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍: ഇനി മുതല്‍ പാസ്പോര്‍ട്ട് പുതുക്കല്‍, വിസ സേവനങ്ങള്‍, അറ്റസ്റ്റേഷന്‍, ഒ.സി.ഐ (OCI) അപേക്ഷകള്‍ എന്നിവയ്ക്കായി പ്രവാസികള്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബായിലെ കോണ്‍സുലേറ്റിലോ പോകേണ്ടതില്ല.
പൂര്‍ണ്ണ ശേഷി: യു.എ.ഇയിലുടനീളമുള്ള 16 കേന്ദ്രങ്ങളിലായി പ്രതിദിനം 8,000 അപേക്ഷകള്‍ വരെ കൈകാര്യം ചെയ്യാന്‍ സാധിക്കും. 350-ഓളം പുതിയ ജീവനക്കാരെ ഇതിനായി നിയമിച്ചിട്ടുണ്ട്.
പ്രധാന കേന്ദ്രം ബര്‍ ദുബായില്‍: ബര്‍ ദുബായിലെ കേന്ദ്രത്തില്‍ മാത്രം 70 സര്‍വീസ് കൗണ്ടറുകളുണ്ട്. ദിനംപ്രതി 600 പേര്‍ക്ക് ഇവിടെ സേവനം ലഭിക്കും. രണ്ടാമത്തെ വലിയ കേന്ദ്രം ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിലാണ് (DIP).
പ്രവര്‍ത്തന സമയം: രാവിലെ 8:00 മുതല്‍ വൈകീട്ട് 6:00 വരെ. അപ്പോയിന്റ്മെന്റ് സ്ലോട്ടുകള്‍ ദിവസവും രാവിലെ 9:00 മണിക്കും രാത്രി 9:00 മണിക്കും പുതിയ പോര്‍ട്ടല്‍ വഴി ലഭ്യമാകും.
കൃത്യതയുള്ള സേവനം: ആവശ്യമായ രേഖകളുമായി എത്തിയാല്‍ 30 മിനിറ്റിനുള്ളില്‍ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കാനാകും.







സേവന നിരക്ക് 19 ദിര്‍ഹം മാത്രം!
ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക അപേക്ഷാ ഫീസിന് പുറമെ 19 ദിര്‍ഹം മാത്രമാണ് സേവന നിരക്കായി (Service Fee) ഈടാക്കുക. മുന്‍പ് പ്രത്യേകമായി പണം നല്‍കേണ്ടിയിരുന്ന ഫോട്ടോ, ഫോട്ടോ കോപ്പി, പ്രിന്റിംഗ്, ഫോം പൂരിപ്പിക്കല്‍ സഹായം എന്നിവ ഈ 19 ദിര്‍ഹമില്‍ ഉള്‍പ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രത്യേക പ്രീമിയം സേവനങ്ങളൊന്നും ഉണ്ടാവില്ലെന്നും എല്ലാ അപേക്ഷകര്‍ക്കും ഒരേ നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുമെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.








ടെന്‍ഡര്‍ നടപടികളുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണെങ്കിലും പുതിയ കരാറുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് സുപ്രീം കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ജൂലൈ 22 മുതല്‍ പുതിയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമായത്.

Post a Comment

0 Comments