LATEST

6/recent/ticker-posts

താമരശേരിയില്‍ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്; നാല് പേര്‍ അറസ്റ്റില്‍

താമരശേരി: ബാറില്‍ വെച്ചുണ്ടായ തർക്കത്തെത്തുടർന്ന് യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തില്‍ നാല് പേരെ താമരശേരി പൊലിസ് അറസ്റ്റ് ചെയ്തു.








പയ്യോളി പുതിയോട്ടില്‍ ഫഹദ് (36), മൈക്കാവ് പട്ടരുമഠത്തില്‍ ആല്‍ബിൻ ബേബി (30), വെളിമണ്ണ എലിയാം പാറമ്മല്‍ അജയ്, ദിൻഷാദ് എന്നിവരാണ് പിടിയിലായത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ താമരശ്ശേരി ചുങ്കത്തെ 'ഹസ്തിനപുരി' ബാറിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

മർദനത്തില്‍ പരുക്കേറ്റ ബാലുശ്ശേരി എകരൂല്‍ വള്ളിയോത്ത് സ്വദേശി കക്കാടൻപറമ്പത്ത് വിഷ്ണു (32), സുഹൃത്ത് പ്രജീഷ് (46) എന്നിവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലിസ് പറഞ്ഞു.

മർദനമേറ്റ വിഷ്ണുവും പ്രതികളില്‍ ഒരാളായ ഫഹദും നേരത്തെ പരിചയക്കാരാണ്. മുൻപ് ഇരുവരും ഒരുമിച്ച്‌ മദ്യപിക്കുന്നതിനിടെ ഫഹദിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. ഇത് വിഷ്ണു എടുത്തതാണെന്നായിരുന്നു ഫഹദിന്റെ ആരോപണം. വൈകുന്നേരം ബാറില്‍ വെച്ച്‌ വിഷ്ണുവിനെ യാദൃശ്ചികമായി കണ്ടുമുട്ടിയ ഫഹദ് ഇതേച്ചൊല്ലി തർക്കത്തില്‍ ഏർപ്പെടുകയായിരുന്നു. വാക്കേറ്റം രൂക്ഷമായതോടെ ഫഹദും സുഹൃത്തുക്കളും ചേർന്ന് വിഷ്ണുവിനെയും പ്രജീഷിനെയും ഇടിക്കട്ടയും കൈയും ഉപയോഗിച്ച്‌ ക്രൂരമായി മർദിക്കുകയായിരുന്നു.







ബാർ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ സ്ഥലത്തെത്തിയ താമരശേരി പൊലിസ് സംഭവസ്ഥലത്തു വെച്ചുതന്നെ നാല് പ്രതികളെയും കസ്റ്റഡിയിലെടുത്തു. എന്നാല്‍, വൈദ്യപരിശോധനയ്ക്കായി താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴും പ്രതികള്‍ ശാന്തരാകാൻ തയ്യാറായില്ല. ആശുപത്രിക്ക് അകത്തും ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പൊലിസ് അറിയിച്ചു.