കോഴിക്കോട് :ദേശീയപാതയില്‍ വണ്‍വേ തെറ്റിച്ചുള്ള കെഎസ്‌ആര്‍ടിസി ബസിന്‍റെ യാത്രക്ക് കാരണമായത് ടോൾ പ്ലാസ യിലെ ജീവനക്കാരുടെ കടുംപിടുത്തമെന്ന് വിശദീകരണവുമായി ഡ്രൈവര്‍
ഫാസ് ടാഗില്‍ സാങ്കേതിക പ്രശ്നമുണ്ടായത് കാരണം ടോള്‍ നല്‍കാന്‍ കഴിഞ്ഞില്ല. സ്വന്തം കയ്യില്‍ നിന്നും പണം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ടോള്‍ പ്ലാസക്കാര്‍ സ്വീകരിച്ചില്ലെന്ന് വാദം. പതിനഞ്ച് മിനുട്ടോളം ടോള്‍ പ്ലാസക്ക് സമീപം നിര്‍ത്തിയിടേണ്ടി വന്നുവെന്നും ഡ്രൈവര്‍ പറയുന്നു.
ദേശീയപാതയില്‍ കോഴിക്കോട് രാമനാട്ടുകര ഭാഗത്താണ് സംഭവം. എന്‍ എച്ച് ബൈപ്പാസില്‍ മൂന്ന് കിലോ മീറ്റർ ദൂരമാണ് കെഎസ്‌ആര്‍ടിസി ബസ് വണ്‍വേ തെറ്റിച്ച് അപകടകരമായി തിരിച്ചോടിയത്. പിന്നീട് സർവീസ് റോഡിലേക്ക് തിരിയുകയായിരുന്നു. സംഭവത്തെക്കുറിച്ച് കെഎസ്‌ആര്‍ടിസി വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. കെഎസ്‌ആര്‍ടിസി ബസിന്റെ നിയമലംഘനം ദൃശ്യങ്ങള്‍ സഹിതം ദേശീയ പാത അതോറിറ്റി മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ കെഎസ്‌ആര്‍ടിസിക്ക് നോട്ടീസ് നല്‍കാനാണ് മോട്ടോർവാഹന വകുപ്പിന്റെ തീരുമാനം.