തിരുവനന്തപുരം: സാമാന്യ മര്യാദയുടെ പോലും അതിരുകൾ ലംഘിച്ച് സാമൂഹിക മാധ്യമങ്ങളിൽ റീച്ച് കൂട്ടാൻ മാധ്യമപ്രവർത്തകരെന്ന വ്യാജേന േവ്ലാഗർമാർ നടത്തുന്ന പേക്കൂത്തുകൾ അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. നടൻ സലിം കുമാറിന്‍റെ മരണാനന്തര ചടങ്ങുകളിൽ ഇവർ നടത്തിയ അഭ്യാസങ്ങൾ പരിഷ്കൃത സമൂഹത്തിന്‍റെ തന്നെ വില കളയുന്നതാണ്. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന സമീപനം അംഗീകരിക്കാനാവില്ല.
മാനവികതയെ പോലും വെല്ലുവിളിക്കുന്ന ഇവരുടെ മൊബൈൽ കളികളും മാന്യമായി സ്വന്തം തൊഴിലെടുക്കുന്ന മാധ്യമപ്രവർത്തകരുടെ തലയിലാണു സമൂഹം കെട്ടിവെക്കുന്നതെന്നതു ഖേദകരമാണ്. സാഹചര്യത്തിന്‍റെ സ്വഭാവം ഉൾക്കൊണ്ട് മാന്യമായും അപരന്‍റെ സ്വകാര്യക്കു മേൽ കടന്നുകയറാതെയും പ്രവർത്തിക്കാൻ എല്ലാ വിഭാഗവും ശ്രമിക്കേണ്ടതാണ്. മത്സരാധിഷ്ഠിത ലോകത്ത് സ്വന്തം പ്രവൃത്തികൾ മര്യാദയുടെ സീമ ലംഘിക്കുന്നുണ്ടോയെന്ന ആത്മപരിശോധനക്കും തിരുത്തൽ ആവശ്യമെങ്കിൽ അതിനും മാധ്യമസമൂഹവും തയാറായാൽ ഇത്തരക്കാരെ ഒറ്റപ്പെടുത്തി തൊഴിലിന്‍റെ അന്തസ്സ് കൂടുതൽ ഉന്നതമാക്കാൻ കഴിയും.
ഈ വിഷയത്തിൽ കേരള പൊലീസ് സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നു വ്യക്തമാക്കി പൊലീസ് നൽകിയ മുന്നറിയിപ്പ് ഇവരുടെ കണ്ണ് തുറപ്പിക്കാൻ പര്യാപ്തമാവുമെന്നു പ്രതീക്ഷിക്കുന്നു. മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും മൊബൈൽ കാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ് എന്ന ആമുഖത്തോടെയാണു പൊലീസിന്‍റെ മുന്നറിയിപ്പ്.
മനുഷ്യന്റെ ദുഃഖവും മരണവും നാടിന്റെ പ്രതിസന്ധിയും അപകടങ്ങളുമൊക്കെ ചിലർക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണ്.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണ് എന്നത് ഓർമ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാമെന്നും പൊലീസ് അറിയിക്കുന്നു.
പ്രതിച്ഛായാ നിർമിതിക്കായി േവ്ലാഗർമാരെ വഴിവിട്ടു പ്രോത്സാഹിക്കുന്ന നിലപാടിൽനിന്ന് ഭരണ-രാഷ്ട്രീയ നേതൃത്വങ്ങൾ വിട്ടുനിൽക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുന്നതും ഈ പേക്കൂത്തുകൾക്കെതിരായ കർക്കശ സന്ദേശമായി മാറുമെന്ന് യൂണിയൻ പ്രസിഡന്‍റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പ്രസ്താവനയിൽ പറഞ്ഞു.