നടൻ സലിം കുമാർ കേരളത്തിലെ ജാതീയതയെ കുറിച്ച് പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്. വാക്കുകള്‍ക്ക് പിന്നിലെ ജാതീയ രാഷ്ട്രീയത്തെ കുറിച്ച് സലിം കുമാറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ഒരുപാട് വിമർശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന പരാമർശമായിരുന്നു 'ജി സുധാകരൻ ചെയ്തത് ചെറ്റത്തരം ആണ്' എന്നത്. വർഷങ്ങള്‍ക്ക് മുൻപേ ഒരു അഭിമുഖത്തില്‍ ചെറ്റ, ചെറ്റത്തരം എന്നീ വാക്കുകള്‍ മോശം കാര്യങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതിലെ പ്രശ്‌നത്തെ കുറിച്ച് അദ്ദേഹം തുറന്നുകാണിച്ചിരുന്നു.
'ചെറ്റ എന്ന് പറഞ്ഞാല്‍ യഥാർഥത്തില്‍ എന്താണ്? പുലയൻ്റെ വീടിനെ ആണ് ചെറ്റ എന്നു പറയുന്നത്. അല്ലാതെ അത് മോശമായിട്ടുള്ള സ്ഥലമല്ല. 'ഏനെന്റെ ചെറ്റയില്‍ പോണു' എന്നു പറഞ്ഞത് ഫ്ാ..ചെറ്റേ എന്നു മാറ്റി അധഃപതിച്ചവൻ എന്നാക്കി. പുലയൻ അത് അധഃപതിച്ചതായിട്ടല്ല കാണുന്നത്. എന്നാല്‍ ജാതിവാദികള്‍ അതിനെ അധപതിച്ച മോശമായ കാര്യമായി ചിത്രീകരിക്കുന്നതില്‍ അവർ വിജയിച്ചു.
അതുപോലെ ചാത്തൻ എന്നാല്‍ അധഃകൃതന്റെ പണ്ഡിതൻ ആണ്. 'ചാത്തൻസ്' എന്നാല്‍ ഒരു പേരല്ല, ഡിഗ്രി ആണ്. എത്രയോ വിഷയങ്ങളില്‍ പണ്ഡിതൻ ആയവരെയൊക്കെ സാക്ഷാല്‍ ശ്രീമാൻ ചാത്തൻസ് എന്നാണ് പറഞ്ഞിരുന്നത്. ചാത്തൻസ് എന്നത് ബഹുമാനപൂർവം വിളിക്കുന്ന പേരാണ്. അതിപ്പോള്‍ ഏറ്റവും മോശം സാധനത്തിന്റെ പേരാക്കി മാറ്റി. ഇപ്പോള്‍ മോശം സാധനങ്ങളെ 'ചാത്തൻ സാധനം' എന്ന് പറയാൻ തുടങ്ങിയിരിക്കുകയാണ്,' 2021ല്‍ മാധ്യമം ആഴ്ച പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് സലിം കുമാർ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ജാതിപ്പേര് വിളിക്കുന്നതിലെ പല അടരുകളെ കുറിച്ചും ഇതേ അഭിമുഖത്തില്‍ സലിം കുമാർ സംസാരിച്ചിരുന്നു. 'എന്റെ നാട്ടില്‍ എല്ലാവരും ജാതിപ്പേരാണ് വിളിക്കുന്നത്. എന്റെ അച്ഛന്റെ പേര് ഗംഗാധരൻ എന്നാണ്. അച്ഛനെ ഗംഗാധര ചൊവ്വൻ എന്നു വിളിക്കും. തൊട്ടപ്പുറത്തുള്ളത് വള്ളോൻ പുലയൻ, കാഞ്ചാൻ പുലയൻ, അരവിന്ദൻ അരയൻ, മുസ്ലിങ്ങളാണെങ്കില്‍ ജോനാപ്ല, വടുക മാപ്ലയാണ് ക്രിസ്ത്യാനി. അതൊക്കെ ബഹുമാനപൂർവമാണ് പരസ്പരം വിളിക്കുന്നത്, അല്ലാതെ അവനെ കളിയാക്കാനോ ഇകഴ്ത്തിക്കാട്ടാനോ അല്ല.
എന്നോടു നാട്ടുകാര് ചോദിക്കുക 'നീ ഗംഗാധരൻ ചൊവ്വന്റെ മോനല്ലെടാ? എന്നാണ്. 'അതേ' എന്നു ഞാൻ അഭിമാനത്തോടെയാണ് പറയുന്നത്.
ഇതിനൊരു മറുവശവുമുണ്ട്. എന്നാല്‍ ഉയർന്ന ജാതിയിലുള്ളവർ നായന്മാർ, നമ്പൂതിരിമാരൊക്കെ പുലയരെ ജാതിപ്പേര് വിളിക്കുന്നത് തകർക്കാൻ തന്നെയാണ്. അതില്‍ നമ്മള്‍ തകരാതിരുന്നാല്‍ മതി. ചില രാഷ്ട്രീയക്കാർ അടക്കം ഇന്നും അത് ഉപയോഗിക്കുന്നുണ്ട്. ഒരുത്തൻ ഉയർന്നുവന്നാല്‍ അവനെ അടച്ചാക്ഷേപിക്കുക. അവർ അത് അങ്ങനെ ജാതീയമായി തന്നെ ഉപയോഗിക്കുന്നുണ്ട്.
ആഫ്രിക്കയില്‍ ഒരുവിഭാഗം ആദിവാസി സമൂഹമുണ്ട്. അവർക്ക് മരം വെട്ടാൻ പാടില്ല. അതേസമയം അവർക്ക് മരം ആവശ്യവുമുണ്ട്. അവർ അതുകൊണ്ട് മരത്തിന്റെ അടുത്തു പോയി മരത്തിനെ തെറി പറയും. ഒരു കൂട്ടമായി ചെന്നിട്ടാണ് തെറി പറയുക. ഒരു ഗാങ് പോയിക്കഴിഞ്ഞാല്‍ അടുത്ത ഗാങ് പോകും. അങ്ങനെ തെറിയോട് തെറി. ഇങ്ങനെ പറഞ്ഞാല്‍ ഈ മരം ഉണങ്ങും എന്നാണ് അവരുടെ വിശ്വാസം. കാരണം നെഗറ്റിവ് എനർജി ആണ് അങ്ങോട്ട് ചെല്ലുന്നത്. അങ്ങനെ തെറി കേട്ട് മരം ഉണങ്ങിക്കഴിയുമ്പോള്‍ മരം വീഴും, ആ മരം പിന്നീട് ആദിവാസികളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും. ഇതുപോലയാണ് ഉന്നത ജാതിക്കാരുടെ ജാതി അതിക്രമങ്ങളിലൂടെ ഇവിടെയും നടക്കുന്നത്. ജാതി ഉപയോഗിക്കപ്പെടുന്നത് ഇങ്ങനെയും കൂടെ ആണ്,' സലിം കുമാർ പറഞ്ഞിരുന്നു.