മാനന്തവാടി: ബാവലി പാലത്തിലെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് ആശുപത്രിയിൽ എത്തും മുന്നേ രോഗി മരിച്ചു. കർണാടക ബൈരക്കുപ്പ ബസവേശ്വര ക്ഷേത്രത്തിലെ പൂജാരി മാധവൻ (75) ആണ് ആശുപത്രിയിലെത്തുന്നതിന് തൊട്ടുമുൻപ് മരണപ്പെട്ടത്. വയനാട് - കർണാടക അതിർത്തിയിലെ ചെക്ക്‌പോസ്റ്റ് കേന്ദ്രീകരിച്ചുള്ള പരിശോധനകളും ഇതിനെത്തുടർന്നുണ്ടായ ബ്ലോക്കുമാണ് മരണത്തിന് കാരണമായത്.
രോഗിയുമായി വന്ന വാഹനം ഏകദേശം 20 മിനിറ്റോളം പാലത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കുരുക്കിൽ നിന്നും രക്ഷപ്പെട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ച് മിനിറ്റ് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. ഹോൺ മുഴക്കിയിട്ടും പരിശോധനയുടെ തിരക്ക് കാരണം വാഹനം മുന്നോട്ട് എടുക്കാൻ സാധിച്ചില്ലെന്ന് ഇവർ ആരോപിച്ചു.
ചെക്ക്‌പോസ്റ്റിലെ കർശനമായ വാഹനപരിശോധനയാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്നും അടിയന്തര സാഹചര്യങ്ങളിൽ പോലും വാഹനങ്ങൾ മുൻഗണന നൽകി വിട്ടുനൽകാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നും നാട്ടുകാർക്കിടയിൽ ആക്ഷേപമുണ്ട്. ഇത്തരം അനാവശ്യ കാലതാമസങ്ങൾ വിലപ്പെട്ട മനുഷ്യജീവനുകൾ നഷ്ടപ്പെടാൻ ഇടയാക്കുന്നത് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്