വർഷങ്ങൾക്ക് മുമ്പ് കച്ചവടത്തിന്റെ ഭാഗമായി കൊല്ലം സ്വദേശിയായ പ്രദീപുമായി കടമിടപാട് നടത്തിയതായിരുന്നു ഒമാനി പൗരനായ മുഹമ്മദ് സയ്യിദ് മുഹമ്മദ് അബ്ദുല്ല അൽ ഖാബിക്.
എന്നാൽ, ബിസിനസ് തകർന്നതോടെ കടക്കെണിയിലായി. പ്രദീപിന് പണം തിരിച്ചു നൽകാനായില്ല. ഒടുവിൽ കൈയിൽ കാശ് കിട്ടിയപ്പോൾ പണം നൽകാനുള്ള ആളെ കണ്ടെത്താനായില്ല. പ്രദീപ് ഏതാനും വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയിരുന്നു. പിന്നീട് അദ്ദേഹത്തെ കണ്ടെത്താനായി അലച്ചിൽ. കഴിഞ്ഞ ദിവസം ആ തിരച്ചിൽ ലക്ഷ്യം കണ്ടു. കടംവീട്ടിയതിന്റെ ആശ്വാസത്തിലാണ് അബ്ദുല്ല അൽ ഖാബിക് ഇപ്പോഴുള്ളത്."
"യു.എ.ഇയിലെ അൽ ഐനിൽ ബിസിനസ് നടത്തുകയായിരുന്നു പ്രദീപ്. ഒമാൻ പൗരനായ മുഹമ്മദ് സയ്യിദ് മുഹമ്മദ് അബ്ദുല്ല അൽ ഖാബിക്കിന് അദ്ദേഹം പ്രിന്റിങ് സാധനങ്ങൾ വില്പന നടത്തിയിരുന്നു. കടം പറഞ്ഞുപോയ അബ്ദുല്ല അൽ ഖാബിക് ഒരു കേസിലകപ്പെട്ടതോടെ ബിസിനസിൽ നഷ്ടം നേരിട്ടു. പ്രദീപിന് ബാക്കി നൽകാനുണ്ടായിരുന്ന തുക നൽകാൻ അദ്ദേഹത്തിന് സാധിച്ചില്ല. മൂന്ന് വർഷം മുൻപ് പ്രദീപ് പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു."
.
വർഷങ്ങൾക്കിപ്പുറം അബ്ദുല്ല അൽ ഖാബിക്കിന് കേസിൽ കോടതിയിൽനിന്ന് അനുകൂലമായി വിധി ലഭിക്കുകയും നഷ്ടപ്പെട്ട തുക തിരികെ ലഭിക്കുകയും ചെയ്തു. തുടർന്നാണ് ഒമാൻ യുഎഇ ബോർഡറിൽ എ സി ഷോപ്പ് നടത്തുന്ന കല്ലമ്പലം കടുവയിൽ പള്ളി സ്വദേശി സന്തോഷിനെ ഒമാൻ പൗരൻ ബന്ധപ്പെടുന്നത്. കടബാധ്യതയെ കുറിച്ച് സന്തോഷിനോട് പറഞ്ഞ ഒമാനി പ്രദീപിനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു. ഒടുവിൽ സന്തോഷിന്റെ സോഷ്യൽ മീഡിയ ഇടപെടലിലൂടെ വിവരം പ്രദീപ് അറിയുകയായിരുന്നു.
തുടർന്ന് സന്തോഷുമായി ബന്ധപ്പെടുകയും വിഡിയോ കോളിലൂടെ ഒമാൻ പൗരനുമായി പ്രദീപ് സംസാരിക്കുകയും ചെയ്തു. കഴിഞ്ഞദിവസം 1,04,157 രൂപ പ്രദീപിന്റെ അക്കൗണ്ടിലേക്ക് അയച്ചു. വർഷങ്ങളായി തന്നെ അലട്ടിയ കടബാധ്യത തീർത്തതിന്റെ ആശ്വാസത്തിലാണ് മുഹമ്മദ് സയ്യിദ് മുഹമ്മദ് അബ്ദുല്ല അൽ ഖാബിക്."