ഒമാനില്‍ ജൂലൈ ഒന്ന് മുതല്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് കൂടുതല്‍ ഫീസ് നല്‍കേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് സേവന നിരക്കുകള്‍ പുതുക്കിയതിന്റെ പശ്ചാത്തലത്തില്‍ മസ്‌കത്തിലെ ഇന്ത്യന്‍ എംബസി പുതിയ ഫീസ് പട്ടിക പുറത്തിറക്കി്.
36 പേജുള്ള സാധാരണ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള ആകെ ചെലവ് 53.750 റിയാലായി ഉയരും. 60 പേജുള്ള ജംബോ പാസ്‌പോര്‍ട്ടിന് 72.600 റിയാല്‍ നല്‍കണം. പാസ്‌പോര്‍ട്ട് ഫീസ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ഐ സി ഡബ്ല്യു എഫ്) സംഭാവന, ഇന്ത്യന്‍ കമ്മ്യൂണിറ്റി അസിസ്റ്റന്‍സ് സെന്റര്‍ (ഐ സി എ സി) ഈടാക്കുന്ന സേവന ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ തുക.
തത്കാല്‍ സേവനം ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ചെലവ് വരും. തത്കാല്‍ വിഭാഗത്തില്‍ 36 പേജുള്ള പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് 100.700 റിയാലും 60 പേജുള്ള ജംബോ പാസ്‌പോര്‍ട്ടിന് 119.500 റിയാലും നല്‍കണം.
നഷ്ടപ്പെട്ടതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ പാസ്‌പോര്‍ട്ടുകള്‍ റീ ഇഷ്യൂ ചെയ്യുന്നതിനുള്ള നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. 36 പേജുള്ള പാസ്‌പോര്‍ട്ടിന്റെ ഫീസ് 100.700 റിയാല്‍ ആയിരിക്കും. 60 പേജുള്ളതിന് 119.500 റിയാലും ഈടാക്കും.
കുട്ടികള്‍ക്കായുള്ള പാസ്‌പോര്‍ട്ട് സേവനങ്ങളിലും നിരക്കുകളില്‍ മാറ്റമുണ്ട്. എട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് എടുക്കാന്‍ 37.300 റിയാല്‍ നല്‍കണം. പ്രായവും പാസ്‌പോര്‍ട്ടിന്റെ കാലാവധിയും അനുസരിച്ച് റീ ഇഷ്യു ഫീസ് 40.600 റിയാല്‍ മുതല്‍ 53.750 റിയാല്‍ വരെ ആയിരിക്കും.
അടിയന്തര യാത്രാ രേഖകളുടെ ഫീസും പുതുക്കി. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് 12.500 റിയാലും ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റിന് 25.600 റിയാലും ചെലവ് വരും. ഇതിനുപുറമെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി സി സി), സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് പാസ്‌പോര്‍ട്ട് അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് 21.800 റിയാലും ഫീസ് നിശ്ചയിച്ചിട്ടുണ്ട്.