LATEST

6/recent/ticker-posts

പൂനൂർ അങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക്: അടിയന്തര ഇടപെടൽ വേണമെന്ന് വിസ്ഡം സ്റ്റുഡന്റ്സ് കൗൺസിൽ

പൂനൂർ: പൂനൂർ അങ്ങാടിയിലും ജംഗ്ഷൻ പരിസരങ്ങളിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി വൈകുന്നേര സമയങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നതായി വിസ്ഡം സ്റ്റുഡന്റ്സ് പൂനൂർ മണ്ഡലം കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. ദിവസേന വർധിച്ചുവരുന്ന വാഹനത്തിരക്കും ആവശ്യമായ ഗതാഗത നിയന്ത്രണങ്ങളുടെ അഭാവവും കാരണം യാത്രക്കാർക്കും വ്യാപാരികൾക്കും വിദ്യാർത്ഥികൾക്കും വലിയ പ്രയാസമാണ് നേരിടേണ്ടിവരുന്നത്.

പ്രത്യേകിച്ച് പൂനൂർ ജംഗ്ഷൻ പ്രദേശം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സമീപ പ്രദേശങ്ങളിലേക്കും പോകുന്നവരുടെ പ്രധാന ആശ്രയകേന്ദ്രമായതിനാൽ ഇവിടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പൊതുജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. വൈകുന്നേര സമയങ്ങളിൽ വാഹനങ്ങൾ നീണ്ടനിരയായി കുടുങ്ങിക്കിടക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.

ജൂൺ മാസത്തിൽ സ്കൂളുകൾ തുറക്കുന്നതോടെ വിദ്യാർത്ഥികളുടെ യാത്രയും സ്കൂൾ വാഹനങ്ങളുടെ സഞ്ചാരവും വർധിക്കുമെന്നതിനാൽ നിലവിലെ സാഹചര്യം കൂടുതൽ ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നും കൗൺസിൽ ആശങ്ക രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സുരക്ഷിതവും സമയബന്ധിതവുമായ യാത്ര ഉറപ്പാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് യോഗം ആവശ്യപ്പെട്ടു.

ഗതാഗത നിയന്ത്രണത്തിനായി ആവശ്യമായ സമയങ്ങളിൽ പോലീസ് സാന്നിധ്യം ശക്തിപ്പെടുത്തുക, അനധികൃത പാർക്കിംഗ് നിയന്ത്രിക്കുക, ജംഗ്ഷനിലെ വാഹന ഗതാഗത ക്രമീകരണങ്ങൾ പുനഃപരിശോധിക്കുക തുടങ്ങിയ നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും യോഗം അഭിപ്രായപ്പെട്ടു.





വിസ്ഡം സ്റ്റുഡന്റ്സ് പൂനൂർ മണ്ഡലം കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ. എം ഷാമിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് കെ ആദിൽഅമീൻ അധ്യയിത വഹിച്ചു. വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് സി.പി സജീർ, വിസ്‌ഡം സ്‌റ്റുഡൻ്റ്സ് ജില്ലാ ട്രഷറർ ഫാഇസ് പേരാമ്പ്ര വിഷയങ്ങൾ അവതരിപ്പിച്ചു. മണ്ഡലം ഭാരവാഹികളായ സി. പി അസ്‌ലം, കെ നിഹാൽ റഹ്‌മാൻ, സഅദ് മുഹമ്മദ്, അഹ്‌മദ് നിഹാൽ, ഹിഷാം വള്ളിയോത്ത് ചർച്ചയിൽ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി സി. പി അമീൻ സ്വാഗതവും അസ്‌ലം സി പി നന്ദിയും പറഞ്ഞു