കോഴിക്കോട്: തൊട്ടില്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ പാലക്കാട്ടുനിന്ന് കണ്ടെത്തി. പാലക്കാട് പുതുശേരിയില് വാടകവീട്ടില് താമസിച്ചുവരികയായിരുന്ന അനുമോളെയും സുഹൃത്തായ വടകര തോടന്നൂര് സ്വദേശി അബ്ദുള് സമദിനെയും തൊട്ടില്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു.
അബ്ദുള് സമദിന്റെ ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.
അനുമോളുടെ കുടുംബം നല്കിയ ഹേബിയസ് കോര്പ്പസ് ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇരുവരെയും കണ്ടെത്തിയത്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.
മൊയിലോത്തറ സര്ക്കാര് എല്.പി. സ്കൂളിലെ അധ്യാപികയും തൊട്ടില്പാലം കൂടല് സ്വദേശിനിയുമായ അനുമോളെ ഈ മാസം അഞ്ചു മുതലാണ് കാണാതായത്. പതിവുപോലെ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്നിന്ന് ഇറങ്ങിയതായിരുന്നു. ബന്ധുവീടുകളിലും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിക്കാത്തതിനെ തുടര്ന്ന് കുടുംബം തൊട്ടില്പാലം പൊലീസില് പരാതി നല്കുകയായിരുന്നു.
ഗുരുതരമായ കരൾ രോഗത്തെ തുടര്ന്ന് ജീവിതം പ്രതിസന്ധിയിലായ അനുമോള് ഭര്ത്താവ് സുഭാഷ് കരള് പകുത്തുനല്കിയതിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഗര്ഭിണിയായിരിക്കെ പത്തുവര്ഷം മുമ്പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു കരള്മാറ്റ ശസ്ത്രക്രിയ. അനുമോളുടെ ജീവിതകഥ വിദേശത്തുപോലും ശ്രദ്ധ നേടിയിരുന്നു. നിരവധിപേര് സാമ്പത്തിക സഹായവുമായി രംഗത്തെത്തുകയും ചെയ്തു.
തൊട്ടില്പാലം കൂടലില് കണ്ണന്റെയും ഏലമ്മയുടെയും ഏക മകളാണ് അനുമോള്. ഭര്ത്താവും രണ്ടു മക്കളുമുണ്ട്
0 Comments