കൊച്ചി: വായ്പാ കുടിശ്ശികയുടെ പേരിൽ കോഴിക്കോട് മാവൂർ റോഡിലെ 30 കോടി രൂപ വിലമതിക്കുന്ന കെട്ടിടം കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) വെറും 9.18 കോടി രൂപയ്ക്ക് ലേലം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. ലേല നടപടികളിൽ വൻ സുതാര്യതക്കുറവും ഒത്തുകളിയും നടന്നതായും മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതായും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണായക ഇടപെടൽ. വസ്തുവിന്മേൽ ആറുമാസത്തിനകം പുനർമൂല്യനിർണയം നടത്തി പുതിയ ലേലം നടത്താൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
കോഴിക്കോട് കസബ വില്ലേജിലെ പേൾ ഹിൽ ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് പണയപ്പെടുത്തിയ 16.21 ആർസ് ഭൂമിയും കെട്ടിടവും ലേലം ചെയ്ത നടപടിയാണ് ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പ്രീത എ.കെ. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ:
‘ട്രസ്റ്റി’ എന്ന ഉത്തരവാദിത്തത്തിൽ കെ.എഫ്.സി പരാജയപ്പെട്ടു: വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തുന്നവരുടെ വസ്തുക്കൾ ലേലം ചെയ്യുമ്പോൾ, അതിന് വിപണിയിലെ മികച്ച വില ഉറപ്പാക്കാൻ ഒരു ‘ട്രസ്റ്റി’ എന്ന നിലയിൽ പ്രവർത്തിക്കേണ്ട ബാധ്യത കെ.എഫ്.സിക്കുണ്ട്. എന്നാൽ ഈ കേസിൽ കോർപ്പറേഷൻ അതിൽ പൂർണ്ണമായി പരാജയപ്പെട്ടു.
സ്വന്തം ചട്ടങ്ങൾ ലംഘിച്ച് വായ്പ നൽകി: ലേലത്തിൽ പങ്കെടുത്തവർക്ക് ആ വസ്തു വാങ്ങാൻ വേണ്ടി തന്നെ കെ.എഫ്.സി 5 കോടി രൂപയുടെ വായ്പ അനുവദിച്ചു. ലേലം സ്ഥിരീകരണ കത്ത് ലഭിച്ചയാൾക്ക് മാത്രമേ വായ്പ നൽകാവൂ എന്ന കെ.എഫ്.സിയുടെ സ്വന്തം സർക്കുലർ വ്യവസ്ഥയ്ക്ക് വിരുദ്ധമായാണ് ഈ നടപടി.
Also read- ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് പകുതിയിൽ താഴെ; പെട്രോൾ, ഡീസൽ വില കുറക്കാനാവില്ലെന്ന നിലപാട്
ലേലത്തിലെ ഒത്തുകളി, ലേലത്തിൽ ആകെ രണ്ട് പേർ മാത്രമാണ് പങ്കെടുത്തത്. ഇതിൽ ലേലം ഉറപ്പിച്ച സ്ഥാപനത്തിലെ പങ്കാളികളിൽ ഒരാൾ, ലേലത്തിൽ പരാജയപ്പെട്ട രണ്ടാമത്തെ ആളുടെ മകനായിരുന്നു. ഇത് ലേല നടപടികളിലെ അവിശുദ്ധ കൂട്ടുകെട്ടും സുതാര്യതയില്ലായ്മയും വ്യക്തമാക്കുന്നു.
സമയപരിധി ലംഘനവും കോവിഡ് സാഹചര്യവും: ലേല വ്യവസ്ഥ പ്രകാരം തുക അടയ്‌ക്കേണ്ട നിശ്ചിത സമയപരിധിയും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. കോവിഡ് മഹാമാരിയുടെ സമയത്ത് വിപണി മൂല്യം ഇടിഞ്ഞുനിന്ന സാഹചര്യം മുതലെടുത്താണ് ലേലം നടത്തിയതെന്നും കോടതി ഓർമ്മിപ്പിച്ചു.
വസ്തുവിന്റെ യഥാർത്ഥ മൂല്യം കൃത്യമായി പുനർനിർണ്ണയിച്ച്, എല്ലാ നിയമങ്ങളും പാലിച്ച് 6 മാസത്തിനകം സുതാര്യമായ രീതിയിൽ വീണ്ടും ലേലം നടപടികൾ പൂർത്തിയാക്കാനാണ് ഹൈക്കോടതിയുടെ കർശന നിർദ്ദേശം.
0 Comments