പാട്ന:പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമെന്തിനാ? അവര്‍ വീട്ടിലിരിക്കുന്നതാണ് ഭംഗി, മോദിയിങ്ങനെ നാരി ശക്തി മണ്ഡലുമായി ഉള്ളപ്പോള്‍ പെണ്‍കുട്ടികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട ആവശ്യമെന്താണ്? അവകാശങ്ങള്‍ സ്വതവേ വന്ന് ചേരുമെന്നും അതിനായി ആരും പ്രതിഷേധിക്കേണ്ടതില്ലെന്നും ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മിതിലേഷ് തിവാരി.മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തിനാണ് അവർക്ക് വിദ്യാഭ്യാസം? വീട്ടില്‍ പെണ്‍കുട്ടികളുള്ളതാണ് നമ്മുടെ കരുത്തും അഭിവൃദ്ധിയുടെ അടിസ്ഥാനവും. മോദിയിങ്ങനെ നാരി ശക്തി മണ്ഡലുമായി ഉള്ളപ്പോള്‍ പെണ്‍കുട്ടികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട ആവശ്യമെന്താണ്? എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. അതേസമയം മന്ത്രിയുടെ വാക്കുകള്‍ മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തതോടെ അവകാശങ്ങള്‍ സ്വതവേ വന്ന് ചേരുമെന്നും അതിനായി ആരും പ്രതിഷേധിക്കേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിൻറെ മറുപടി.ഇത്തരം മന്ത്രി മാർ സമൂഹത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്ന് തിരിച്ചറിയുക തന്നെ വേണമെന്ന് ജനം പ്രതികരിച്ചു.
അതേസമയം ഒരു വിദ്യാഭ്യാസ മന്ത്രിയുടെ തന്നെ കാഴ്ചപ്പാട് ഇങ്ങനെയാണെങ്കില്‍ ബിഹാറിന്റെ ഗതിയെന്താകുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ച് ആളുകള്‍ ചോദിക്കുന്നത്. ഭരണഘടനാവിരുദ്ധമാണ് മന്ത്രിയുടെ വാക്കുകളെന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്. ഭരണഘടനയുടെ 21 A യില്‍ ആറു മുതല്‍ 14 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പ് നല്‍കുന്നു. ജാതിയുടെയോ, മതത്തിൻറെയോ, ലിംഗത്തിൻറെയോ, സാമ്പത്തികത്തിൻറെയോ പേരില്‍ ആർക്കും വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബിഹാറിലെ സാക്ഷരതാ നിരക്ക് ബഹുകേമമാണ്. എന്നിട്ടും ജനസംഖ്യയില്‍ പാതിയോളം വരുന്ന സ്ത്രീജനങ്ങളെ അടുക്കളയിലേക്ക് തിരിച്ച് വിടാനാണോ നീക്കം? കുറച്ച് കഴിയുമ്പോള്‍ സ്കൂളുകള്‍ എന്തിനാണ് എന്ന് കൂടി ചോദിക്കില്ലെന്ന് എന്തുറപ്പ് എന്നായിരുന്നു ഒരാള്‍ കുറിച്ചത്. 'ബിഹാറിലുള്ളവരുടെ യഥാർഥ മനസ്ഥിതിയാണ് മന്ത്രി പറഞ്ഞതെന്നും വിദ്യാഭ്യാസം കിട്ടിയ ഒരു ബിഹാരി പെണ്‍കുട്ടിയും സ്വന്തം നാട്ടിലെ വിദ്യാഭ്യാസമില്ലാത്ത പുരുഷനെ വിവാഹം കഴിക്കില്ലെ'ന്ന് മറ്റൊരാളും കമൻറ് ചെയ്തിട്ടുണ്ട്.
എന്നാല്‍ 'ദീർഘവീക്ഷണവും കാര്യപ്രാപ്തിയുമില്ലാത്ത നേതാക്കളുടെ കുഴപ്പമാണിതെന്നും ജനങ്ങള്‍ ഇത്തരം വ്യക്തികളെ തിരഞ്ഞെടുക്കാതെ ശ്രദ്ധിക്കണമെന്നും അധികാരത്തിൻറെ പരിസരത്ത് പോലും ഇങ്ങനെയുള്ളവരെ അടുപ്പിക്കരുത്. നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നതിന് പകരം പിന്നോട്ടടിക്കുകയാണ് ഇവർ ചെയ്യുന്നത്' എന്നും പ്രതികരണങ്ങളുണ്ട്.