LATEST

6/recent/ticker-posts

മോദിയെ 'പാമ്പാട്ടി'യായി ചിത്രീകരിച്ച് നോര്‍വേയിലെ ആഫ്റ്റന്‍പോസ്റ്റന്‍ പത്രത്തില്‍ കാര്‍ട്ടൂണ്‍, പ്രതിഷേധം ശക്തം

ഓസ്ലോ: അഞ്ച് രാജ്യങ്ങളുടെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി നോര്‍വേയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് നോര്‍വേയിലെ ഏറ്റവും വലിയ പത്രമായ 'ആഫ്റ്റന്‍പോസ്റ്റന്‍'. മോദിയെ അധിക്ഷേപിക്കുന്ന കാര്‍ട്ടൂണിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. മോദിയെ ഒരു 'പാമ്പാട്ടി'യായി ചിത്രീകരിക്കുകയും, പാമ്പിന് പകരം ഒരു പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുന്ന പൈപ്പ് കൈകളില്‍ പിടിച്ചിരിക്കുന്നതുമായാണ് കാര്‍ട്ടൂണിലുള്ളത്. 'കൂര്‍മ ബുദ്ധിക്കാരനും നേരിയ തോതില്‍ അലോസരപ്പെടുത്തുന്നവനുമായ മനുഷ്യന്‍' എന്ന തലക്കെട്ടില്‍ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ഫ്രാങ്ക് റോസാവിക് എഴുതിയ ലേഖനത്തിനൊപ്പമാണ് ഈ വിവാദ ചിത്രമുള്ളത്.

ഇന്ത്യയെ ഇന്നും ദരിദ്രവും അന്ധവിശ്വാസങ്ങള്‍ നിറഞ്ഞതുമായ ഒരു 'പാമ്പാട്ടികളുടെ നാടായി' മാത്രം കാണുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ കൊളോണിയല്‍ മനോഭാവത്തിന്റെ തെളിവാണ് ഇതെന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. നോര്‍വേ സന്ദര്‍ശനത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും പ്രധാനമന്ത്രി മോദി ഒഴിഞ്ഞുമാറിയെന്ന വിവാദം നിലനില്‍ക്കുന്നതിനിടയിലാണ് ഈ കാര്‍ട്ടൂണ്‍ കൂടി പുറത്തുവന്നത്. നോര്‍വേ പ്രധാനമന്ത്രി യോനാസ് ഗാഹര്‍ സ്റ്റോറുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിന് ശേഷം ഇരുനേതാക്കളും മടങ്ങവെ, ഓസ്ലോ ആസ്ഥാനമായുള്ള 'ദാഗ്‌സവിസെന്‍' പത്രത്തിലെ രാഷ്ട്രീയ നിരീക്ഷകയായ ഹെല്ലെ ലിംഗ് എന്ന വനിതാ മാധ്യമപ്രവര്‍ത്തക പ്രധാനമന്ത്രി മോദിക്ക് നേരെ ഉറക്കെ ചോദ്യം ഉന്നയിച്ചിരുന്നു






പ്രധാനമന്ത്രി മോദി, ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളോട് സംസാരിക്കാന്‍ താങ്കള്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല?' എന്നായിരുന്നു അവരുടെ ചോദ്യം. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച് അവര്‍ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ നേതാക്കള്‍ ഇതിനോട് പ്രതികരിക്കാതെ വേദി വിട്ടു. ഹെല്ലെ ലിംഗ് ഈ ദൃശ്യങ്ങള്‍ എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചതോടെ ഇത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായി. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ നോര്‍വേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.