LATEST

6/recent/ticker-posts

കെ.എസ്.ആര്‍.ടി.സി.യില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറിയില്‍ മാത്രം; ലിമിറ്റഡ് സ്റ്റോപ്പിലും ഫാസ്റ്റിലും ഇല്ല.

തിരുവനന്തപുരം : 'ഇന്ദിരാ ഗാരന്റി' പ്രകാരം കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യയാത്രാ ആനുകൂല്യം ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രമായി പരിമിതപ്പെടുത്തും.









ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ്, സൂപ്പര്‍ ക്ലാസ് ബസുകളില്‍ ഈ ആനുകൂല്യം ലഭ്യമാകില്ല. സാമ്പത്തിക വരുമാനപരിധിയില്ലാതെ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും ഓര്‍ഡിനറി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാമെന്നതാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണമെങ്കിലും, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെ.എസ്.ആര്‍.ടി.സി.ക്കും സര്‍ക്കാരിനും ഇത് വരുത്തിവെക്കുന്ന അധികബാധ്യത ചെറുതല്ല. മാസംതോറും കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യത വരുത്തുന്ന ഈ പദ്ധതി കെ.എസ്.ആര്‍.ടി.സി.യുടെ നിലനില്‍പ്പിനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വിശദമായ സാമ്പത്തിക വിശകലനങ്ങള്‍ അനിവാര്യമായിരിക്കുകയാണ്.








കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂര സര്‍വീസുകളെയോ പ്രീമിയം സര്‍വീസുകളെയോ ബാധിക്കാത്ത രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആകെയുള്ള 4700 ഓളം ബസുകളില്‍ മൂവായിരത്തോളം ഓര്‍ഡിനറി ബസുകളാണുള്ളത്. ഇതില്‍ 300 സിറ്റി ഫാസ്റ്റുകള്‍ ഒഴുവാക്കിയുള്ള ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രമായിരിക്കും സ്ത്രീകള്‍ക്ക് സൗജന്യയാത്ര. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് അടക്കമുള്ള 1400 സൂപ്പര്‍ ക്ലാസ് ബസുകളിലും 300 ഫാസ്റ്റ് പാസഞ്ചറുകളിലും പതിവുപോലെ സ്ത്രീകള്‍ ടിക്കറ്റ് എടുക്കേണ്ടി വരും. ഓര്‍ഡിനറി ബസുകളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരായ സ്ത്രീകള്‍ക്ക് ഇത് വലിയ ആശ്വാസമാകുമെങ്കിലും ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകളെ ആശ്രയിക്കുന്ന വലിയൊരു വിഭാഗത്തിന് ഇതിന്റെ പ്രയോജനം ലഭിക്കില്ല