പേരാമ്പ്ര:ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ കാറിനു തീപിടിക്കാനുള്ള കാരണം കണ്ടെത്താനായില്ല. കാറിന്റെ പിൻഭാഗത്ത് നിന്നാണ് തീപിടിച്ചതെന്നാണ് ജില്ലാ ഫൊറൻസിക് വിഭാഗത്തിന്റെ കണ്ടെത്തൽ. പെട്രോളിൽ ഓടുന്ന വാഹനത്തിന്റെ ടാങ്കിൽ ചോർച്ച കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
എൻജിന്റെ റേഡിയേറ്റർ ഭാഗത്തും തീപിടിത്തത്തിനുള്ള സാധ്യത ഉണ്ടായിട്ടില്ല. വാഹനത്തിലെ എസി ഭാഗത്തും ഫൊറൻസിക് വിഭാഗം പ്രശ്നങ്ങൾ കണ്ടെത്തിയില്ല. കൂടുതൽ പരിശോധനയ്ക്കു ശേഷം മാത്രമേ തീപിടിത്തത്തിനുള്ള കാരണം കണ്ടെത്താനാകൂവെന്നാണ് ഫൊറൻസിക് വിദഗ്ധർ പറയുന്നത്. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി രജിൻലാലിന്റെ ഭാര്യ പൂവത്തുംചാലിൽ സോന (27) ആണ് വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ ഉണ്ടായ അപകടത്തിൽ മരിച്ചത്."
കാർ ഓടിച്ച ഭർത്താവ് രജിൻലാൽ(34) 60 ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ മോട്ടർവാഹന വകുപ്പും പരിശോധന നടത്തും. ചെറുവണ്ണൂർ കക്കറമുക്കിൽ വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. മരിച്ച സോന ആറു മാസം ഗർഭിണിയായിരുന്നു. ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറാണ് പെട്ടെന്ന് കത്തിയമർന്നത്."