തൊടുപുഴ : മിണ്ടിപ്പോയാൽ അടി വീഴുന്ന അവസ്ഥ പലയിടത്തും തുടരുമ്പോൾ പാർട്ടി പ്രവർത്തകരേ കണ്ണ് തുറന്നു കാണുക, തെരഞ്ഞെടുപ്പ് പരാജയത്തിൽ ബെറ്റ് വെച്ച് തിരൂരിൽ പശു വിനേ യാതൊരു മടിയുമില്ലാതെ നൽകി മാതൃകയായതിന് പിന്നാല ഇതാ തൊടുപുഴ യിലും മറ്റൊരു വാക്ക് പാലിക്കൽ.
കഴിഞ്ഞ ദിവസം കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ടി.എച്ച്.ഹാരിസ് തൈപ്പറമ്പിലും സിപിഎം പ്രവർത്തകൻ സക്കീർ വെള്ളൂപ്പറമ്പിലും തമ്മിൽ തിരഞ്ഞെടുപ്പിനു മുൻപേ പ്രഖ്യാപിച്ച പന്തയം കൗതുകമായി. എൽഡിഎഫ് അധികാരത്തിൽ വന്നാൽ ചെങ്കൊടിയേന്തി സിപിഎം സിന്ദാബാദ്, പിണറായി വിജയൻ സിന്ദാബാദ് എന്നു മുദ്രാവാക്യം വിളിച്ച് ഹാരിസ് കൊച്ചുജാരം മുതൽ പാലം ചുറ്റി കുമ്മംകല്ലിൽ വരണമെന്നും യുഡിഎഫ് ആണ് വിജയിക്കുന്നതെങ്കിൽ കോൺഗ്രസ് പതാകയേന്തി ‘കോൺഗ്രസ് പാർട്ടി സിന്ദാബാദ്, വി.ഡി.സതീശൻ സിന്ദാബാദ് എന്നു വിളിച്ച് താൻ അങ്ങനെ ചെയ്യുമെന്നും സക്കീർ നാട്ടുകാരുടെ മുൻപിൽ വച്ച് പന്തയം ഉറപ്പിക്കുകയായിരുന്നു.
ഫലം വന്നതോടെ പന്തയം നിർവഹിച്ച് സക്കീർ സ്പോർട്സ്മാൻ സ്പിരിറ്റ് പ്രകടമാക്കിയത് നാട്ടുകാരിലും കൗതുകമുണർത്തി. ജയം അംഗീകരിക്കാനും തോൽവി ഉൾക്കൊണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്താനും പൊതുപ്രവർത്തകൻ സന്നദ്ധനാകണം എന്ന സന്ദേശം കൂടിയാണ് രണ്ടു പേരും സമൂഹത്തിനു നൽകിയത് എന്നും നാട്ടുകാർ പറയുന്നു. മിണ്ടിപ്പോയാൽ അടി വീഴുന്ന അവസ്ഥ പലയിടത്തും തുടരുമ്പോൾ പാർട്ടി പ്രവർത്തകർ തമ്മിൽ ശത്രുത വച്ചു പുലർത്താത്ത രസകരവും സമാധാനപരവുമായ ഇത്തരം പന്തയങ്ങൾ നടക്കുന്നത് പരസ്പരം സ്നേഹവും, രസകരവുമാവുമെന്നാണ് നാട്ടുകാരുടെയും അഭിപ്രായം.