LATEST

6/recent/ticker-posts

കോടതിക്ക് മുന്നില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും,കാമുകന്റെ സുഹൃത്തുക്കളും തമ്മില്‍ കൂട്ടത്തല്ല്

താമരശേരി: പെണ്‍കുട്ടിയുടെ ബന്ധുക്കളും,കാമുകന്റെ സുഹൃത്തുക്കളും  തമ്മില്‍ താമരശേരി കോടതിക്ക് മുന്നില്‍ കൂട്ടത്തല്ല്.


മുക്കം ചെറുവാടിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ താമരശേരി കോടതിയില്‍ ഹാജരാക്കി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നല്‍കി പുറത്തിറങ്ങിയപ്പോഴാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കോടതിക്ക് മുന്നില്‍ ഏറ്റുമുട്ടിയത്.

മുക്കം ചെറുവാടി സ്വദേശിനിയായ നിദ ഷെറിൻ (20) നെ കഴിഞ്ഞ നാലാം തീയതി രാത്രി 9.30 മുതല്‍ കാണാനില്ല എന്നു കാണിച്ച്‌ ബന്ധുക്കള്‍ മുക്കം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടർന്ന് ഇന്നലെ ശനിയാഴ്ച രാവിലെ പെണ്‍കുട്ടി കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. നടപടികള്‍ പൂർത്തീകരിച്ച്‌ പെണ്‍കുട്ടിയെ താമരശേരി കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം പോകാൻ കോടതി അനുമതി നല്‍കി.

എന്നാല്‍ നിക്കാഹ് നടത്തി തരാമെന്നും ഇപ്പോള്‍ തങ്ങള്‍ക്കൊപ്പം വരണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ കാറിനടുത്തേക്ക് കൊണ്ടുപോയി. അപ്പോള്‍ കാമുകനായ ഷാമില്‍ തടയാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ റോഡില്‍ കൂട്ടത്തല്ലായി. സംഘർഷത്തിനിടെ കാമുകന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ തങ്ങളുടെ കാറില്‍ കയറ്റി രക്ഷപ്പെട്ടു