കുംഭമേളയിലൂടെ ശ്രദ്ധേയയായ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം ശക്തമാക്കി മധ്യപ്രദേശ് പോലീസ്. പെൺകുട്ടിയുടെ മാതാപിതാക്കളെ കണ്ട് പോലീസ് സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. വിവാഹത്തിനായി വ്യാജ രേഖകൾ ചമച്ചെന്ന പരാതിയിൽ മഹേശ്വർ പോലീസ് തെളിവുകൾ ശേഖരിച്ചു വരികയാണ്.
കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കുന്നതിനായി പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണ പുരോഗതി ഉൾപ്പെടുത്തിക്കൊണ്ടുള്ള പൂർണ്ണമായ റിപ്പോർട്ട് ഈ മാസം 22-ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷന് സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. വിവാഹത്തിന് പിന്നിൽ നിയമവിരുദ്ധമായ ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.
പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു പെൺകുട്ടിയും ഫർമാൻ ഖാനും വിവാഹിതരായത്. ചടങ്ങിൽ സി.പി.എം നേതാക്കൾ പങ്കെടുത്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനിടെ, പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്‌സിന്റെ (NCST) റിപ്പോർട്ടിനെത്തുടർന്ന് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. വിഷയത്തിൽ കേരള, മധ്യപ്രദേശ് ഡി.ജി.പിമാരോട് ഏപ്രിൽ 22-ന് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്."