കോഴിക്കോട്: സ്വകാര്യ ബസുകളിൽ സീറ്റുകൾക്കിടയിൽ നിശ്ചിത അകലം പാലിക്കുന്നില്ലെന്നും അനുവദിച്ച സീറ്റുകളേക്കാൾ കൂടുതൽ സ്ഥാപിക്കുന്നതിനാൽ യാത്രക്കാരുടെ കാൽമുട്ടുകൾ സീറ്റുകൾക്കിടയിൽ കുടുങ്ങാറുണ്ടെന്നും ചൂണ്ടിക്കാട്ടി പേരാമ്പ്ര സ്വദേശി ടി.സി. വിജീഷ് നൽകിയ പരാതിയിൽ നടപടി സ്വീകരിച്ച് മനുഷ്യാവകാശ കമ്മിഷൻ.
സംസ്ഥാനത്ത് സർവീസ് നടത്തുന്ന എല്ലാ സ്റ്റേജ് കാരേജുകളിലേയും സീറ്റുകൾ തമ്മിൽ നിയമാനുസൃതമായ അകലമുണ്ടാകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി. ഇതിനാവശ്യമായ നിർദേശം എല്ലാ ആർ.ടി.ഒമാർക്കും ട്രാൻസ്പോർട്ട് കമ്മിഷണർ നൽകണമെന്നും ഉത്തരവിൽ പറയുന്നു"