വയനാട്: മുണ്ടക്കൈ ഉരുൾ പൊട്ടൽ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിർമിച്ചുനല്‍കിയ ആദ്യഘട്ട വീടുകളില്‍ 25 മുതല്‍ 30 വരെ തീയതികളില്‍ കുടുംബങ്ങൾ വീടുകളിൽ താമസം തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു
"മുട്ടില്‍-മേപ്പാടി സംസ്ഥാന പാതയോട് ചേര്‍ന്നാണ് പ്രോജക്ട് സൈറ്റ്. 8 സെന്റില്‍ 1060 സ്ക്വയർ ഫീറ്റില്‍ മൂന്ന് ബെഡ്റൂം, രണ്ട് ബാത്ത്റൂം, അടുക്കള, ഡൈനിങ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട്, ബ്രിക്സ് പാകിയ മുറ്റം, മുന്‍വശത്ത് ഏഴ് മീറ്റര്‍ വീതിയില്‍ ടൈല്‍ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുമായാണ് വീടുകള്‍ കൈമാറിയത്. കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കിയിട്ടുണ്ട്."
ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് തൃക്കൈപ്പറ്റയിലെ പദ്ധതിപ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രവേശനം ഉണ്ടാകില്ലെന്ന് പുനരധിവാസ പദ്ധതിക്കായി രൂപവത്കരിച്ച ഉപസമിതി അംഗവും മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറിയുമായ ടി. മുഹമ്മദ് അറിയിച്ചു. പുനരധിവാസത്തിന്റെ ഭാഗമായ 105 വീടുകളില്‍ 51 വീടുകളുടെ സമര്‍പ്പണം ഫെബ്രുവരി 28ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചിരുന്നു. എന്നാല്‍, വിദ്യാര്‍ഥികളുടെ പരീക്ഷകള്‍, പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങൾ മൂലം കുടുംബങ്ങൾ താമസിക്കാൻ വൈകി. നിലവിൽ സൗകര്യപ്രദമായ സമയമായതിനാലാണ് ഈ ദിവസങ്ങളിൽ താമസം തുടങ്ങാൻ തീരുമാനിച്ചത്. വീട്ടുകാരുടെ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചടങ്ങിന്റെ സ്വകാര്യത പ്രധാനപ്പെട്ടതായതിനാലാണ് പ്രവേശനം പരിമിതപ്പെടുത്തിയതെന്ന് നേതാക്കൾ അറിയിച്ചു."