വയനാട് പുനരധിവാസം വൈകാൻ കാരണം സർക്കാരിനെ വിശ്വസിച്ചു പോയതാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ഇതൊരു പുണ്യപ്രവൃത്തിയാണ് അതിന് പ്രതിഫലം ലഭിക്കും. ഒരുപാട് സഹായങ്ങള്‍ ഞങ്ങള്‍ ചെയ്തുവരുന്നു.
വീടിന് ആവശ്യമായ ഫർണിച്ചർ, ഒരുമാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെ നല്‍കി.ദുരന്തബാധിതർക്ക് മുസ്‌ലിം ലീഗ് നിർമിച്ച 51 വീടുകളില്‍ ഇന്ന് ഗൃഹപ്രവേശനം നടത്തുന്നതോടനുബന്ധിച്ച് ഫേസ്ബുക്കില്‍ വിഡിയോ പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഭൂമി കിട്ടും എന്നുള്ള വിശ്വാസത്തില്‍ കോണ്‍ഗ്രസും ഞങ്ങളും കാത്തിരുന്നു. അങ്ങനെയാണ് ഇത്ര കാലതാമസമെടുത്തത് . കോണ്‍ഗ്രസിനെ കുറ്റം പറയാൻ പറ്റില്ല, അവർ സർക്കാരിനെ വിശ്വസിച്ചു പോയി. അതാണ് വൈകാൻ കാരണം. അവർക്ക് കർണാടകയില്‍നിന്നുള്ള സോഴ്സസ് മുഴുവൻ സർക്കാർ പദ്ധതിയിലേക്ക് കൊടുത്തില്ലേ.
കോണ്‍ഗ്രസിന് ചെറിയ താമസം വന്നു. പക്ഷേ, സർക്കാരിൻ്റെ പദ്ധതി അനന്തമായി പോവുകയാണെന്ന് അവരും തിരിച്ചറിഞ്ഞു. ഇതാണ് ഉണ്ടായത്. അവിടെ ദുരന്തം നേരിട്ട് ബാധിച്ചവർ മാത്രമല്ല, അതിൻ്റെ അനുബന്ധമായി കഷ്ടത അനുഭവിക്കുന്ന ഒരുപാട് ആളുകളും ഉണ്ട്. അവർക്ക് കോണ്‍ഗ്രസിൻ്റെ പദ്ധതി വളരെയധികം പ്രയോജനപ്പെടും എന്നാണ് എന്റെ അഭിപ്രായം' -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രവർത്തകരുടെതടക്കം ആത്മാർത്ഥമായ സപ്പോർട്ട് ആണ് ഈ കാര്യത്തില്‍ ഹെല്‍പ് ചെയ്തത്. പാണക്കാട് കുടുംബത്തിന്റെ ഇന്റഗ്രിറ്റി കാത്തുസൂക്ഷിച്ചു പോകുന്നവരാണ് പാർട്ടി. അതുകൊണ്ട് പറഞ്ഞ വാക്ക് പാലിക്കണം. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങള്‍ ജാതിമത ഭേദമന്യ കൊണ്ടുപോവുക എന്നത് ഞങ്ങളുടെ പ്രിൻസിപ്പിള്‍ ആണ്.
കേരളത്തില്‍ പല കാര്യങ്ങളിലും വിമർശനം വരും. പക്ഷേ, നമ്മള്‍ സത്യസന്ധത പാലിച്ചാല്‍ പിന്നെ പ്രശ്നമില്ല. ഇതുവരെ 51 വീട് പൂർത്തിയാക്കി. ഒരുപാട് സന്നദ്ധ സംഘടനകള്‍ അവിടെ വീട് കൊടുത്തിട്ടുണ്ട്. അതൊക്കെ ഒന്നും രണ്ടും ഒക്കെയാണ്. ഇത്രയധികം ഒന്നിച്ച് നല്‍കാൻ സാധിച്ചത് വളരെയധികം സന്തോഷമായി. 105 വീടാണ് ഞങ്ങളുടെ ലക്ഷ്യം. ബാക്കിയുള്ളവയുടെ പണി വേഗം പൂർത്തിയാക്കും.
വീട് നിർമ്മിച്ച് നല്‍കുക മാത്രമല്ല ചെയ്തത്. ആ വീടുകളില്‍ ആവശ്യമായ ഫർണിച്ചർ, ഒരു മാസത്തേക്കുള്ള ഭക്ഷ്യകിറ്റ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കാരണം, ഈ കുടുംബങ്ങളൊക്കെ വളരെ ബുദ്ധിമുട്ടിലാണ്. വാടക വീടുകളില്‍ എല്ലാവരുടെയും സപ്പോർട്ടിലായിരുന്നു ജീവിതം. ജില്ല കമ്മിറ്റി, സംസ്ഥാന ഭാരവാഹികള്‍, കരാറുകാർ, ആർക്കിടെക്റ്റ് തുടങ്ങി എല്ലാവരും ആത്മാർഥമായി അവരെ ഏല്‍പിച്ച ജോലി ചെയ്തു. ഒന്നിലും ഒരു കോംപ്രമൈസും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു