ദുബായ് ∙ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലും ജീവിതവും നൽകി, സുരക്ഷിതത്വത്തിന്റെ പര്യായമായി നിലകൊള്ളുന്ന യുഎഇക്ക് മേൽ ഇറാൻ-ഇസ്രയേൽ സംഘർഷം വലിയൊരു ചോദ്യചിഹ്നമായി ഉയർന്നുനിൽക്കുന്നു. വിസ്മയകരമായ വികസനം കൈവരിച്ച ഈ മരുഭൂമിയിലെ രാജ്യം, ഇപ്പോൾ മറ്റൊരു വലിയ പരീക്ഷണ ഘട്ടത്തിലാണ്. ഇരുനൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ളവർ ഒത്തൊരുമയോടെ കഴിയുന്ന, വിനോദസഞ്ചാരികളുടെയും ബിസിനസുകാരുടെയും പ്രധാന കേന്ദ്രമായ യുഎഇയെ ഈ പുതിയ സംഘർഷം എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.
ഈ സംഘർഷം ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ഉപജീവനമാർഗത്തെയാണ്. വിമാന സർവീസുകൾ മുടങ്ങിയതോടെ റമസാൻ കാലയളവിൽ നാട്ടിലേക്ക് മടങ്ങാൻ കാത്തിരുന്ന ആയിരക്കണക്കിന് പ്രവാസികൾ വിമാനത്താവളങ്ങളിലും മറ്റുമായി കുടുങ്ങി. സംഘർഷം നീണ്ടുനിന്നാൽ പലർക്കും ജോലി നഷ്ടപ്പെടാനും വരുമാനം കുറയാനും സാധ്യതയുണ്ട്, ഇത് പ്രവാസി കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറയെത്തന്നെ ബാധിക്കും
പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കലിനെയും ഈ സാഹചര്യം ദോഷകരമായി ബാധിക്കും. ജോലി നഷ്ടപ്പെടുകയോ വരുമാനം കുറയുകയോ ചെയ്താൽ അത് കേരളത്തിലെ പല കുടുംബങ്ങളെയും സാമ്പത്തികമായി തളർത്തും. പ്രവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കുന്നത് കുറയുകയും ചെയ്യും.പ്രവാസികൾ സാമ്പത്തിക അച്ചടക്കം പാലിക്കണം
ഗൾഫ് മേഖലയിലെ നിലവിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ, പ്രവാസികൾ സർക്കാർ നിർദേശങ്ങൾ പാലിച്ച് അതീവ ജാഗ്രതയോടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യണം
ഇറാൻ-ഇസ്രയേൽ സംഘർഷം മൂലം രാജ്യാന്തര വിപണിയിൽ സ്വർണവിലയും ക്രൂഡ് ഓയിൽ വിലയും കുതിച്ചുയരാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യയിലും മധ്യപൂർവേഷ്യയിലുമുള്ള ഏഷ്യൻ ഓഹരി വിപണികളെ പ്രതികൂലമായി ബാധിച്ചേക്കും. യു.എ.ഇക്ക് പുറമെ ഖത്തർ, സൗദി, ബഹ്റൈൻ,ഒമാനടക്കമുളള രാജ്യങ്ങളിൽ ഉള്ള ലക്ഷക്കണക്കിന് മലയാളികൾ ഒരു തിരിച്ചു വരവ് നടത്തേണ്ട അവസ്ഥ യിലേക്ക് കാര്യങ്ങൾ എത്തുന്നത് കോവിഡ് കാലത്തേക്കാൾ ഭയനകരമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.