LATEST

6/recent/ticker-posts

"ചീരോകക്കഞ്ഞിയുടെയും,ചക്കര പുകല യുടെയും മണമുള്ള നോമ്പുകാലം.-പി.കെ.സി ചോയിമഠം

*നവൈത്തു സൗമ അദിൻ അൻ അദാഇ ഫർദി റമദാന ലില്ലാഹി തആലാ..*

റമദാനിലെ ഫർദായ നോമ്പ് നാളെ അല്ലാഹുവിനുവേണ്ടി ഞാൻ അനുഷ്ഠിക്കുന്നുവെന്ന് നിയ്യത്ത്  മൊയ്തീൻ മുസ്‌ലിയാർ  തറാവീഹ് കഴിഞ്ഞു ചൊല്ലി ത്തരുമ്പോൾ നോമ്പ് നോക്കാത്ത ഞങ്ങളുടെ വായിൽനിന്ന് വലിയ ഒച്ച യിലുള്ള നിയ്യത്ത് വെക്കലായിരുന്നു,... 







പിന്നെ പള്ളിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതോടെ
"*അലൽ മുസ്തഫന്നബീ സലാ......സല്ലിയലാ മുഹമ്മദിൻ വ അലാ ആലി......*"
ചൊയ്യാടം പള്ളിയിൽ നിന്നും കലന്തൻ ക്കായിയുടെ ഉച്ചത്തിലുളള സലാം കൊടുക്കൽ അതിനേക്കാൾ വലിയ ശബ്ദത്തിൽ ഞങൾ കുട്ടികൾ ഏറ്റു ചൊല്ലി പള്ളിയിൽ നിന്നും പിരിഞ്ഞു വീട്ടിൽ എത്തുമ്പോഴേക്കും തുറന്നു വെച്ച മുഹമ്മദ് ച്ച്യാപ്പ യുടെ പീടികയിൽ നിന്നും ഓരോ രുത്തരും പുലർച്ചെ യുള്ള അത്തായച്ചോറിന് അകമ്പടിയായി കുഴച്ച് തിന്നാൻ കുറേശ്ശെ മൈസൂർ പഴം വാങ്ങി പോവുന്ന തിനിടയിൽ ഞങൾ കുട്ടികൾ വായിൽ വെള്ളം നിറച്ച് നോക്കി നിൽക്കുന്ന കാഴ്ച വർഷങ്ങൾ ക്ക് ഇപ്പുറം മനസിൽ ഇന്നും മായാതെ നിൽക്കുന്നു, മറ്റൊരു നോമ്പുകാലം....







 ഇന്ന് ആർഭാട ഞങ്ങളുടെയും പൊങ്ങച്ചത്തിന്റെയും കാര്യമാണെങ്കിൽ അന്ന് തഖ്വയുടെയും, വിശ്വാസത്തിൻ്റെ യും എളിമയുടെ യുമായിരുന്നു ഓരോ വിശ്വാസിയുടെയും റമളാൻ മാസം.ഇന്നത്തെ പോലെ ഡയിനിഗ് ടേബിൾ നിറയേ യുള്ള വിഭവങ്ങളോ,അതി കുളിർമ്മ നൽകാൻ ശീതള പാനീയങ്ങളോ അന്നത്തെ മഹാഭൂരിപക്ഷം വീടുകളിൽ  സ്വപ്ന ത്തിൽ പോലുമില്ലായിരുന്നു.ഇന്ന് വൈകുന്നേരം നോമ്പ് തുറക്കാൻ നേരം  ഓൺലൈൻ ഫുഡ് ഡെലിവറി ബോയിയുടെ വരവിനായി പെണ്ണുങ്ങളും,കുട്ട്യോളും അക്ഷമരായി കാത്തു നിൽക്കുന്നത് കാണുമ്പോൾ ഇന്നുള്ള വർ എത്ര ഭാഗ്യവാന്മാർ എന്നു തോന്നാറുണ്ട്.









 നോമ്പ് തുറക്കാൻ ഉള്ള പരിമിതമായതും, ലളിതമായ യുമായ വിഭവങ്ങൾ,(അങ്ങനെ പറയാൻ പറ്റാത്ത) ഒരുക്കാൻ ഉമ്മ മാരും പെങ്ങന്മാരും,കാർണോത്തികളും ളുഹ്റ് നിസ്കാരം കഴിഞ്ഞ ഉടനെ തന്നെ അടുക്കളയിൽ കയറുന്നു.പിന്നെ അടുപ്പ് കല്ലുമായി ഒരു തരം യുദ്ധം തന്നെ യാണ്, പ്രത്യേകിച്ച് മഴക്കാലത്ത്.തണുത്തകിടക്കുന്ന വിറക്,ഓലക്കണ്ണി(ഉണങ്ങിയ തെങ്ങോല) അടുപ്പിൽ തള്ളി നിറച്ചു തീപ്പെട്ടി ഉരച്ച് തീ പകരാൻ ഏറേ നേരം യുദ്ധം ചെയ്യുന്നതാണ് കാണുക.ഏറെ ശ്രമത്തിൽ അവസാനം ഓലക്കണ്ണി യിൽ തീ പിടിച്ചു ആളിക്കത്തി യാലുളള ഒരു ശ്വാസം വിടലുണ്ട് ഉമ്മമാർക്ക്....ഹാഹൂ കത്തിയല്ലോ...., പിന്നെ പള്ളിയിൽ നിന്നും മ അരിബ് ബാങ്ക് വിളിക്കുന്നത് വരേയും പണിയൊട് പണി.... കുറച്ചു പത്തിരി, കൂടുതൽ പൂള,മീൻ മുളക് വെള്ളം എന്ന മീൻ കറി, ഒരു  നുള്ള് അവിൽ ഇട്ട് പഴം കലക്കി യത് ഇതോടെ നോമ്പ് വിഭവങ്ങൾ പൂർണമാവും, അല്ല നോമ്പ് കാലത്ത് മാത്രം ഉള്ള  ഒരു വി.ഐ.പി വിഭവം കൂടിയുണ്ട്,അതേ, അവനാണ് താരം.....ജീരകക്കഞ്ഞി....വൗ,ഇവനില്ലെങ്കിൽ എന്ത് നോമ്പ്, അത്രയും വി.ഐ.പി റേഞ്ച്,







 ഇന്നത്തെ മന്തി,സവായ തുടങ്ങിയ വയേക്കാൾ വി വി.ഐ.പി ജീരകക്കഞ്ഞി... നോമ്പ് തുറക്കാൻ ബാങ്കിന് പുറമെ കതിന വെടിയും ഉണ്ടാകും, പലപ്പോഴും നനഞ്ഞ കതിന പൊട്ടാൻ താമസമെടുക്കുന്നതിൽ വല്യമ്മ മാരൊക്കെ കതിന പൊട്ടുന്നത് വരേ കാത്തിരിക്കും.സമയമായി എന്ന് ഉറപ്പിച്ചു കഴിഞ്ഞാലേ നോമ്പ് തുറക്കാൻ പച്ച വെള്ളം, ചില വീടുകളിൽ ഉണങ്ങിയ കാരക്ക എന്നിവ തരികയുള്ളൂ, അതിന് മുമ്പ് ഞങ്ങൾക്ക് ധൃതി ആയി നോമ്പ് തുറക്കുന്നത് തടയാനായിരുന്നു ഈ ബ്രേക്ക് സിസ്റ്റം.







പിന്നെ  ആർത്തിയോടെ അടുക്കളയിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങും.എല്ലായിടത്തും പലയിൽ (ചെറിയ ഉയരം കുറഞ്ഞ സ്റ്റൂൾ) ഇരുന്നാണ് ഭക്ഷണം കഴിച്ചു വരുന്നത്.വലിയ മുതലാളി മാരുടെ വീടുകളിൽ മാത്രമായിരുന്നു ഡയിനിഗ് ടേബിൾ എന്ന വസ്തു.ചുരുക്കം ചില വീടുകളിൽ ബെഞ്ച്, സ്റ്റൂൾ ഉണ്ടാവും..... നോമ്പ് തുറന്ന് ഉടനെ പള്ളിയിലേക്ക് ഓടും, നമസ്കാരം അല്ല മുഖ്യം,ആരുംകാണാതെ കൂട്ടുകാർ  വാങ്ങി യ ചക്കര പൊകല ബീഡി വലിക്കാൻ....ഇറാൻ്റെ മിസൈൽ വേഗത്തിൽ നമസ്കരിച്ചു ഒറ്റ വിടൽ.കുയ്യണ്ണിൽ തങ്ങളുടെ പുഴം കുണ്ടത്തിലേക്ക്, തങ്ങൾ പുഴയിലേക്ക് ഇറങ്ങാനും പ്രയോഗിച്ചു വരുന്ന പടവുകൾ... അതാണ് ഞങ്ങളുടെ സ്മോക്കിങ് പ്ലേസ്.വെളിച്ചമില്ലായ്മയായിരുന്നു അവിടെ യുള്ള ഏറ്റവും വലിയ അനുഗ്രഹം.... ദൂരെ നിന്ന് നടന്നു വരുന്ന വർക്ക് ഇരുട്ടിൽ തിളങ്ങുന്ന ചെറിയ തീ നാളങ്ങളേ പലപ്പോഴും ചെകുത്താൻ മാർ ആയിരുന്നു, പ്രത്യേകിച്ച് നമ്പൂതിരി മാരുടെ കുളിക്കടവായ ഒറുങ്കുണ്ട്....







പകൽ 
നാട്ടുവഴികളിലെ പഴയ പെട്ടിക്കടകൾ അന്ന് റമദാനെ വരവേൽക്കുന്നത് മിഠായി ഭരണികളിലൊന്നിൽ നിറച്ചുവെച്ച കാരക്കകളിലൂടെയായിരുന്നു. അന്നത്തെ നോമ്പുതുറയുടെ വിഭവങ്ങൾ ലളിതമായിരുന്നുവെങ്കിലും ആ രുചി മറ്റൊന്നിനുമില്ല. ആ ചില്ലുഭരണികളിലെ കാരക്കയും തണുത്ത വെള്ളത്തിൽ പിഴിഞ്ഞൊഴിച്ച ചെറുനാരങ്ങാനീരും ചേരുമ്പോൾ കിട്ടുന്ന ഒരു ആശ്വാസമുണ്ടല്ലോ അത് കേവലം ദാഹശമനമായിരുന്നില്ല, വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും മധുരമായിരുന്നു. അടുക്കളയിൽനിന്ന് വീടിന്റെ ഉമ്മറം വരെ പടരുന്ന ജീരകക്കഞ്ഞിയുടെ ആ വശ്യമായ ഗന്ധം അതായിരുന്നു ബാല്യത്തിലെ ഓരോ നോമ്പുകാലത്തിന്റെയും വരവറിയിച്ചിരുന്നത്.










 മേത്തലെ ഉമ്മച്ചി യുടെ 'നോമ്പ് സ്പെഷൽ' വിഭവങ്ങളിൽ ഇന്നും മനസ്സിനെ കൊതിപ്പിക്കുന്നത് ചീരോ കഞ്ഞി (ആ ജീരകക്കഞ്ഞി)യുടെ മായാത്ത രുചിയാണ്."അവിടെ  ഉമ്മച്ചി യുടെ സ്വന്തക്കാരായ കച്ചിളിക്കാലയിൽ മ്മാമ, അവരുടെ സഹോദരി കളായ കല്യാണി മാമ,ജാനുമാമ(ഞങ്ങൾക്ക് അവരുടെ പേര് ആണ് അത്), പിന്നെ ചെറിയച്ച്യാപ്പയുടെ ശങ്കരൻ, ഭാസ്കരേട്ടൻ,വാപിച്ചിയുടെ സ്വന്തം കാർണാടിഏട്ടൻ, കാവുള്ള പറമ്പിൽ കൃഷ്ണൻ കുട്ടി നായർ, തോട്ടത്തിൽ പെണ്ണ് എന്ന് ഉമ്മച്ചിയുടെ കമ്പനി ജാനു..... അങ്ങനെ കുറേപ്പേർ.... അവരെല്ലാം ഉമ്മച്ചിയെ വിളിച്ച് വന്നത് മേത്തേർമ്മ
എന്നായിരുന്നു . ഉളളവർ എല്ലാവരും കൂടി ഒന്നായി തന്നെ യാണ് ഭക്ഷണം കഴിക്കാൻഇരിക്കുന്നത്,സൗകര്യമനുസരിച്ച് പലസ്ഥലങ്ങളിൽ...



ഇന്ന് എത്ര മാത്രം ഭക്ഷണം മാറിയാലും... അവരെല്ലാം ഇന്ന് നമ്മോടൊപ്പം ഇല്ല ല്ലോ എന്ന ഒരു ആന്തൽ ഈ നോമ്പ് കാലത്ത് തേട്ടി വരുന്നത് എനിക്ക് മാത്രമല്ല ല്ലോ എന്ന് അറിയാം, ഇത്തരം ഓരോ ഓർമ്മകൾ ഓരോ രുത്തരുടെയും മനസിൽ ആയിരം ചിറകുകൾ വിരിച്ച് പുറത്തു വരുന്നത് ഈ റമളാനിൽ ഉൾക്കണ്ണിൽ നമുക്ക് കാണാൻ കഴിയുന്നല്ലോ....