മംഗളൂരു:കാലികൾ ക്കൊപ്പം"തൊഴുത്തിൽ ഉണ്ടുറങ്ങിയ 65കാരനെ പൊലീസെത്തി മോചിപ്പിച്ചു,‘യജമാനത്തി അറസ്റ്റിലായി.
കാലികൾക്കൊപ്പം ജോലി ചെയ്തും തൊഴുത്തിൽ ഉണ്ടുറങ്ങിയും യൗവനം ഹോമിച്ച പ്രാക്തന ഗോത്ര വർഗ്ഗക്കാരനായ കൊറഗനാണ് വാർധക്യത്തിൽ അടിമപ്പണിയിൽ നിന്ന് മോചനം നേടാനായത്.ഉഡുപ്പി ജില്ലയിൽ കുന്താപുരം താലൂക്കിൽ കന്യാന ഗ്രാമത്തിൽ ഹെമ്മാഡിയിലെ രജനി ഷെട്ടിയുടെ(60) വീട്ടിൽ നിന്നാണ് നാഗയെ(65) പൊലീസ് മോചിപ്പിച്ചത്. രജനിയെ കുന്താപുരം റൂറൽ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.
കന്യാന ഗ്രാമത്തിൽ താമസിക്കുന്ന നാഗയെ ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഷാനപ്പ ഷെട്ടി എന്നറിയപ്പെടുന്ന സുബ്ബണ്ണ ഷെട്ടിയുടെ ഹെമ്മാഡിയിലെ വീട്ടിലേക്ക് കൊണ്ടുവന്നതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു.
സുബ്ബണ്ണ ഷെട്ടിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകൾ രജനി ഷെട്ടിയും മരുമകൻ കരുണാകര ഷെട്ടിയും തങ്ങൾക്ക് കൈമാറിക്കിട്ടിയ പൈതൃക അവകാശമായി അടിമവേല ആചാരം തുടരുകയായിരുന്നു.കന്നുകാലികളെ പരിപാലിക്കുക, വയലുകൾ കൈകാര്യം ചെയ്യുക, വീടും ശൗച്യാലയങ്ങളും വൃത്തിയാക്കുക തുടങ്ങി ഓരോ ദിവസവും വിശ്രമം നൽകാതെ ജോലി ചെയ്യിച്ചു. കൂലി ഒന്നും നൽകിയുമില്ല. കാലിത്തൊഴുത്തിൽ ഇലയിട്ടാണ് ആഹാരം കൊടുത്തത്.