LATEST

6/recent/ticker-posts

രാജ്യത്ത് കഴുതകളുടെ എണ്ണം കുറയുന്നു; കഴുത ഫാം തുടങ്ങാൻ കേന്ദ്രസർക്കാർ 50 ലക്ഷം രൂപ വരെ സബ്സിഡി നൽകും; ഇപ്പോൾ അപേക്ഷിക്കാം.

കഴുത, കുതിര, ഒട്ടകം എന്നിവയുടെ വളർത്തലിനും വംശവർധനവിനും പ്രോത്സാഹനം നൽകാൻ കേന്ദ്രസർക്കാർ പുതിയ സാമ്പത്തിക സഹായ പദ്ധതിയുമായി രംഗത്ത്. നാഷണൽ ലൈവ്‌സ്റ്റോക്ക് മിഷൻ (NLM) പദ്ധതിയുടെ ഭാഗമായി വ്യക്തികൾക്ക് മൃഗസംരക്ഷണത്തിനായി പരമാവധി 50 ലക്ഷം രൂപവരെ സബ്‌സിഡി ലഭ്യമാക്കും. അതേസമയം ഇവയുടെ ബ്രീഡിംഗ് ഫാമുകളോ ബീജ കേന്ദ്രങ്ങളോ സ്ഥാപിക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് 10 കോടി രൂപവരെ സഹായം അനുവദിക്കും.







രാജ്യത്ത് മൃഗങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു

കഴിഞ്ഞ വർഷങ്ങളിലായി രാജ്യത്ത് കഴുത, കുതിര, ഒട്ടകം എന്നിവയുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് കഴുതകളുടെ എണ്ണത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012 മുതൽ ഏകദേശം 60 ശതമാനം വരെ കുറവാണ് ഉണ്ടായത്.






2019ലെ മൃഗസംഖ്യാ സർവേ പ്രകാരം ഇന്ത്യയിൽ 1.23 ലക്ഷം കഴുതകൾ മാത്രമാണ് നിലവിൽ ഉള്ളത്. മുമ്പ് കൃഷി ജോലികൾക്കും ഇഷ്ടിക, മണൽ തുടങ്ങിയ ഭാരം ചുമക്കുന്നതിനും കഴുതകളെ വ്യാപകമായി ഉപയോഗിച്ചിരുന്നുവെങ്കിലും യന്ത്രവത്കരണത്തിന്റെ വളർച്ചയോടെ അവയുടെ ഉപയോഗം കുറഞ്ഞു.




ഇപ്പോൾ പ്രധാനമായും ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കഴുതകളെ കൂടുതലായി കാണപ്പെടുന്നത്.







കഴുതപ്പാലിനും പ്രോത്സാഹനം

കഴുതപ്പാലിനും അതിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും വിപണി സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളിൽ കഴുതപ്പാൽ ഉൾപ്പെടുത്തുന്നതിന് എഫ്എസ്എസ്എഐയുടെ (FSSAI) അനുമതി തേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.







നാഷണൽ ലൈവ്‌സ്റ്റോക്ക് മിഷൻ ലക്ഷ്യം

ദേശീയതലത്തിൽ തദ്ദേശീയ മൃഗഇനങ്ങളെ സംരക്ഷിക്കുകയും പാൽ, മാംസം, കമ്പിളി, കാലിത്തീറ്റ എന്നിവയുടെ ഉൽപാദനം വർധിപ്പിക്കുകയും ചെയ്യുന്നതാണ് നാഷണൽ ലൈവ്‌സ്റ്റോക്ക് മിഷന്റെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി കഴുത, കുതിര, ഒട്ടകം വളർത്തുന്ന കർഷകർക്കായി പ്രത്യേക സബ്‌സിഡി സംവിധാനവും ആരംഭിച്ചിട്ടുണ്ട്. പദ്ധതിപ്രകാരം അപേക്ഷിക്കുന്നവർക്ക് പദ്ധതിയുടെ ആകെ ചെലവിന്റെ 50 ശതമാനം വരെ സബ്‌സിഡിയായി ലഭിക്കും.







പദ്ധതിയുടെ പ്രധാന നിബന്ധനകൾ

കഴുത വളർത്തൽ യൂണിറ്റിന് കുറഞ്ഞത് 50 പെൺ കഴുതകളും 5 ആൺ കഴുതകളും വേണം.
കുതിര വളർത്തലിന് 10 പെൺ കുതിരകളും 2 ആൺ കുതിരകളും നിർബന്ധമാണ്.
ഒട്ടക വളർത്തലിന് യൂണിറ്റിന്റെ വലുപ്പത്തിന് അനുസരിച്ച് 3 ലക്ഷം മുതൽ 50 ലക്ഷം രൂപവരെ സബ്‌സിഡി ലഭിക്കും.
ഈ പദ്ധതി നാടൻ ഇനങ്ങളിലുള്ള മൃഗങ്ങൾക്ക് മാത്രം ബാധകമാണ്.
സബ്‌സിഡി രണ്ട് ഗഡുക്കളായി നൽകും.







അപേക്ഷിക്കേണ്ടത് എങ്നെ
പദ്ധതിയുടെ ​ഗുണഭോക്താക്കളാകാൻ ആഗ്രഹിക്കുന്നവർ nlm.udyamimitra.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷ അംഗീകരിച്ച ശേഷം ബാങ്ക് വായ്പയെടുത്ത് പദ്ധതി ആരംഭിക്കാം. പിന്നീട് സബ്‌സിഡി നേരിട്ട് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. സർക്കാർ നിർദേശിക്കുന്ന യൂണിറ്റ് വലുപ്പവും പദ്ധതിയുടെ മാർഗനിർദേശങ്ങളും പാലിച്ചാലേ സബ്‌സിഡി ലഭ്യമാകൂ.