കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് മരിച്ചവരുടെ എണ്ണം നാലായി. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സൺഷെയ്ഡ് സ്ലാബാണ് തകർന്ന് വീണത്. സ്ലാബുകൾക്കിടയിൽ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. സംഭവത്തിൽ ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
രാവിലെ 11.45 ഓടെയായിരുന്നു അപകടം. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ സൺഷൈഡ് സ്ലാബ് തകർന്ന് വീഴുകയായിരുന്നു. ചുമട്ടിറക്കി കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കിണാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശികളായ അഷ്റഫ്, ബഷീർ, തിരുവങ്ങൂർ സ്വദേശി വിനോദ് എന്നിവരാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.