സോഷ്യല്‍ മീഡിയയില്‍ കാണുന്ന ആകർഷകമായ തൊഴില്‍ വാഗ്ദാനങ്ങളോ വരുമാന ഉറപ്പുകളോ വിശ്വസിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കുന്പോഴൂം ഇതാ പുതിയ ഒരു തട്ടിപ്പ്, അതും കേന്ദ്ര സർക്കാരിൻ്റെ പേരിൽ...
വീട്ടിലിരുന്ന് ജോലി ചെയ്താല്‍ സ്ത്രീകള്‍ക്ക് മാസം 25,000 രൂപ ശമ്പളം നല്‍കുന്ന 'മഹിളാ വർക്ക് ഫ്രം ഹോം യോജന 2026', തൊഴിലില്ലാത്തവർക്ക് സാമ്പത്തിക സഹായം നല്‍കുന്ന 'ബേറോജ്ഗാരി ഭത്താ യോജന 2026' തുടങ്ങിയ പദ്ധതികള്‍ കേന്ദ്ര സർക്കാർ നടപ്പാക്കുന്നുണ്ടോ?
കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ സ്ത്രീകള്‍ക്കും തൊഴില്‍രഹിതരായ യുവാക്കള്‍ക്കുമായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് വരുമാനം നേടാൻ 'വർക്ക് ഫ്രം ഹോം' പദ്ധതിയും, തൊഴിലില്ലാത്തവർക്ക് സാമ്പത്തിക സഹായം നല്‍കുന്ന മറ്റൊരു പദ്ധതിയും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നുണ്ടെന്ന് വ്യാപകമായി പ്രചാരണം നടക്കുന്നു. ഈ പദ്ധതികള്‍ യഥാർത്ഥത്തില്‍ നിലവിലുണ്ടോയെന്ന് പലർക്കും സംശയമുണ്ട്. ഈ സംശയങ്ങള്‍ക്ക് മറുപടിയുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) ഫാക്‌ട് ചെക്ക് വിഭാഗം രംഗത്തെത്തി.
കേന്ദ്ര സർക്കാർ 'മഹിളാ വർക്ക് ഫ്രം ഹോം യോജന 2026' എന്ന പേരില്‍ ഒരു പദ്ധതി തുടങ്ങിയെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. ഈ പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്ത് മാസം 25,000 രൂപ ശമ്പളം നേടാമെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലായി. ചില സോഷ്യല്‍ മീഡിയ ചാനലുകള്‍ ഈ പദ്ധതിക്ക് എങ്ങനെ ഓണ്‍ലൈനായി അപേക്ഷിക്കാമെന്നും പറയുന്നുണ്ട്. എന്നാല്‍, ഈ പ്രചാരണം പൂർണ്ണമായും വ്യാജമാണെന്ന് സർക്കാർ ഫാക്‌ട്-ചെക്ക് വിഭാഗം കണ്ടെത്തി. ഇങ്ങനെയൊരു പദ്ധതി നിലവിലില്ലെന്നും അവർ വ്യക്തമാക്കി.പിഐബി ഫാക്‌ട് ചെക്ക് അനുസരിച്ച്, 'Buddhsen92TechOfficial' എന്ന യൂട്യൂബ് ചാനലാണ് 'മഹിളാ വർക്ക് ഫ്രം ഹോം യോജന 2026' എന്ന പേരിലുള്ള വ്യാജ പ്രചാരണത്തിന് പിന്നില്‍. സർക്കാർ പദ്ധതിയുടെ പേരില്‍ സ്ത്രീകള്‍ക്ക് എല്ലാ മാസവും സ്ഥിരവരുമാനം ലഭിക്കുമെന്ന നുണയാണ് ഈ ചാനല്‍ പ്രചരിപ്പിച്ചത്. ഈ വീഡിയോയും അതിലെ അവകാശവാദങ്ങളും പൂർണ്ണമായും വ്യാജമാണെന്നും സർക്കാരുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.
തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നല്‍കുന്നുവെന്ന മറ്റൊരു വ്യാജ പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. 'ബേറോജ്ഗാരി ഭത്താ യോജന 2026' പ്രകാരം കേന്ദ്രം മാസം 2500 രൂപ തൊഴിലില്ലായ്മ വേതനം നല്‍കുന്നുണ്ടെന്നും അർഹരായവർ അപേക്ഷിക്കണമെന്നുമാണ് പ്രചാരണം. ഇതും 'Buddhsen92TechOfficial' എന്ന യൂട്യൂബ് ചാനലിന്റെ പ്രചാരണമാണെന്ന് പിഐബി ഫാക്‌ട് ചെക്ക് കണ്ടെത്തി. ഇത്തരമൊരു പദ്ധതി നിലവിലില്ലെന്നും അവർ വ്യക്തമാക്കി
സോഷ്യല്‍ മീഡിയയില്‍ കാണുന്ന ആകർഷകമായ തൊഴില്‍ വാഗ്ദാനങ്ങളോ വരുമാന ഉറപ്പുകളോ വിശ്വസിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു. തട്ടിപ്പുകാർ പലപ്പോഴും സർക്കാർ പേരുകളും ലോഗോകളും ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കാറുണ്ട്. അതിനാല്‍, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കുക. സംശയകരമായ വാർത്തകളോ വീഡിയോകളോ ശ്രദ്ധയില്‍പ്പെട്ടാല്‍, പിഐബി ഫാക്‌ട് ചെക്കിന് നേരിട്ട് അയക്കാം. വാട്സ്‌ആപ്പ് നമ്പറായ +91 8799711259 വഴിയോ factcheck@pib.gov.in എന്ന ഇ-മെയില്‍ വഴിയോ വിവരങ്ങള്‍ പരിശോധിപ്പിക്കാം.
ഓണ്‍ലൈൻ തട്ടിപ്പുകള്‍ ഒഴിവാക്കാൻ ജാഗ്രത അത്യാവശ്യമാണെന്നും അധികൃതർ പറയുന്നു.ഈ വ്യാജ വർക്ക് ഫ്രം ഹോം, തൊഴിലില്ലായ്മ വേതന പദ്ധതികള്‍ തെറ്റായ വിവരങ്ങള്‍ എത്ര വേഗത്തില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു എന്നതിൻ്റെ ഉദാഹരണമാണ്. ഇത്തരം ഉള്ളടക്കങ്ങള്‍ വിശ്വസിക്കുന്നതിനോ പങ്കുവെക്കുന്നതിനോ മുമ്പ്, വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് വസ്തുതകള്‍ പരിശോധിക്കണമെന്ന് അധികൃതർ ജനങ്ങളോട് നിർദ്ദേശിക്കുന്നു