LATEST

6/recent/ticker-posts

ഭോപ്പാല്‍ നഗരസഭ അറവുശാലയില്‍ 25 ടണ്‍ പശുമാംസം കണ്ടെത്തിയത് വിവാദത്തില്‍

ഭോപ്പാല്‍: ഉത്തരേന്ത്യൻ നഗരങ്ങളില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ ന്യൂനപക്ഷങ്ങള്‍ക്കും ദലിതർക്കും നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിനിടെ, ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ നഗരസഭയുടെ കീഴിലുള്ള അറവുശാലയില്‍ നിന്ന് 25ടൺ പശുമാംസം പിടികൂടിയത് വലിയ വിവാദമായി.

ഭോപ്പാല്‍ മുൻസിപ്പല്‍ കോർപ്പറേഷന്റെ (ബിഎംസി) നിയന്ത്രണത്തിലുള്ള ജിൻസിയിലെ അത്യാധുനിക അറവുശാലയില്‍ നിന്നാണ് 25 ടണിലേറെ പശുമാംസം കണ്ടെത്തിയത്.

സംഭവം വിവാദമായതോടെ ബിഎംസി വെറ്ററിനറി മേധാവി ഡോ. ബേനി പ്രസാദ് ഗൗറിനെ സസ്പെൻഡ് ചെയ്തു. അറവുശാലയിലെ എട്ട് ജീവനക്കാർക്കെതിരെയും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബർ 17നാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഭോപ്പാലിലെ ജഹാംഗീരാബാദില്‍ 25 ടണ്‍ മാംസം കയറ്റിയ ട്രക്ക് ഹിന്ദുത്വ സംഘടനകള്‍ തടഞ്ഞുവെച്ചിരുന്നു. ഇത് പശു ഇറച്ചിയാണെന്ന് അവർ ആരോപിച്ചെങ്കിലും, ഇത് പോത്തിറച്ചിയാണെന്നായിരുന്നു ഡോ. ബേനി പ്രസാദ് ഗൗറിന്റെ സാക്ഷ്യപത്രം. എന്നാല്‍, മഥുരയിലെ വെറ്ററിനറി കോളേജില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ട്രക്കിലുണ്ടായിരുന്നത് പശു ഇറച്ചിയാണെന്ന് സ്ഥിരീകരിച്ചു.

പോത്തിറച്ചിക്ക് മാത്രം അനുമതിയുള്ള നഗരസഭയുടെ അറവുശാലയില്‍ നിയമവിരുദ്ധമായി ഗോഹത്യ നടന്നു എന്ന് വ്യക്തമായതോടെ ഈ മാസം ഒമ്പതിന് അറവുശാല സീല്‍ ചെയ്തു.പിടികൂടിയ പശുമാംസം മുംബൈ, ചെന്നൈ വഴി യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനായിരുന്നു പദ്ധതിയെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബീഫ് കയറ്റുമതി രാജ്യമായ ഇന്ത്യ, പ്രതിവർഷം 34,177 കോടി രൂപയാണ് ഈ മേഖലയില്‍ നിന്ന് വരുമാനം നേടുന്നത്. മിഡില്‍ ഈസ്റ്റിലേക്കും തെക്കുകിഴക്കൻ ഏഷ്യയിലേക്കുമാണ് പ്രധാനമായും ഇന്ത്യയില്‍ നിന്ന് മാംസം കയറ്റുമതി ചെയ്യുന്നത്. ഇത്തരം വൻകിട മാംസ വ്യാപാരത്തിന് പിന്നില്‍ പലയിടത്തും ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആക്ഷേപം ഈ സംഭവത്തോടെ വീണ്ടും ചർച്ചയാകുകയാണ്.

ഗോഹത്യ നിരോധിച്ച സംസ്ഥാനത്ത് ബിജെപി ഭരണത്തിന് കീഴില്‍ തന്നെ പശുമാംസ വ്യാപാരം നടന്നത് പ്രതിപക്ഷം ആയുധമാക്കിയിരിക്കുകയാണ്. ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നഗരസഭാ ഭരണസമിതി രാജിവയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇതിനിടെ, കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മുസ്ലിം ഫെസ്റ്റിവല്‍ കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തെത്തി.