LATEST

6/recent/ticker-posts

നമ്മുടെ ഭാരം ചുമടു താങ്ങിയിൽ ഇറക്കി വെക്കുക

ഒരിടത്ത് വളരെ സന്തോഷമായും   സ്വസ്ഥമായും ജീവിച്ച ഒരു കുടുംബം  ഉണ്ടായിരുന്നു. അവർ  ധനികരായിരുന്നില്ല. വെറും സാധാരണക്കാർ. ഒരു ദിവസം ഭാര്യ ഭർത്താവിൻ്റെ  വളരെ അസാധാരണമായ ഒരു കാര്യം ശ്രദ്ധിച്ചു. അദ്ദേഹം ജോലി കഴിഞ്ഞു  വൈകിട്ട് വീട്ടിലേക്ക് പ്രവേശിക്കുന്നതിനു മുൻപ്  സമീപത്തുള്ള ഒരു ചെറിയ വൃക്ഷത്തിൽ കൈകൾ വച്ചുകൊണ്ട്  കുറെ നേരം നിശ്ശബ്ദനായി നിന്ന ശേഷമാണ്   വീട്ടിലേക്കു പ്രവേശിച്ചത്. അന്ന് അവൾ അത് കാര്യമാക്കിയില്ല. എന്നാൽ വീണ്ടും അങ്ങനെ കണ്ടപ്പോൾ അവൾ ഭർത്താവിനോട് ചോദിച്ചു: "എന്തുകൊണ്ടാണ് താങ്കൾ എല്ലാ ദിവസവും വൃക്ഷത്തിൽ കൈവച്ചുകൊണ്ട്  കുറേസമയം മൗനമായി നിൽക്കുന്നത്....?"  അദ്ദേഹം പറഞ്ഞു: ജോലി സംബന്ധമായി പല വിധ പ്രശ്നങ്ങളുണ്ട്. അവയെല്ലാം ഞാൻ വീട്ടിലേക്ക് കൊണ്ടുവന്നാൽ നമ്മുടെ വീട് നരകമാകും. അതുകൊണ്ട് വൈകിട്ട് വരുമ്പോൾ അവയെല്ലാം ഞാൻ ആ വൃക്ഷത്തിലേക്ക് വയ്ക്കും. പിറ്റേദിവസം രാവിലെ ജോലിക്ക് പോകുമ്പോൾ  ഞാനത് അവിടെ നിന്ന് എടുക്കാൻ ശ്രമിക്കും. പക്ഷേ അപ്പോഴേക്കും ആ പ്രശ്നങ്ങളെല്ലാം  നിസ്സാരങ്ങൾ ആയി കഴിഞ്ഞിരിക്കും." അതുകൊണ്ടാണ് നമുക്ക് സന്തോഷമായി ജീവിക്കുവാൻ കഴിയുന്നത്...!!

         ജീവിതത്തിൽ പ്രശ്നങ്ങളില്ലാത്തത് ആർക്കാണ്...? ചിലർക്ക് പല പ്രശ്നങ്ങളും വളരെ ഭാരമുള്ളതായിരിക്കും. അതെ, ചെറിയ ഒരു ചുമടെങ്കിൽ പോലും ദിവസം മുഴുവനും തലയിൽ വെച്ചുകൊണ്ട് നടന്നാൽ അതിന് എത്ര വലിയ ഭാരമായിരിക്കും...!! മുൻകാലങ്ങളിൽ വാഹനങ്ങൾ ഇല്ലാതിരുന്നപ്പോൾ മനുഷ്യർ ചുമടുകൾ തലയിൽ വെച്ചു കൊണ്ടായിരുന്നു ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോയിരുന്നത്.  അതുകൊണ്ട് ഇടയ്ക്കിടെ ചുമടുകൾ താഴ്ത്തി വെച്ച് വിശ്രമിക്കേണ്ടി വരുമായിരുന്നു. അങ്ങനെ ചുമടുകൾ താഴ്ത്തി വയ്ക്കുന്നതിന്  പലസ്ഥലങ്ങളിലും അത്താണികൾ (ചുമടുതാങ്ങികൾ) ഉണ്ടായിരുന്നു. 

ഭാരങ്ങൾ വഹിക്കുന്നവർക്ക് അത് താഴ്ത്തി വയ്ക്കേണ്ടത്  അനിവാര്യമായ കാര്യമാണ്. പക്ഷേ എവിടെയാണ് അത് താഴ്ത്തി വയ്ക്കുക...? അതിന് പറ്റിയ ഒരു ഇടം വേണം. എല്ലാ ഭാരങ്ങളും വൃക്ഷത്തിൽ കൈവെച്ചു നിന്നതു കൊണ്ട് ഇറക്കി വെക്കുവാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ അങ്ങനെ ഇറക്കിവയ്ക്കാൻ കഴിയുമെങ്കിൽ അടുത്ത ദിവസത്തേക്ക് അത് വളരെ ലഘുവായി തീരും. അത്താണിയിൽ (ചുമടു താങ്ങിയിൽ )ഇറക്കി വെച്ചിട്ട് കുറച്ചു സമയം കഴിഞ്ഞ് എടുക്കുമ്പോൾ  ഇറക്കി വയ്ക്കുമ്പോഴത്തെ ഭാരം അതിനുണ്ടാവില്ല. ജീവിതത്തിലെ ഭാരങ്ങൾ ചുമലിൽ നിന്ന് ഇറക്കി വയ്ക്കുവാൻ കഴിയുന്നത് ഒരു വലിയ ഭാഗ്യമാണ്. അതിന് പറ്റിയ ഒരു വൃക്ഷം അല്ലെങ്കിൽ അത്താണി (ചുമടുതാങ്ങി )നമ്മുടെ സമീപമുണ്ട്. അതാണ് സർവ്വശക്തനായ ദൈവം. ജീവിത ഭാരങ്ങൾ  ദൈവത്തിൽ സമർപ്പിക്കാൻ കഴിഞ്ഞാൽ  അവ വളരെ ലഘുവായി തീരും. പക്ഷേ, അങ്ങനെ ചെയ്യുവാൻ മനസ്സില്ലാതെ തനിയെ ചുമക്കുവാനാണ് പലരും ശ്രമിക്കുന്നത്. അതാണ് പ്രശ്നങ്ങൾ ഭാരമുള്ളവയാകുവാൻ കാരണം. ജീവിത പ്രശ്നങ്ങളെ ദൈവത്തിൽ സമർപ്പിച്ച്  ശാന്തമായി ജീവിക്കാൻ നമുക്ക് സാധ്യമായി തീരട്ടെ