Sunday, December 28, 2025

രാത്രി ഏഴിന് സൈറൺ; സ്‌ക്രീനുകൾ അണയും പിന്നെ കുട്ടികൾ പുസ്തകത്തിലേക്ക്...

ബെംഗളൂരു: കർണാടകയിലെ ഈ ഗ്രാമത്തിൽ രാത്രി ഏഴുമണിയാകുമ്പോൾ ഒരു സൈറൺ മുഴങ്ങും. വീടുകളിൽ ടിവിയും മൊബൈൽ ഫോണും ഓഫാകും. കുട്ടികൾ പുസ്തകങ്ങളിലേക്ക് കടക്കും. ശ്രദ്ധതിരിയാനുള്ള സാഹചര്യങ്ങൾ ഒഴിവാകുന്നതോടെ പഠനം അവർക്ക് കൂടുതൽ എളുപ്പമാകും. മുതിർന്നവർ ടിവിയും മൊബൈൽ ഫോണും ഓണാക്കാതെ കുട്ടികൾക്ക് തുണയാകും. രാത്രി ഒൻപതിന് അടുത്ത സൈറൺ മുഴങ്ങുന്നതുവരെ ഇത് തുടരും.


ബെളഗാവി ടൗണിൽനിന്ന്‌ പത്ത് കിലോമീറ്റർ അകലെയുള്ള ഹലഗാ ഗ്രാമത്തിലാണ് നാട്ടുകാർ കുട്ടികളുടെ പഠനത്തിനായി ദിവസവും രണ്ടുമണിക്കൂർ ‘ഡിജിറ്റൽ ഡിറ്റോക്‌സി(മുക്തി)’ലാകുന്നത്. ഗ്രാമത്തിലെ വാർഡ് പ്രതിനിധികൂടിയായ പഞ്ചായത്ത് അധ്യക്ഷ ലക്ഷ്മി ഗജപതിയുടെ നേതൃത്വത്തിലാണ് ജനകീയകൂട്ടായ്മയിൽ പദ്ധതി നടപ്പാക്കുന്നത്. ഗ്രാമവാസികളുടെ യോഗം വിളിച്ചുചേർത്ത് ചർച്ചനടത്തി ദിവസം രണ്ടുമണിക്കൂർ സ്‌ക്രീനിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനമെടുക്കുകയായിരുന്നെന്ന് ലക്ഷ്മി ‘മാതൃഭൂമി’യോട് പറഞ്ഞു. ഈ മാസം 17-ന് ആദ്യസൈറൺ മുഴങ്ങിയതോടെ തുടക്കംകുറിച്ചു. മുഴുവൻ കുടുംബങ്ങളും പദ്ധതിയുമായി സഹകരിക്കുന്നുണ്ടെന്നും പഠനത്തിൽ കുട്ടികൾ കൂടുതൽ ആവേശത്തിലായെന്നും അവർ പറഞ്ഞു. മുതിർന്നവർക്ക് കുട്ടികളുടെ പഠനത്തിന് സാഹചര്യമൊരുക്കുന്നതിനൊപ്പം സ്‌ക്രീനുകളിൽനിന്നു കുറച്ചുനേരം വിട്ടുനിന്ന് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ സമയം കണ്ടെത്തുകയും ഈ ഉദ്യമം ലക്ഷ്യമിടുന്നുണ്ട്."രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമത്തിൽ രണ്ട് സ്‌കൂളുകളും 11 അങ്കണവാടികളുമാണുള്ളത്. കുട്ടികളുടെ പഠനനിലവാരം വർധിപ്പിക്കാനുള്ള മാർഗം തേടിയപ്പോഴാണ് ഡിജിറ്റൽ ഡിറ്റോക്‌സ് പദ്ധതിയിലേക്കെത്തിയതെന്ന് ലക്ഷ്മി രാജ പറഞ്ഞു. 2022-ൽ മഹാരാഷ്ട്രയിലെ ഒരു ഗ്രാമം സമാനമായ പദ്ധതി നടപ്പാക്കിയിരുന്നു. ഇതിന്റെ മാതൃക സ്വീകരിക്കുകയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുസമീപം സൈറൺ യൂണിറ്റ് സ്ഥാപിച്ച് പദ്ധതിക്ക് തുടക്കംകുറിച്ചു. 12,000 പേരാണ് ഹലഗ ഗ്രാമത്തിൽ താമസിക്കുന്നത്. 500 വിദ്യാർഥികളുണ്ട്."
 കടപ്പാട് സുനിൽ തിരുവമ്പാടി"മാതൃഭൂമി 
 .

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...