താമരശ്ശേരി: താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ്‌കട്ട് കോഴി മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയായ സാഹചര്യത്തില്‍ ഈ പ്രദേശത്തെ ജനങ്ങള്‍ നേരിടുന്നത് ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നമാണെന്ന നിലയില്‍ സര്‍ക്കാര്‍ വിഷയത്തില്‍ അതീവ ഗൗരവത്തോടെ ഇടപെടണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ ആവശ്യപ്പെട്ടു. ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടി പോരാടുന്ന ജനങ്ങള്‍ നടത്തുന്ന ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടുമായ അഡ്വ. ബിജു കണ്ണന്തറ നടത്തുന്ന നീരാഹാര സമര പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഒരു നാടിനെ ഒന്നടങ്കം ദുരിതത്തിലാക്കിയും വെല്ലുവിളിച്ചും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ഉദ്യോഗസ്ഥരും-പോലീസും ഒത്താശ ചെയ്യുന്നു എന്നത് അംഗീകരിക്കാനാവില്ല. ഇത്തരം ഉദ്യോഗസ്ഥരെ കണ്ടെത്തി നിലക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. പിറന്ന മണ്ണില്‍ ജീവിക്കാന്‍ വേണ്ടി ഒരു നാട് ഒന്നടങ്കം സമരം ചെയ്യുകയാണ്. ഇത് കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ ആരുടെ പക്ഷത്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മൗലികാവകാശ സംരക്ഷണത്തിനായി പോരാടുന്ന ജനതയെ വര്‍ഗ്ഗീയവാദികളാക്കി ചിത്രീകരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇത് സര്‍ക്കാറിന്റെ അറിവോടെയാണ്. പാവപ്പെട്ട ജനങ്ങളുടെ വേദന കേള്‍ക്കാന്‍ ഈ സര്‍ക്കാറിന് സാധിക്കുന്നില്ല. കോര്‍പ്പറേറ്റുകളോട് മാത്രമേ ഈ സര്‍ക്കാറിന് താല്‍പ്പര്യമുള്ളൂ. ഫ്രഷ്‌കട്ട് വിഷയത്തില്‍ സര്‍ക്കാറിന്റെ മൗനം വ്യക്തമാക്കുന്നത് ഇതാണെന്നും കള്ളക്കേസുകള്‍ കൊണ്ടും പീഡനങ്ങള്‍ കൊണ്ടും ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടുന്ന ജനതയെ നിശബ്ദമാക്കാമെന്ന് ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment