കഴിഞ്ഞ ദിവസം മുംബൈയിലെ ബോറിവലി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തിലക് ദുബെ എന്നയാള്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് നമ്മുടെ ചിന്താഗതികള്‍ എല്ലാം മാറ്റിമറിയ്ക്കുകയാണ്. സ്ത്രീ കൾ എപ്പോഴും എന്തെങ്കിലും ഒരു കാരണം കൊണ്ട് കരയാറുണ്ട്,എന്നാൽപുരുഷന്മാർ കരയാറില്ല എന്നാണല്ലോ ചൊല്ല്.ഇതിന് വിരുദ്ധ മായി
വൈകാരികമായ ഒരു അനുഭവം പങ്കുവെക്കുകയായിരുന്നു തിലക്. പുരുഷന്മാരും പലപ്പോഴും നിശബ്ദമായി കരയുമെന്നും അവര്‍ക്കും പരിഗണനയും പിന്തുണയും ആവശ്യമാണെന്നും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ട്രെയിനില്‍ കയറാന്‍ കഴിയാത്തതിനെ തുടര്‍ന്ന് തിലക് ആളൊഴിഞ്ഞ പ്ലാറ്റ്‌ഫോമില്‍ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് തല കുനിച്ച്, കണ്ണുകള്‍ നിറഞ്ഞിരിക്കുന്ന ഒരു യുവാവിലേക്ക് ശ്രദ്ധ തിരിഞ്ഞത്.
അയാള്‍ ഉറക്കെ കരയുകയായിരുന്നില്ല, പക്ഷേ എന്തോ ഒരു വലിയ ദുഃഖത്തോട് മല്ലിടുകയാണെന്ന് തിലകിന് തോന്നി. തിലക് അദ്ദേഹത്തെ സമീപിക്കുകയും നിങ്ങള്‍ ഓക്കെയാണോ എന്ന് ചോദിക്കുകയും ചെയ്തു. മറുപടിയായി, ആ അപരിചിതന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു 'വെറുതെ ഓര്‍മ്മ വന്നു പോയതാണ്... ചോദിച്ചതിന് നന്ദി'. ഒരു നിമിഷത്തിനു ശേഷം ട്രെയിനിനു വേണ്ടിയല്ലാതെ മറ്റെന്തോ ഒന്നിനായി കാത്തിരിക്കുന്നത് പോലെ അദ്ദേഹം ട്രാക്കുകളിലേക്ക് കണ്ണും നട്ട് വീണ്ടും നിശബ്ദനായി. 'വേദനയുടെ ഏകഭാഷയായി നിശബ്ദത മാറുന്നു' എന്ന് തിലക് തന്റെ പോസ്റ്റില്‍ കുറിച്ചു. വികാരങ്ങള്‍ പ്രകടിപ്പിച്ചാല്‍ വിധിക്കപ്പെടുമോ എന്ന ഭയം കാരണം പുരുഷന്മാര്‍ എങ്ങനെയാണ് വിഷമങ്ങള്‍ അടക്കിപ്പിടിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ഈ കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ മനുഷ്യന് സമാധാനവും സന്തോഷവും ലഭിക്കട്ടെയെന്ന് തിലക് ദുബെ ആശംസിച്ചു.
പോസ്റ്റ് വൈറലായതോടെ ആയിരക്കണക്കിന് ആളുകളാണ് ദുബെയുടെ പോസ്റ്റിനോട് പ്രതികരിച്ചത്. മറ്റൊരാളുടെ വേദനയെ തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ അദ്ദേഹത്തെ പലരും അഭിനന്ദിച്ചു. പുരുഷന്മാര്‍ക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സമൂഹം ഇടം നല്‍കുന്നില്ലെന്ന് കമന്റുകള്‍ വന്നു. പുരുഷന്മാരുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കാണ് പോസ്റ്റ് വഴി വച്ചത്. തുറന്നുപറച്ചിലിന് കൊതിക്കുന്നവരും സഹാനുഭൂതി ആഗ്രഹിക്കുന്നവരും നമ്മുടെ ഇടയില്‍ ധാരാളം ഉണ്ടെന്ന് ഈ പോസ്റ്റ് വ്യക്തമാക്കുന്നു
No comments:
Post a Comment