സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന് ഇന്ന് തുടക്കമാകും. ബിഹാറിനുപിന്നാലെ കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലും തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനാണ്(എസ്ഐആര്‍)ഇന്ന് തുടക്കമാകുന്നത്.
ബൂത്തുതല ഓഫീസര്‍മാര്‍(ബിഎല്‍ഒ)വീടുകളില്‍ കയറി വോട്ടര്‍ പട്ടികയില്‍ പേരു ഉറപ്പിച്ചശേഷം എന്യൂമറേഷന്‍ ഫോറം കൈമാറും. വോട്ടര്‍ പട്ടികയിലുള്ളവര്‍ക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരുമാസത്തോളം നീളുന്ന നടപടിയാണ് ഇന്നു മുതല്‍ ആരംഭിക്കുന്നത്. പോര്‍ട്ടലില്‍ പേരുള്ള വിവിഐപിമാരുടെ വീടുകളില്‍ കളക്ടര്‍മാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തിയായിരിക്കും സര്‍വേ നടത്തുക. ഡ്യൂട്ടിയുടെ ഭാഗമാകുന്ന ബിഎല്‍ഒ മാര്‍ക്ക് ഒരു മാസം പൂര്‍ണമായും എസ്ഐആര്‍ ഡ്യൂട്ടിയായിരിക്കും.
വോട്ടര്‍മാര്‍ വിവരങ്ങള്‍ നല്‍കണം. എന്യൂമറേഷന്‍ പ്രക്രിയ ഡിസംബര്‍ നാലുവരെയാണ്. ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഒരുമാസം കരട് പട്ടികയ്ക്കുമേലുള്ള പരാതികള്‍ ബോധിപ്പിക്കാം. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 12 ഇടങ്ങളിലായി 51 കോടി വോട്ടര്‍മാരാണുള്ളത്. മൂന്നുമാസം നീളുന്ന വോട്ടര്‍പട്ടിക ശുദ്ധീകരണപ്രക്രിയ അടുത്തവര്‍ഷം ഫെബ്രുവരി ഏഴിന് പൂര്‍ത്തിയാകും. അതിനിടെ, ബിഹാര്‍ നിയമസഭാ വോട്ടെടുപ്പിന്റെ ആദ്യഘട്ടം മറ്റാന്നാള്‍ നടക്കാനിരിക്കെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അന്തിമ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന് ബാധ്യതയുണ്ടെന്ന് കോടതി കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു. വോട്ടര്‍പട്ടികയിലെ മാറ്റങ്ങള്‍ എഴുതി നല്‍കണമെന്നും കമീഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. വോട്ടെടുപ്പ് അടുത്തിരിക്കെ കോടതിയുടെ നിര്‍ദേശം നിര്‍ണായകമാവും. കേരളത്തിനുപുറമേ തമിഴ്നാട്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ സംസ്ഥാനങ്ങളിലും പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് എസ്ഐആര്‍. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ അടുത്തവര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് എസ്ഐആര്‍. ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടക്കേണ്ട അസമിനെ എസ്ഐആറില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. അസമിനായി പ്രത്യേകം ഉത്തരവിറക്കുമെന്നാണ് തിരഞ്ഞെടുപ്പുകമ്മിഷന്‍ അറിയിച്ചത്. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ അസമില്‍ പൗരത്വ പരിശോധനാപ്രക്രിയ നടന്നുവരുകയാണ്. അതേസമയം, വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ, പശ്ചിമബംഗാളില്‍ ഇന്ന് ശക്തമായ പ്രതിഷേധം നടക്കും. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ന് കൊല്‍ക്കത്തയില്‍ പ്രതിഷേധിക്കും.
No comments:
Post a Comment