താമരശ്ശേരി: ഫ്രഷ്‌കട്ട് സംഘർഷത്തിന്റെ പേരിലുള്ള രാപകൽ പോലീസ് റെയ്ഡിൽ പൊറുതിമുട്ടി താമരശ്ശേരി ഗ്രാമപ്പഞ്ചായത്തംഗം സംഷിദ ഷാഫിയുടെ മക്കൾ വീട് സൂചിപ്പിച്ച് അറിയിപ്പ് ബോർഡ് വെച്ച സംഭവം വൈറലായതിനുപിന്നാലെ, പോലീസിനെതിരേ വിമർശനവുമായി പോലീസുകാരൻ. പോലീസിലെ ക്രിമിനലുകളെക്കുറിച്ചും ആഭ്യന്തരവകുപ്പിലെ ഉന്നതരുടെ ഗുണ്ടാബന്ധത്തെക്കുറിച്ചും മുഖ്യമന്ത്രിക്ക് കത്തെഴുതിയതിന് സസ്പെൻഷനിലായ സീനിയർ സിവിൽ പോലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നാണ് സാമൂഹികമാധ്യമത്തിൽ പോസ്റ്റുമായി പോലീസിനെതിരേ രംഗത്തെത്തിയത്.
‘കേരളത്തിലെ ഏറ്റവുംശക്തമായ സംരക്ഷണകവചത്തിൽ, ഏറ്റവും സുരക്ഷിതമായ ഗ്രാമത്തിൽ, ഒരു മലയുടെ മുകളിലെ ഒളിത്താവളത്തിൽനിന്ന് കേരളം കണ്ടിട്ടുള്ള ഏറ്റവും ക്രൂരമായ രാഷ്ട്രീയകൊലപാതകങ്ങളിൽ ഒന്നിലെ പ്രതികളെ പിടിച്ച് ജയിലിലടച്ച കേരള പോലീസ്, വെണമെന്നുവെച്ചാൽ ഏത് വമ്പനെയും നിസ്സാരമായി പിടിക്കാമെന്ന് പലവട്ടം തെളിയിച്ചതാണെ’ന്ന് ഫേസ്ബുക്കിലിട്ട പോസ്റ്റിൽ ഉമേഷ് വള്ളിക്കുന്ന് അഭിപ്രായപ്പെട്ടു."
"‘ആ കേരളാപോലീസാണ് ഒരു ജനകീയസമരത്തിലെ സംഘർഷത്തിൽ പ്രതിചേർക്കപ്പെട്ടവരെ തിരഞ്ഞു രാവും പകലും വീടുകൾ കയറിയിറങ്ങി നാണംകെടുന്നത്! ആ പോലീസിനെയാണ് വീട്ടിലേക്കുള്ള വഴി എഴുതിവെച്ച്, അയൽക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് പിള്ളേരുവരെ ട്രോളുന്നത്! ആർക്കുവേണ്ടിയാണ് ഈ നാണംകെടൽ? ആരെയാണ് തോൽപ്പിക്കാൻ ശ്രമിക്കുന്നത്? എന്തിനാണ് സ്വന്തംവില കളയുന്നത്? ഒളിവിൽപ്പോയ നാട്ടുകാരും മെമ്പറുമൊന്നും കുറ്റവാളികളോ സമൂഹദ്രോഹികളോ അല്ല. കുടുംബത്തിനും വരുംതലമുറയ്ക്കും ശുദ്ധവായു ശ്വസിക്കുന്നതിനുവേണ്ടി സമരംചെയ്തവരാണ്. അധികാരികൾ പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോയ സമരത്തിനിടയിൽ ആരെങ്കിലും നുഴഞ്ഞുകയറി അക്രമം നടത്തിയിട്ടുണ്ടെങ്കിൽ അവരാരാണെന്ന് കണ്ടെത്തി, യഥാർഥ അക്രമികളെ പിടികൂടി നീതിനടപ്പാക്കണം എന്നുതന്നെയാണ് പറയാനുള്ളത്.’
‘രാവും പകലും കുടുംബത്ത് കയറിയിറങ്ങി കഴിഞ്ഞനൂറ്റാണ്ടിലെ പോലീസാകുന്നതല്ല, ഒളിവിലുള്ളവരെ ഒളിച്ചിരിക്കുന്നിടത്ത് പോയി പിടിച്ചുകൊണ്ടുവരുന്നതാണ് ഹീറോയിസ’മെന്ന് പറഞ്ഞാണ് എഫ്ബി പോസ്റ്റ് അവസാനിപ്പിക്കുന്നത്."