കിഴക്കന്‍ ഏറനാട്ടില്‍ ഹംസക്കയെ കുറിച്ച് കേള്‍ക്കാത്തവര്‍ വിളമായിരിയ്ക്കും. വെളുത്ത് തടിച്ച ദേഹം. മുറുക്കിയുടുത്ത ലുങ്കി. എപ്പോഴും ഷര്‍ട്ട് ധരിയ്ക്കാത്ത പ്രകൃതം. മുണ്ഡനം ചെയ്ത തലയില്‍ ചുറ്റിക്കെട്ടിയ വെളുത്ത തോര്‍ത്ത്. ക്രമരഹിതമായ പല്ലുകള്‍ പുറത്ത് കാട്ടി വെളുക്കെയുള്ള നിഷ്‌കളങ്കമായ ചിരി. 'സാക്ഷാല്‍ ഒരു മലപ്പുറം കാക്ക'. ഇതാണ് 'കംപ്യൂട്ടര്‍ ഹംസ'.
കരുവാരകുണ്ട് പഞ്ചായത്തില്‍ ചിറ ക്കല്‍-ചെമ്പന്‍കുന്ന് കോളനിയ്ക്ക് സമീപമാണ് ഹംസക്കയുൂടെ വീട്. കേള്‍ക്കുന്നതും, കാണുന്നതുമെല്ലാം അസാധാരണ ഓര്‍മ്മ ശക്തിയോടെ, തലച്ചോറില്‍ സൂക്ഷിച്ചിരുന്ന ഹംസക്ക ഒരു അത്ഭുത മനുഷ്യന്‍ തന്നെയാണെന്ന് വിശേഷിപ്പിക്കാനാകും. നാട്ടുകാര്‍ക്ക് പുറമെ, ടാക്സി-ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ബസ്സ് തൊഴിലാളികള്‍ക്കും എന്ന് വേണ്ട, വിദ്യാര്‍ഥികള്‍ക്ക് പോലും ഈ ഏറനാടന്‍ ഗ്രാമീണന്‍ സുപരിചിതനാണ്. റബ്ബര്‍ ടാപ്പിംഗായിരുന്നു ജോലി. 12 മണിയോടെ ടാപ്പിംഗ് ജോലി പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍, കരുവാരകുണ്ട് ചിറക്കലങ്ങാടിയില്‍ വായന ശാലയിലോ, ചായക്കടയിലോ ഹംസക്ക മിക്ക ദിവസങ്ങളിലുമുണ്ടാകും.
ഒരു തവണ വായിക്കുകയോ, കേള്‍ക്കുകയോ ചെയ്ത ഏത് കാര്യവും ഹംസക്കയുടെ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞ് പോകില്ല എന്നതാണ് ഇദ്ദേഹത്തിനുള്ള പ്രത്യേകത. 1993-ല്‍ കരുവാരകുണ്ടിലെ ശാസ്ത്ര-സാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ ജല്ലാ തലത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ ജേതാവായ ഹംസക്കയെക്കുറിച്ച് പരിഷത്തിന്റെ പ്രസിദ്ധീകരണത്തില്‍ വന്ന സചിത്ര വാര്‍ത്തയോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.
'വാരാദ്യ മാധ്യമ'ത്തിന് വേണ്ടി ഒരു റൈറ്റപ്പ് തയ്യാറാക്കുന്നതിനായി 1998-ലാണ് ഞാന്‍ ഹംസക്കയെ കാണുന്നത്. നാലാം ക്ലാസ് മാത്രമാണ് ഈ 'മലപ്പുറം കാക്ക' യുടെ വിദ്യാഭ്യാസം. പൊതു വിഷയങ്ങളിലുള്ള ഏത് തരം ചോദ്യങ്ങള്‍ക്കും നിമിഷാര്‍ദ്ധം കൊണ്ട് ശരിയുത്തരം പറയുന്ന ഹംസക്കയെ മറി കടക്കാന്‍ അഭ്യസ്ത വിദ്യര്‍ക്ക് പോലും കഴിഞ്ഞിരുന്നില്ല. ഹംസയുടെ അസാധാരണമായ കഴിവിനെ മാനിച്ച് നാട്ടുകാര്‍ കനിഞ്ഞരുളിയ പേരാണ് ''കംപ്യൂട്ടര്‍ ഹംസ.!'' എന്ന വിളിപ്പേര്. അദ്ദേഹത്തിന്റെ ചരമ വാര്‍ത്തയിലും കംപ്യൂട്ടര്‍ ഹംസ എന്നാണ് വ്യക്തമാക്കിയത്.
തന്നിലുള്ള അസാധാരണമായ ഓര്‍മ്മ ശക്തി, തന്റെ പ്രത്യേക സിദ്ധിയാണെന്നൊന്നും ഹംസക്ക അവകാശപ്പെട്ടിരുന്നില്ല. ബാല്യത്തില്‍ എവിടുന്നോ ലഭിച്ച വര്‍ത്തമാന പത്രത്തില്‍ ഗണിത ശാസ്ത്രജ്ഞനായ രാമാനുജനെക്കുറിച്ചുള്ള ഒരു കുറിപ്പ് വായിച്ചത് ഹംസയെ വല്ലാതെ സ്വാധീനിച്ചിരുന്നു. പിന്നീടങ്ങോട്ട് മലയാള ഭാഷയിലുള്ള എന്ത് കിട്ടിയാലും ഹംസ ശ്രദ്ധിച്ച് വായിക്കുമായിരുന്നു. റേഡിയോ പ്രോഗ്രാമുകള്‍ ശ്രവിക്കുന്നതും പിന്നീട് പതിവായി. ഒരിക്കല്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്ത കാര്യങ്ങള്‍ അല്‍പ്പം പോലും മറന്ന് പോകില്ല.
പൊതുവിജ്ഞാന മേഖലയില്‍ നിന്ന് സസൂഷ്മം തയ്യാറാക്കിയ 25 ചോദ്യങ്ങളില്‍ 22 എണ്ണത്തിനും ചിറക്കലങ്ങാടിയിലെ ചായക്കടയില്‍ പലരും നോക്കി നില്‍ക്കേ ശരിയുത്തരം നല്‍കിയ ഹംസക്ക ഒരു മറുചോദ്യം ലേഖകനോട് ഉന്നയിച്ചു.
'കേരളത്തിലെ ചിറാപ്പുഞ്ചി' ഏതാണെന്ന് താങ്കള്‍ക്കറിയാമോ.? അറിയില്ലെന്ന് മറുപടി നല്‍കിയതോടെ സ്വതഃസിദ്ധമായ പുഞ്ചിരിയോടെ ഹംസക്ക തന്നെ ഉത്തരം നല്‍കി.
അതെന്റെ നാട് 'കരുവാരകുണ്ട്' ആണെന്ന്.
പത്രങ്ങള്‍ ഒരു കോളവും വിടാതെ ഹംസക്ക വായിച്ച് തീര്‍ക്കും. രാഷ്ട്രീയത്തില്‍ ഒട്ടും താത്പ്പര്യമില്ലെങ്കിലും, വടക്കേ ഇന്ത്യന്‍ നേതാക്കളുള്‍പ്പടെയുള്ള ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളുടേയും, അവയുടെ നേതാക്കളുടേയും പേരുകള്‍ ഹംസക്കക്ക് ഹൃദിസ്തമാണ്. വിഷയം സ്‌പോര്‍ട്‌സാണെങ്കിലും ശരിയുത്തരം റെഡി. ചോദ്യകര്‍ത്താക്കളെ ഏറെ ഇഷ്ട പ്പെട്ടിരുന്ന ഹംസക്കയെ മുട്ടു കുത്തിക്കാന്‍ ശ്രമിച്ചവരെല്ലാം തോല്‍വി അംഗീകരിച്ച് പിന്തിരിയലായിരുന്നു പതിവ്.
ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയാല്‍ എല്ലാം തികഞ്ഞെന്ന് കരുതുന്ന ഇന്നിന്റെ മണ്ണില്‍, ഹംസക്ക വേറിട്ടാണ് ചുവട് വെച്ചത്. നാട്യങ്ങള്‍ ഏതുമില്ലാത്ത നാട്ടുമ്പുറത്തുകാരനായ പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. പരീക്ഷയെഴുതി സ്‌കൂള്‍ വിട്ട് പോകുന്ന കുട്ടികളെ വഴിമധ്യേ കണ്ടാല്‍ ഹംസക്ക ആരായും. എന്തൊക്കെയായിരുന്നു ചോദ്യങ്ങള്‍ എന്ന്. ചില ചോദ്യങ്ങള്‍ കുട്ടികള്‍ പറയും. ഹംസക്ക ശരിയുത്തരവും പറയും. അതോടെ കുട്ടികള്‍ അത്ഭുതം കൂറും.
വിജ്ഞാന ദാഹിയായിരുന്നു ഹംസക്ക. വായനയായിരുന്നു അദ്ദേഹത്തിന്റെ ബലഹീനത. നേട്ടങ്ങള്‍ കൊയ്യാനോ, കൊട്ടിഘോഷിക്കാനോ ആയിരുന്നില്ല അദ്ദേഹം വിജ്ഞാനം നേടിയത്. അദ്ദേഹത്തെ പോലെ മറ്റൊരാള്‍ എവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല. പക്ഷെ. കംപ്യൂട്ടര്‍ ഹംസ ഒരാളേ ഉള്ളൂ. അദ്ദേഹം നാഥനിലേക്ക് മടങ്ങി.
സര്‍വ്വശക്തനായ ദൈവം അദ്ദേഹത്തിന്റെ പരലോക ജീവിതം ധന്യമാക്കി അനുഗ്രഹിക്കട്ടേ.. എന്ന് പ്രാര്‍ത്ഥിക്കുന്നു
No comments:
Post a Comment