താമരശ്ശേരി : ഫ്രഷ് കട്ട് കമ്പനിക്കെതിരെ നടത്തിയ ജനകീയ സമരത്തിൻ്റെ പേരിൽ അന്യായമായി അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും സമരക്കാർക്കെതിരെയുള്ള മുഴുവൻ കേസുകളും പിൻവലിക്കണമെന്നും
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.
കമ്പനിയിൽ തീയിട്ടതിലെ ദുരൂഹത അന്വേഷിക്കണം. തീയിട്ടതിൽ അറസ്റ്റിലായ വ്യക്തിക്ക് സമര സമിതിയുമായി ബന്ധമില്ല.
സംഘർഷത്തിന്റെ പേരിൽ പോലീസ് പ്രദേശത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. രൂക്ഷമായ ദുർഗന്ധം കൊണ്ട് പ്രദേശത്ത് താമസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ . മലിനജലം പുഴയിലേക്കൊഴുക്കുന്നു ഉൾപ്പെടെയുള്ള ഗുരുതരമായ നിയമ ലംഘനമാണ് കമ്പനി നടത്തി ക്കൊണ്ടിരിക്കുന്നത്. നിയമം അനുശാസിക്കുന്ന വ്യവസ്ഥകൾ പൂർത്തിയാക്കുന്നത് വരെ കമ്പനി അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഘർഷത്തിന്റെ പേരിൽ പ്രദേശത്ത് പോലീസ് വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. രാത്രി സമയങ്ങളിൽ സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിൽ വരെ പോലീസ് കയറിയിറങ്ങി ജനങ്ങളെ ഭീതിയിലാക്കുകയാണ്.
പോലീസ് നടപടിക്കെതിരെ വെൽഫെയർ പാർട്ടി വ്യാഴാഴ്ച താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കരിമ്പാലക്കുന്ന് കോളനി പ്രദേശം സന്ദർശിച്ച് ജനങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം . വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി കെ മാധവൻ,
സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രിക കൊയിലാണ്ടി, ജില്ലാ സെക്രട്ടറി ഇ പി അൻവർ സാദത്ത് ,ജില്ലാ കമ്മിറ്റിയംഗം എൻപി ഇഖ്ബാൽ, കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് എംപി അബ്ദുറഹിമാൻ,എഫ് ഐ ടി യു ജില്ലാ സെക്രട്ടറി പി പി സൈനുൽ ആബിദ് എന്നിവർ കൂടെയുണ്ടായിരുന്നു.
No comments:
Post a Comment