Saturday, October 25, 2025

ഹാദിയ കേസ് പരാമര്‍ശിച്ച് യുപിയിലെ മതംമാറ്റ നിരോധന നിയമത്തിനെതിരേ സുപ്രിംകോടതി

ന്യൂഡൽഹി:വിശ്വാസ സ്വാതന്ത്ര്യം പരമപ്രധാനമെന്ന് ഹാദിയ കേസ് പരാമര്‍ശിച്ച് യുപിയിലെ മതംമാറ്റ നിരോധന നിയമത്തിനെതിരേ ആഞ്ഞടിച്ച് സുപ്രിംകോടതി. ഏകപക്ഷീയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഉത്തര്‍പ്രദേശിലെ മതംമാറ്റ നിരോധനനിയമത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് സുപ്രിംകോടതി പരാമർശം.മറ്റൊരു വിശ്വാസം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് യു.പിയിലെ മതംമാറ്റ നിയമം വളരെ ഭാരമുള്ളതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഏത് വിശ്വാസവും സ്വീകരിക്കാനുള്ള അവകാശം പരമപ്രധാനമാണെന്ന് കേരളത്തിലെ ഹാദിയ കേസ് പരാമര്‍ശിച്ചു കൊണ്ട് സുപ്രിം കോടതി നിരീക്ഷിച്ചു.
കേസ് പരിഗണിക്കവെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമത്തിലെ ചില വ്യവസ്ഥകളെക്കുറിച്ച് ജഡ്ജിമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് ആശങ്കയും രേഖപ്പെടുത്തി.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് ചിന്ത, ആവിഷ്‌കാരം, വിശ്വാസം, ആരാധന എന്നീ കാര്യങ്ങളില്‍ സ്വാതന്ത്ര്യമുണ്ടെന്നും ഈ സ്വാതന്ത്ര്യം രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെ അടിത്തറയാണെന്നും കോടതി വ്യക്തമാക്കി. ആളുകളെ ബലപ്രയോഗത്തിലൂടെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് അലഹബാദിലെ സാം ഹിഗ്ഗിന്‍ബോട്ടം യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ ടെക്നോളജി ആന്‍ഡ് സയന്‍സിലെ വൈസ് ചാന്‍സലര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരായ എഫ്.ഐ.ആറുകള്‍ റദ്ദാക്കിയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.


ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരം മതംമാറാന്‍ തീരുമാനിച്ചാല്‍ ആ വ്യക്തി ഇതേകുറിച്ച് ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ പോയി സത്യവാങ്മൂലം നല്‍കാന്‍ നിര്‍ബന്ധമാക്കിയത്, മതംമാറ്റമെന്ന പൗരന്റെ അവകാശത്തിന്‍മേലുള്ള ഭരണകൂട ഇടപെടലാണെന്ന് കോടതി നിരീക്ഷിച്ചു. ഓരോ മതപരിവര്‍ത്തന സംഭവങ്ങളിലും പൊലിസ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കാന്‍ ജില്ലാ മജിസ്ട്രേറ്റിന് ബാധ്യതയുണ്ടെന്ന വ്യവസ്ഥയിലും കോടതി സംശയം പ്രകടിപ്പിച്ചു.

മതപരിവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള വ്യവസ്ഥ സ്വകാര്യതയ്ക്കുള്ള മൗലികാവകാശം സംരക്ഷിക്കുന്ന സുപ്രിംകോടതിയുടെ തന്നെ നേരത്തെയുള്ള വിധിന്യായങ്ങള്‍ക്ക് അനുസൃതമാണോ എന്ന് കോടതി ആരാഞ്ഞു. മതപരിവര്‍ത്തന പ്രക്രിയയില്‍ ഭരണകൂടത്തിന്റെ പങ്കാളിത്തവും ഇടപെടലുകളും പ്രകടമാണ്. നിയമത്തിലെ ചില ഭാഗങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

യു.പിയിലെ നിയമം അനുസരിച്ച് മതം മാറാന്‍ ആഗ്രഹിക്കുന്ന വ്യക്തി 60 ദിവസം മുമ്പ് നിര്‍ദ്ദിഷ്ട അതോറിറ്റിക്ക് മുന്നില്‍ ബലപ്രയോഗമോ ബാഹ്യസ്വാധീനമോ പ്രലോഭനമോ ഇല്ലെന്ന് പ്രഖ്യാപിക്കണം. തുടര്‍ന്ന് അന്വേഷണം നടത്താന്‍ അതോറിറ്റി പൊലിസിന് നിര്‍ദ്ദേശം നല്‍കും. അധികൃതരെ അറിയിക്കാതെ മതംമാറിയാല്‍ മൂന്നുവര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്.


മൗലികാവകാശം സംബന്ധിച്ച ഭരണഘടനയുടെ 25ാം വകുപ്പില്‍ മനസ്സാക്ഷിയുടെ സ്വാതന്ത്ര്യവും അത് ലോകത്തിന് മുന്നില്‍ പ്രകടിപ്പിക്കാനുള്ള തെരഞ്ഞെടുപ്പും ഉള്‍പ്പെടെയുള്ള സ്വകാര്യത അവകാശങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് കെ.എസ് പുട്ടസ്വാമി വിധി ഉദ്ധരിച്ച് രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.

കേരളത്തിലെ ഹാദിയാ കേസും കോടതി ഓര്‍മിപ്പിച്ചു. മതം ആചരിക്കുന്നതിനും സ്വീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെങ്കിലും, വിവാഹ സമയത്ത് വിശ്വാസത്തിന്റെ തെരഞ്ഞെടുപ്പുകളില്‍ ഒരു വ്യക്തിയുടെ സ്വയംനിര്‍ണയാധികാരം പരമപ്രധാനമാണെന്ന് ഉറപ്പാക്കണമെന്ന് ഹാദിയാ കേസ് പരാമര്‍ശിച്ച് കോടതി പറഞ്ഞു. ഒരു പങ്കാളിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കാനോ അതില്‍ തീരുമാനമെടുക്കാനുള്ള കഴിവ് പരിമിതപ്പെടുത്തുന്നതിനോ പോലും ഭരണകൂടത്തെയും നിയമത്തെയും ഹാദിയാ കേസില്‍ വിലക്കിയ കാര്യവും കോടതി ഓര്‍മിപ്പിച്ചു.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...