Sunday, October 12, 2025

താടിയുള്ളവരേ ശ്രദ്ധിക്കുക! നായയുടെ രോമത്തേക്കാള്‍ ബാക്ടീരിയ നിങ്ങളുടെ താടിയില്‍ ഒളിച്ചിരിപ്പുണ്ടെന്ന് പഠനം

കട്ടത്താടി ട്രെൻഡായിട്ട് കാലം കുറച്ചായെങ്കിലും, താടി വളർത്തുന്നത് അത്ര സുരക്ഷിതമല്ലെന്ന റിപ്പോർട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.

താടി ബാക്ടീരിയകളുടെ ഒരു കേന്ദ്രമാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. നായ്ക്കളുടെ രോമത്തില്‍ കാണപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയകള്‍ മനുഷ്യൻ്റെ താടിയില്‍ ഉണ്ട് എന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്.

താടി സ്വതവേ വൃത്തിയില്ലാത്ത ഒന്നാണ് എന്നല്ല പഠനം അർത്ഥമാക്കുന്നത്. മറിച്ച്‌, ശരിയായ പരിചരണമില്ലെങ്കില്‍ ബാക്ടീരിയകള്‍ താടിയില്‍ വളരാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. യൂറോപ്യൻ റേഡിയോളജിയില്‍ പ്രസിദ്ധീകരിച്ച ഈ പഠനം നടത്തിയത് സ്വിറ്റ്സർലൻഡിലെ ഗവേഷകരാണ്.

താടിയും നായ്ക്കളുടെ രോമവും തമ്മിലുള്ള താരതമ്യ പഠനത്തിനായി, 18 താടിക്കാരായ പുരുഷന്മാരില്‍ നിന്നും 30 ഇനത്തില്‍പ്പെട്ട നായ്ക്കളില്‍ നിന്നും സാമ്ബിളുകള്‍ ശേഖരിച്ചു. താരതമ്യ പഠനത്തില്‍, നായ്ക്കളുടെ രോമത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയകള്‍ മനുഷ്യരുടെ താടിയില്‍ ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തി. കൂടാതെ, പരിശോധിച്ച പുരുഷന്മാരില്‍ രണ്ടുപേരില്‍ അപകടകാരികളായ എന്ററോകോക്കസ് ഫെകാലിസ്, സ്റ്റൈഫൈലോകോക്കസ് ഓറിയസ് എന്നീ ബാക്ടീരിയകളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.

താടി എങ്ങനെ ബാക്ടീരിയകളുടെ കേന്ദ്രമാകുന്നു

താടി, ബാക്ടീരിയകള്‍ക്ക് വളരാൻ പറ്റിയ ഒരന്തരീക്ഷം ഒരുക്കാൻ സാധ്യതയുണ്ട്. ഈർപ്പം, ചർമ്മകോശങ്ങള്‍, എണ്ണ, ഭക്ഷണാവശിഷ്ടങ്ങള്‍, വിയർപ്പ്, പൊടി തുടങ്ങിയവ താടിയില്‍ എളുപ്പത്തില്‍ തങ്ങിനില്‍ക്കും. കൃത്യമായ ശുചിത്വം പാലിച്ചില്ലെങ്കില്‍, ഇവ അടിഞ്ഞുകൂടി ബാക്ടീരിയകള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കും. പ്രത്യേകിച്ച്‌, വൃത്തി കുറഞ്ഞ വ്യക്തികളില്‍ ഇത് കൂടുതല്‍ അപകടം സൃഷ്ടിക്കാം.

കൂടാതെ, താടി സ്ഥിതി ചെയ്യുന്നത് മൂക്കിനും വായ്ക്കും സമീപമാണ്. ബാക്ടീരിയകള്‍ തങ്ങിനില്‍ക്കാനും കൈമാറ്റം ചെയ്യപ്പെടാനും സാധ്യത കൂടുതലുള്ള ഭാഗമാണിത്. താടി ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കില്ലെങ്കിലും, സെൻസിറ്റീവ് ചർമ്മമുള്ളവരില്‍ അസ്വസ്ഥത, മുഖസുഷിരങ്ങള്‍ അടഞ്ഞുപോവുക, മുഖത്തെ മുറിവുകളിലൂടെ ബാക്ടീരിയ പ്രവേശിക്കുന്നതുമൂലമുള്ള അണുബാധ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.

താടിയിലെ ബാക്ടീരിയകളെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗ്ഗം ശരിയായ ശുചിത്വം പാലിക്കുക എന്നതാണ്. താടി പരിപാലനത്തിനായി അല്‍പ്പം സമയവും ശ്രദ്ധയും നല്‍കുന്നത് ഗുണം ചെയ്യും.

. നിത്യേന കഴുകുക: ദിവസവും താടി കഴുകുക. താടിക്കായി പ്രത്യേകം നിർമ്മിച്ച ഷാമ്ബൂ ഉപയോഗിക്കാം. അമിതമായി കഴുകുന്നത് മുഖത്തെ ചർമ്മം വരളാൻ കാരണമാകും.

. ഓയില്‍ ഉപയോഗിക്കുക: താടിയില്‍ ബിയേർഡ് ഓയില്‍ ഉപയോഗിക്കുന്നത് രോമം മൃദുവായി നിലനിർത്താനും ചൊറിച്ചില്‍ തടയാനും സഹായിക്കും.

. എക്സ്ഫോളിയേഷൻ: ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാനും താടിയിലെ താരൻ തടയാനും സഹായിക്കും.

. കൃത്യമായ ശുചീകരണം: ഭക്ഷണം കഴിച്ചശേഷവും വിയർത്തശേഷവും പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ ചെലവഴിച്ചശേഷവും താടി നന്നായി കഴുകി വൃത്തിയാക്കാൻ ശ്രമിക്കണം.

. ഉപകരണങ്ങള്‍ വൃത്തിയാക്കുക: റേസർ, കത്രിക, ചീപ്പുകള്‍, ബിയേർഡ് ബ്രഷ് എന്നിവ നല്ലപോലെ വൃത്തിയാക്കി സൂക്ഷിക്കുക.

. ട്രിം ചെയ്യുക: കൃത്യമായ ഇടവേളകളില്‍ ട്രിം ചെയ്ത് താടി ആകൃതിയില്‍ നിലനിർത്തുന്നത് ബാക്ടീരിയകള്‍ക്ക് ഒളിച്ചിരിക്കാനുള്ള സാധ്യത കുറയ്ക്കും.
കടപ്പാട് 

No comments:

Post a Comment

"ഒരുമിച്ചു ഗോഥയിലിറങ്ങി മൂവർ സംഘം

കണ്ണൂർ:ഒരേ ക്ലാസിൽ പഠിക്കുന്ന, ഒരു മുറിയിൽ താമസിക്കുന്നമൂവർ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ എൽഎൽ...