വയനാട്:ഓണ്‍ലൈൻ പണത്തട്ടിപ്പുകേസില്‍ ബാങ്ക് അക്കൗണ്ട് എടുത്തുനല്‍കിയ വയനാട് കണിയാമ്പറ്റ സ്വദേശിയെ നാഗാലാൻഡ് പോലീസ് അറസ്റ്റുചെയ്തു.
ചെറിയ തുക കൈപ്പറ്റി മറ്റുള്ളവർക്ക് ബാങ്ക് അക്കൗണ്ട് കൈമാറിയ മ്യൂള്‍ അക്കൗണ്ട് ഉടമയാണ് അറസ്റ്റിലായത്. കണിയാമ്പറ്റസ്വദേശി ഇസ്മായിലി(26)നെയാണ് നാഗാലാൻഡ് കൊഹിമ സൈബർ പോലീസ് സ്റ്റേഷനിലെ പോലീസ് വാറന്റുമായെത്തി അറസ്റ്റുചെയ്ത് കൊണ്ടുപോയത്.
നാഗാലാൻഡ് സൈബർ പോലീസ് വീട്ടിലെത്തിയപ്പോഴാണ് ഇസ്മായിലിനും കുടുംബത്തിനും മ്യൂള്‍ അക്കൗണ്ട് തട്ടിപ്പ് മനസ്സിലായത്. ചെറിയ തുകയ്ക്കായി ഇസ്മായില്‍ പരിചയക്കാരന് ബാങ്ക് അക്കൗണ്ട് കൈമാറിയതാണ് തട്ടിപ്പില്‍പ്പെട്ടുപോകാൻ കാരണമായത്. കൊഹിമ സ്റ്റേഷനില്‍ രജിസ്റ്റർചെയ്ത ഓണ്‍ലൈൻ തട്ടിപ്പുകേസിന്റെ അന്വേഷണത്തില്‍ തട്ടിപ്പുതുകയുടെ ഒരുവിഹിതം ഇസ്മായിലിന്റെ ബാങ്ക് അക്കൗണ്ടിലേക്കു വന്നതായി കണ്ടെത്തിയിരുന്നു. നാഗാലാൻഡ് സ്വദേശിയുടെ 12.68 ലക്ഷംരൂപയാണ് ഓണ്‍ലൈൻ തട്ടിപ്പുസംഘം തട്ടിയെടുത്തത്. ഇതില്‍ നാലുലക്ഷംരൂപ ഇസ്മായിലിന്റെ അക്കൗണ്ടിലേക്കാണ് വന്നത്. പണം നല്‍കി ബാങ്ക് അക്കൗണ്ട് കൈക്കലാക്കിയ സംഘം തട്ടിപ്പിനായി ഇസ്മായിലിന്റെ അക്കൗണ്ട്ഉപയോഗിക്കുകയായിരുന്നു. കണിയാമ്പറ്റ സ്വദേശിക്ക് രണ്ടുതവണ നാഗാലൻഡ് സൈബർ പോലീസ് നോട്ടീസും നല്‍കിയിരുന്നു.
പണം വാങ്ങി അക്കൗണ്ട് മറ്റൊരാള്‍ക്ക് നല്‍കിക്കഴിഞ്ഞാല്‍ ശൃംഖലയിലൂടെ അക്കൗണ്ട് കൈമാറി തട്ടിപ്പുസംഘങ്ങളുടെ കൈകളിലെത്തുകയാണ് ചെയ്യുന്നത്. ഈ അക്കൗണ്ട് ഉപയോഗിച്ച് സംഘം തട്ടിപ്പ് നടത്തും. തട്ടിപ്പിലൂടെ കിട്ടിയ തുക അക്കൗണ്ടിലെത്തുമ്പോള്‍ അക്കൗണ്ട് എടുത്തുനല്‍കിയയാള്‍ കേസില്‍ ഉള്‍പ്പെടുകയും ചെയ്യും.
അക്കൗണ്ടിന് 5000 രൂപമുതല്‍ 10,000 രൂപവരെയുവാക്കളെയും വിദ്യാർഥികളെയുമൊക്കെ സ്വാധീനിച്ചാണ് പണം നല്‍കി തട്ടിപ്പുസംഘം അക്കൗണ്ട് കൈക്കലാക്കുന്നത്. 5000 രൂപമുതല്‍ 10,000 രൂപവരെയാണ് മ്യൂള്‍ അക്കൗണ്ടിന് നല്‍കുന്നതെന്ന് പോലീസ് പറഞ്ഞു. അക്കൗണ്ട് വാങ്ങിനല്‍കാൻഇടനിലക്കാരുമുണ്ട്. പലരിലൂടെയും കൈമാറിയാണ് അക്കൗണ്ട് ഇതരസംസ്ഥാനത്തടക്കം എത്തുന്നത്. മലപ്പുറംമുതല്‍ കാസർകോടുവരെയായി അഞ്ഞൂറോളംപേർ ഇത്തരത്തില്‍ മ്യൂള്‍ അക്കൗണ്ട് തട്ടിപ്പില്‍ കണ്ണികളായിട്ടുണ്ടെന്നാണ് സൈബർ പോലീസിന്റെ കണ്ടെത്തല്‍. മ്യൂള്‍ അക്കൗണ്ടുകള്‍ എടുത്തുനല്‍കിയ ആളുകളെ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിലൂടെ തട്ടിപ്പുസംഘങ്ങളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് കേരള പോലീസ്. എന്നാല്‍, മറ്റു സംസ്ഥാനങ്ങളിലെ പോലീസ്, ബാങ്ക് അക്കൗണ്ട് എടുത്തുനല്‍കിയവരെ പ്രതിചേർത്ത് ആദ്യംതന്നെ അറസ്റ്റിലേക്ക് കടക്കുകയും ചെയ്യുന്നുണ്ട്. മ്യൂള്‍ അക്കൗണ്ട് തട്ടിപ്പിനുപുറമേ വ്യാജ ട്രേഡിങ്ങിലൂടെയുള്ള തട്ടിപ്പുകളും വ്യാപകമാണെന്ന് പോലീസ് പറഞ്ഞു. .
No comments:
Post a Comment