Wednesday, August 27, 2025

അപകടസാധ്യത,താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണത്തിന് സാധ്യത.

താമരശ്ശേരി ചുരത്തില്‍ കൂടുതല്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയുള്ളതിനാല്‍ ആവശ്യാനുസരണം ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. യാത്രക്കാര്‍ കുറ്റ്യാടി ചുരം വഴിയുള്ള യാത്രയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.

 കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് കൂടുതല്‍ മണ്ണും കല്ലുകളും റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. ആവശ്യമെങ്കില്‍ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ചുരത്തില്‍ വ്യാഴാഴ്ചയും ഗതാഗതനിരോധനം തുടരുമെന്ന് വയനാട് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. വ്യാഴാഴ്ച  നടക്കുന്ന പരിശോധനകള്‍ക്കു ശേഷമേ നിരോധനത്തില്‍ അയവു വരുത്തൂവെന്നും കളക്ടര്‍ അറിയിച്ചു.

ചുരത്തില്‍ വ്യൂപോയിന്റിന് സമീപം ചൊവ്വാഴ്ച രാത്രി കൂറ്റന്‍ പാറക്കെട്ടും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞു വീണതിനെത്തുടര്‍ന്ന് നിലച്ച ഗതാഗതം ബുധനാഴ്ച രാത്രി ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇനിയും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നിരോധനം തുടരാന്‍ തീരുമാനിച്ചത്.

മണ്ണിടിഞ്ഞ ഭാഗത്തെ കല്ലും മണ്ണും പൂര്‍ണമായി മാറ്റിയശേഷം രാത്രി 8.45-ഓടെ കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തിവിട്ടു. ആദ്യം ലക്കിടിഭാഗത്തുള്ള വാഹനങ്ങളാണ് കടത്തിവിട്ടത്. ഈ വാഹനങ്ങള്‍ നാലാംവളവ് കഴിഞ്ഞതോടെ അടിവാരത്തുനിന്നുള്ള വാഹനങ്ങള്‍ മുകളിലേക്കും കയറ്റിവിട്ടതിനു ശേഷമാണ് ഗതാഗതനിരോധനം വീണ്ടും നടപ്പാക്കിയത്. ബുധനാഴ്ച വൈകീട്ടും ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു.

മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി-മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്ത പരിശോധനനടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയില്‍ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തില്‍നിന്നാണ് പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയത്.

ബുധനാഴ്ച രാവിലെ ഏഴു മുതല്‍ തുടങ്ങിയ കഠിനവും സാഹസികവുമായ പരിശ്രമത്തിനൊടുവിലാണ് രാത്രിയോടെ റോഡ് ഗതാഗതയോഗ്യമാക്കിയത്. താഴ്ഭാഗത്തെ മണ്ണും കല്ലും കോരിമാറ്റുന്നതിനിടെ വീണ്ടും ഇടിച്ചില്‍ ഉണ്ടാവുമോയെന്ന ആശങ്കയുയര്‍ന്നിരുന്നു. തുടര്‍ന്ന് വിദഗ്ധസംഘം മുകള്‍ഭാഗത്തെത്തി പരിശോധനനടത്തി. ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, അപകടസാധ്യതയില്ലെന്ന് ഉറപ്പുവരുത്തി കരുതലോടെയാണ് മണ്ണും കല്ലുമെടുക്കുന്ന പ്രവൃത്തി തുടര്‍ന്നത്. വലിയ പാറക്കല്ലുകള്‍ സ്റ്റോണ്‍ ബ്രേക്കറിന്റെ സഹായത്തോടെ പൊട്ടിച്ചാണ് റോഡില്‍നിന്നുമാറ്റിയത്. മരങ്ങള്‍ നീക്കി റോഡിലേക്കിട്ടശേഷം മെഷീന്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി. കല്ലും മണ്ണുമെല്ലാം ടിപ്പറുകളിലാക്കി ചങ്ങലമരത്തിന് സമീപത്തെ പിഡബ്ല്യുഡിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും ഒന്‍പതാം വളവിനും തകരപ്പാടിക്കുമിടയ്ക്കുള്ള സ്ഥലത്തുമെല്ലാമായി തള്ളി.

ഇതിനിടെ അടിഭാഗത്തുനിന്ന് മണ്ണെടുക്കുന്ന പ്രവൃത്തിക്കിടെ വൈകീട്ട് നാലുമണിയോടെ മുകള്‍ഭാഗത്ത് ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടായത് ആശങ്ക പരത്തി യിരുന്നു. കല്ലാണോ, മണ്ണാണോ ഇടിഞ്ഞതെന്നറിയാനായി അഗ്‌നിരക്ഷാസേന വെള്ളം പമ്പുചെയ്തു പരിശോധിച്ചു. സുരക്ഷ ഉറപ്പാക്കി പ്രവൃത്തി തുടരുകയായിരുന്നു.


No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...