റായ്പൂര്‍: ഛത്തീസ്ഡ് സര്‍ക്കാര്‍ കന്യാസ്ത്രീകളുടെ ജാമ്യത്തെ എതിര്‍ക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെയും വാക്ക് പാഴായി. അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.
എന്‍ഐഎ കോടതിയിലാണ് പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തത്. കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഒരുകാരണവശാലും പുറത്തുവിടാന്‍ കഴിയില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്ന കേസാണിത്. തെളിവുകള്‍ സമാഹരിക്കുന്ന സമയം പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.
കേസില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധിപറയാന്‍ നാളത്തേക്കു മാറ്റി.
കോടതികളില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതിന് ഉന്നയിക്കുന്ന പ്രധാന വാദമാണിത്. അതുതന്നെയാണ് ഛത്തീസ്ഗഡ് സര്‍ക്കാരും ഇന്ന് കോടതിയില്‍ പ്രയോഗിച്ചത്.
കോടതി നടപടികള്‍ ആരംഭിച്ചയുടന്‍ കന്യാസ്ത്രീകള്‍ തന്നെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. കുടുംബവും സഭാ അധികൃതരുമാണ് ജാമ്യാപേക്ഷയുമായി എന്‍ഐഎ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ സെഷന്‍സ് കോടതിയില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സെഷന്‍സ് കോടതിക്ക് അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ഇത് അംഗീകരിച്ചികൊണ്ടാണ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയതും എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചതും. ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു കന്യാസ്ത്രീകള്‍ ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിച്ചത്.
No comments:
Post a Comment