അപ്രതീക്ഷിതമായി തിങ്കളാഴ്ച രാത്രി വൈകിയാണ് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖർ രാജിവച്ചത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നുഉപരാഷ്ട്രതിയുടെ രാജി.
ഇന്ത്യയുടെ ചരിത്രത്തില്‍ കാലാവധി പൂർത്തിയാകും മുമ്ബ് രാജിവയ്ക്കുന്ന മൂന്നാമത്തെ ഉപരാഷ്ട്രപതിയാണ് അദ്ദേഹം. വി.വി.ഗിരിയും ആർ.വെങ്കിട്ടരാമനും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് രാജിവച്ചത്. തുടർന്ന് ഗോപാല്‍ സ്വരൂപ് പഥക്കും ശങ്കർ ദയാല്‍ ശർമ്മയും ഉപരാഷ്ട്രപതിമാരായി.
ഉപരാഷ്ട്രപതിയുടെ ചുമതലകള്‍ ഇപ്പോള്‍ ആരാണ് നിർവഹിക്കുക?
ഭരണഘടനയില്‍ ആക്ടിങ് ഉപരാഷ്ട്രപതിയെ നിർദേശിക്കുന്നില്ല. എന്നിരുന്നാലും, ഉപരാഷ്ട്രപതി രാജ്യസഭയുടെ എക്സ്-ഒഫീഷ്യോ ചെയർമാൻ കൂടിയായതിനാല്‍, അദ്ദേഹത്തിന്റെ അഭാവത്തില്‍ ഡെപ്യൂട്ടി ചെയർമാൻ - നിലവില്‍ ഹരിവംശ് നാരായണ്‍ സിങ് സഭയുടെ അധ്യക്ഷനാകും.
തിരഞ്ഞെടുപ്പ് എപ്പോള്‍ നടക്കും?
രാഷ്ട്രപതിയുടെ കാര്യത്തില്‍, ആറ് മാസത്തിനുള്ളില്‍ ഒരു ഒഴിവ് നികത്തണമെന്ന് ഭരണഘടന അനുശാസിക്കുന്നു. എന്നാല്‍ ഉപരാഷ്ട്രപതിയുടെ ഒഴിവിന് അത്തരമൊരു നിശ്ചിത സമയപരിധിയില്ല. ആ സ്ഥാനം ഒഴിഞ്ഞുകഴിഞ്ഞാല്‍ എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഏക നിബന്ധന. തിരഞ്ഞെടുപ്പ് കമ്മീഷൻ ആയിരിക്കും ഷെഡ്യൂള്‍ പ്രഖ്യാപിക്കുക. 1952 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നിയമപ്രകാരമാണ് വോട്ടെടുപ്പ് നടത്തുന്നത്. കീഴ്‌വഴക്കമനുസരിച്ച്, പാർലമെന്റിന്റെ ഏതെങ്കിലും സഭയിലെ സെക്രട്ടറി ജനറലിനെ മാറിമാറി റിട്ടേണിങ് ഓഫീസറായി നിയമിക്കും.
പുതിയ ഉപരാഷ്ട്രപതി എത്ര കാലം സേവനമനുഷ്ഠിക്കും?
ധൻഖറിന്റെ ശേഷിക്കുന്ന കാലാവധി മാത്രമല്ലാതെ, തിരഞ്ഞെടുക്കപ്പെട്ട ഉപരാഷ്ട്രപതി അധികാരമേറ്റ തീയതി മുതല്‍ അഞ്ച് വർഷത്തെ മുഴുവൻ കാലാവധിയും വഹിക്കും.
ഇന്ത്യയില്‍ ഉപരാഷ്ട്രപതിയെ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്?
പാർലമെന്റിന്റെ ഇരുസഭകളിലെയും അതായത് ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി, ഇതില്‍ സംസ്ഥാന നിയമസഭകള്‍ പങ്കെടുക്കുന്നില്ല. ന്യൂഡല്‍ഹിയിലെ പാർലമെന്റ് ഹൗസില്‍ രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഓരോ എംപിയും സ്ഥാനാർത്ഥികളെ മുൻഗണനാക്രമത്തില്‍ റാങ്ക് ചെയ്താണ് വോട്ട് രേഖപ്പെടുത്തുന്നത്. എല്ലാ വോട്ടുകള്‍ക്കും തുല്യ മൂല്യമുണ്ട്.
തിരഞ്ഞെടുപ്പില്‍ വിജയിക്കാൻ ഒരു സ്ഥാനാർത്ഥിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ വോട്ടുകള്‍ ലഭിക്കണം - അതിനെ ക്വാട്ട എന്ന് വിളിക്കുന്നു. ആദ്യ റൗണ്ടില്‍ ഒരു സ്ഥാനാർത്ഥിയും ക്വാട്ട കടക്കുന്നില്ലെങ്കില്‍, ഏറ്റവും കുറഞ്ഞ ഒന്നാം മുൻഗണനാ വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാർത്ഥിയെ ഒഴിവാക്കുകയും, രണ്ടാമത്തെ മുൻഗണനകളുടെ അടിസ്ഥാനത്തില്‍ അവരുടെ വോട്ടുകള്‍ ശേഷിക്കുന്ന സ്ഥാനാർത്ഥികള്‍ക്ക് കൈമാറുകയും ചെയ്യും. ഒരു സ്ഥാനാർത്ഥി ക്വാട്ട കടക്കുന്നതുവരെ പ്രക്രിയ തുടരും.
ഉപരാഷ്ട്രപതി സ്ഥാനാർത്ഥികള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്?
ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാള്‍ ഇന്ത്യൻ പൗരനായിരിക്കണം, കുറഞ്ഞത് 35 വയസ്സ് പ്രായമുണ്ടായിരിക്കണം, രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുള്ള ആളായിരിക്കണം, ഏതെങ്കിലും പാർലമെന്ററി മണ്ഡലത്തില്‍ ഇലക്ടറായി രജിസ്റ്റർ ചെയ്തിരിക്കണം. പ്രസിഡന്റ്, ഗവർണർ, മന്ത്രി തുടങ്ങിയ സ്ഥാനങ്ങള്‍ ഒഴികെ, കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് കീഴിലുള്ള ഒരു പദവിയും അവർ വഹിക്കരുത്.
No comments:
Post a Comment