ഭര്‍ത്താവിനെയും കുടുംബത്തിനെയും വ്യാജ കേസില്‍ ജയിലില്‍ അടപ്പിച്ച വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. മാപ്പ് പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രസിദ്ധീകരിക്കണമെന്നും ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായിയും ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹും അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
2015ലാണ് ഡല്‍ഹി സ്വദേശിയായ ബിസിനസുകാരനും ഐപിഎസ് ഉദ്യോഗസ്ഥയും വിവാഹിതരായത്. 2018ല്‍ ഇരുവരും പിരിഞ്ഞു. വിവാഹമോചന കേസ് നല്‍കിയ ശേഷം സ്വന്തം നാടായ ഉത്തര്‍പ്രദേശില്‍ പോയ യുവതി 2022ല്‍ ഐപിഎസ് നേടി. തുടര്‍ന്നാണ് ഭര്‍ത്താവിനും കുടുംബത്തിനും എതിരെ ബലാല്‍സംഗം അടക്കം വിവിധ തരം കേസുകള്‍ നല്‍കിയത്. അതില്‍ ഭര്‍ത്താവ് 109 ദിവസവും ഭര്‍തൃപിതാവ് 103 ദിവസവും ജയിലില്‍ കിടന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട അപ്പീലാണ് സുപ്രിംകോടതിയില്‍ എത്തിയത്.വിവാഹമോചന കേസ് ഫയല്‍ ചെയ്യാമെങ്കിലും പലതരം പീഡനക്കേസുകള്‍ നല്‍കിയത് ന്യായമല്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു
''ഭാര്യ നല്‍കിയ കേസുകളുടെ ഫലമായി ഭര്‍ത്താവ് 109 ദിവസവും അച്ഛന്‍ 103 ദിവസവും ജയിലില്‍ കിടന്നു. മുഴുവന്‍ കുടുംബവും ശാരീരികവും മാനസികവുമായ ആഘാതവും പീഡനവും അനുഭവിച്ചു. അവര്‍ അനുഭവിച്ച നഷ്ടം ഒരു തരത്തിലും തിരിച്ചുപിടിക്കാനോ നഷ്ടപരിഹാരം നല്‍കാനോ കഴിയില്ല. അതിനാല്‍, ഐപിഎസ് ഉദ്യോഗസ്ഥയും കുടുംബവും ഭര്‍ത്താവിനോടും കുടുംബാംഗങ്ങളോടും നിരുപാധികം ക്ഷമാപണം നടത്തണം. ഇത് പ്രശസ്തമായ ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളുടെ ദേശീയ പതിപ്പില്‍ പ്രസിദ്ധീകരിക്കണം. ക്ഷമാപണം എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും വേണം.''-കോടതി പറഞ്ഞു. ഇരുവരുടെയും കുഞ്ഞിന്റെ പ്രാഥമിക സംരക്ഷണാവകാശം അമ്മയ്ക്കാണെന്നും പിതാവിന് സന്ദര്‍ശനാവകാശം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഭര്‍ത്താവിനും കുടുംബത്തിനും പോലിസ് സംരക്ഷണവും നല്‍കി. ഐപിഎസ് ഉദ്യോഗസ്ഥയായ യുവതി തന്റെ സ്ഥാനമോ അധികാരമോ ഭര്‍ത്താവിനും കുടുംബത്തിനും എതിരെ ഉപയോഗിക്കരുത്. ദീര്‍ഘകാലം നീണ്ടുനിന്ന നിയമയുദ്ധത്തിനും വൈകാരികവും മാനസികവുമായ സമ്മര്‍ദ്ദത്തിനും രമ്യമായ പരിഹാരം കാണുന്നതിനാണ് ക്ഷമാപണം ആവശ്യപ്പെട്ടതെന്നും കോടതി വ്യക്തമാക്കി
No comments:
Post a Comment