കണ്ണൂര്‍: പറമ്പായി ചേരികമ്പനിയില്‍ ഒരു യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ എസ്ഡിപിഐയെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണെന്ന് എസ്ഡിപിഐ വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഭര്‍തൃമതിയായ യുവതിയെ മയ്യില്‍ സ്വദേശിയുടെ കൂടെ സംശയാസ്പദമായ രീതിയില്‍ കുടുംബാംഗങ്ങള്‍ കണ്ടിരുന്നു. കുടുംബക്കാരും വീട്ടുകാരും തന്നെ യുവതിയെ ഇവിടെ നിന്ന് വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു. തുടര്‍ന്ന് മയ്യില്‍ സ്വദേശിയുടെയും യുവതിയുടെയും കുടുംബക്കാര്‍ വിഷയത്തില്‍ ഇടപെടുകയും പരസ്പരം സംസാരിച്ച് പിരിയുകയുമാണ് ചെയ്തത്. പിന്നീട് രണ്ടുദിവസം കഴിഞ്ഞാണ് യുവതി ആത്മഹത്യ ചെയ്യുന്നത്.
എന്നാല്‍ മരണ ശേഷം പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്തത് ഭരണകക്ഷി പാര്‍ട്ടിയുടെ സമ്മര്‍ദ്ദ ഫലമായാണ്. കുടുംബക്കാര്‍ ഇടപ്പെട്ട വിഷയത്തില്‍ എസ്ഡിപിഐയെ തിരഞ്ഞ് പിടിച്ച് കള്ളക്കേസില്‍പ്പെടുത്തിയത് ദുരുപദിഷ്ടിതവും രാഷ്ട്രീയ പ്രേരിതവുമാണ്. എന്താണ് സംഭവിച്ചതെന്ന് പ്രദേശവാസികള്‍ക്ക് അറിയാമെന്നിരിക്കെ യാഥാര്‍ഥ്യം അന്വേഷിച്ച് റിപോര്‍ട്ട് ചെയ്യേണ്ട മാധ്യമങ്ങള്‍ പോലിസ് പറയുന്നത് അപ്പടി കേട്ട് വാര്‍ത്ത ചെയ്യുന്നത് മാധ്യമ ധാര്‍മ്മികതയല്ല. പറമ്പായി - വേങ്ങാട് മേഖലയില്‍ പാര്‍ട്ടി നേടുന്ന ജനസ്വാധീനത്തില്‍ വിറളിപൂണ്ടവരാണ് ഭരണ സൗകര്യത്തിന്റെ മറവില്‍ എസ്ഡിപിഐയെ കരിവാരി തേക്കാന്‍ ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
No comments:
Post a Comment