തെറ്റായ പ്രവണതകള്‍ക്കെതിരെയും വ്യാജ അക്കൗണ്ടുകള്‍ വഴി നമ്മള്‍ പറ്റിക്കപ്പെടുന്നതിനെതിരെയും കൃത്യമായ ബോധത്തോടുകൂടി സോഷ്യല്‍ മീഡിയയെ സമീപിക്കണം എന്നതാണ് ഈ ദിനം നല്‍കുന്ന പ്രധാന സന്ദേശം.
ഇന്ന് ജൂൺ 30 ലോകം സോഷ്യല്‍ മീഡിയ ദിനമായി ആചരിക്കുന്നിനിടയിൽ സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകളും കുറ്റകൃത്യങ്ങളും ഏവരെയും ആശങ്ക പ്പെടുത്തി യാണ് ഓരോ ദിവസവും കടന്നു പോവുന്നത്.
നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒരു ശരാശരി വ്യക്തി ദിവസവും മൂന്ന് മണിക്കൂറോളം ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ആശയവിനിമയം, വിവരങ്ങള്‍ പങ്കിടല്‍, മറ്റുള്ളവരുമായി ബന്ധപ്പെടല്‍ എന്നിവയില്‍ സോഷ്യല്‍ മീഡിയ വലിയ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. പുതിയ ആളുകളെ പരിചയപ്പെടാനും സൗഹൃദങ്ങള്‍ സ്ഥാപിക്കാനും ഇത് ജനങ്ങളെ സഹായിക്കുന്നു.
പ്രമുഖ ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമായ മാഷബിളാണ് 2010-ല്‍ ആദ്യമായി സോഷ്യല്‍ മീഡിയ ദിനാചരണത്തിന് തുടക്കം കുറിച്ചത്. ഇപ്പോള്‍ ലോകമെമ്ബാടുമുള്ള വ്യക്തികളും സംഘടനകളും സോഷ്യല്‍ മീഡിയ പ്രേമികളും ഈ ദിനം ആഘോഷിച്ചു വരുന്നു. ഇന്റർനെറ്റ് ഉപയോഗിച്ച് വിവരങ്ങള്‍ നിർമ്മിക്കാനും പങ്കുവെക്കാനും കൈമാറാനും ആശയങ്ങളും തൊഴില്‍ സാധ്യതകളും ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാനും സഹായിക്കുന്ന മാർഗ്ഗങ്ങളെയാണ് പൊതുവെ സാമൂഹ്യ മാധ്യമങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ആശയവിനിമയത്തില്‍ സോഷ്യല്‍ മീഡിയ എങ്ങനെ സഹായിക്കുന്നു എന്നതിലാണ് ഈ ദിനാചരണം ഊന്നല്‍ നല്‍കുന്നത്.
വർത്തമാനകാല മനുഷ്യ ജീവിതത്തിന്റെ ഓരോ സ്പന്ദനങ്ങളും ഇന്ന് സോഷ്യല്‍ മീഡിയയെ ആശ്രയിച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയ സമൂഹത്തിന് നല്‍കുന്ന സേവനങ്ങള്‍ എണ്ണമറ്റതാണെങ്കിലും, അതിന്റെ ദുരുപയോഗം പലരുടെയും ജീവിതം പ്രതിസന്ധികളിലാക്കുന്നുണ്ട് എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. സോഷ്യല്‍ മീഡിയ വഴി ഉയരുന്ന ജനാഭിപ്രായങ്ങള്‍ സമൂഹത്തില്‍ പല മാറ്റങ്ങളും സൃഷ്ടിക്കുന്നുണ്ടെന്നും, പുതിയ കൂട്ടായ്മകള്‍ക്ക് ജന്മം നല്‍കുന്നുണ്ടെന്നും നാം കണ്ടറിയുന്ന സത്യമാണ്. സോഷ്യല്‍ മീഡിയയുടെ ശക്തിയിലൂടെ ലോകമെമ്ബാടുമുള്ള വ്യക്തികളെയും ബിസിനസ്സുകളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ചു കൊണ്ടുവരാൻ സാധിക്കുന്നുണ്ട്.
എന്നാല്‍, സോഷ്യല്‍ മീഡിയയുടെ വർദ്ധിച്ചുവരുന്ന ഉപയോഗം പല ആശങ്കകള്‍ക്കും വഴിവെച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും ഈ പ്ലാറ്റ്‌ഫോമുകള്‍ വഴി അതിവേഗം പ്രചരിക്കുകയും സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ, ഇവയുടെ തെറ്റായ ഉപയോഗം കാരണം സൈബർ കുറ്റകൃത്യങ്ങള്‍ പല രൂപത്തിലും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയവ ജനപ്രിയ സോഷ്യല്‍ നെറ്റ്‌വർക്കിന്റെ മികച്ച ഉദാഹരണങ്ങളാണ്. ഈ പ്ലാറ്റ്‌ഫോമുകള്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബ്രാൻഡുകളുമായും ചിന്തകളും ഫോട്ടോകളും വീഡിയോകളും പങ്കിടാൻ സഹായിക്കുന്നത് വഴി സാമൂഹികബന്ധം ശക്തിപ്പെടുത്തുന്നു. സോഷ്യല്‍ റിവ്യൂ സൈറ്റുകള്‍, ബ്ലോഗുകള്‍, യൂട്യൂബ് ഉള്‍പ്പെടെയുള്ള മീഡിയ പങ്കിടല്‍ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയവയും സോഷ്യല്‍ മീഡിയയുടെ വിവിധ ഘടകങ്ങളാണ്.
സോഷ്യല്‍ മീഡിയ കാലഘട്ടത്തിന്റെ അനിവാര്യതയും ഒഴിച്ചുകൂടാനാവാത്ത ഒന്നുമായി മനുഷ്യ ജീവിതത്തില്‍ പ്രവേശിച്ചിരിക്കുന്ന ഈ സമയത്ത്, യാന്ത്രികമായി അതിന്റെ പിന്നാലെ പോയി വ്യക്തിത്വം നഷ്ടപ്പെടുന്ന ഒരു യുവതലമുറ ഉയർന്നു വരുന്നു എന്നത് സാമൂഹ്യബോധമുള്ളവർ ഗൗരവത്തോടെ വീക്ഷിക്കേണ്ട ഒന്നാണ്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്ന മനുഷ്യരുടെ മൃദുല വികാരങ്ങള്‍ ചൂഷണം ചെയ്ത്, സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് അവരെ പറ്റിക്കുന്നവരുടെ കഥകള്‍ വാർത്തയല്ലാതായി മാറിയ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അത്തരക്കാർ സൃഷ്ടിക്കുന്ന തെറ്റായ പ്രവണതകള്‍ക്കെതിരെയും വ്യാജ അക്കൗണ്ടുകള്‍ വഴി നമ്മള്‍ പറ്റിക്കപ്പെടുന്നതിനെതിരെയും കൃത്യമായ ബോധത്തോടുകൂടി സോഷ്യല്‍ മീഡിയയെ സമീപിക്കണം എന്നതാണ് ഈ ദിനം നല്‍കുന്ന പ്രധാന സന്ദേശം.
No comments:
Post a Comment