കോഴിക്കോട് : ലോക സമാധാനം പുനഃസ്ഥാപിക്കാൻ യുദ്ധം അവസാനിക്കേണ്ടത് അനിവാര്യമാണെന്നും ഐക്യരാഷ്ട്രസഭ ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ടെന്നും സമസ്ത കാന്തപുരം വിഭാഗം. കോഴിക്കോട് മർകസിൽ നടന്ന മുശാവറ യോഗമാണ് യുദ്ധവ്യാപനത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്."
മുസ്‌ലിം രാജ്യങ്ങൾ അസ്ഥിരമാക്കാനും ജനജീവിതം ദുസ്സഹമാക്കാനുമുള്ള സയണിസ്റ്റ് അജണ്ട നിലവിലെ കടന്നുകയറ്റത്തിന് പിന്നിലുണ്ട്. പ്രകോപനമില്ലാതെ ആരംഭിച്ച അക്രമം അന്താരാഷ്ട്ര ഉടമ്പടികൾക്കും മാനവികതക്കും എതിരാണ്. ഗസ്സയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിലടക്കം വെടിവെപ്പ് നടത്തുന്ന ചോരക്കൊതിയന്മാരായ നെതന്യാഹു ഭരണകൂടം ആധുനിക സമൂഹത്തിന് നാണക്കേടാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നാണ് മുൻ അനുഭവങ്ങൾ പറയുന്നത്. ലോകമെങ്ങുമുള്ള സാധാരണക്കാരാണ് യുദ്ധങ്ങളിൽ ആത്യന്തികമായി ബലിയാടുകളാവുന്നത്. നിഷ്പക്ഷമായ മധ്യസ്ഥ- നയതന്ത്ര ശ്രമങ്ങളിലൂടെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാൻ യുഎൻ മുന്നോട്ടുവരണമെന്നും പ്രമേയത്തിൽ പറഞ്ഞു. ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷാവസ്ഥ പരിഹരിക്കുന്നതിന് ഇന്ത്യ പ്രത്യേക പരിഗണന നൽകണമെന്നും മുശാവറ യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന മുശാവറ യോഗം ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു"
No comments:
Post a Comment