Thursday, May 8, 2025

നിന്ദിച്ചവരുടെപോലും ഹീറോ ആയിമുഹമ്മദ് സുബൈർ..അന്ന് തെറിവിളിച്ചവർക്കും ഇന്നയാൾ ഹീറോ

ന്യൂഡൽഹി: നിക്ഷിപ്തതാത്പര്യത്തോടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ കണ്ണിലെ കരടാണ് ഓൾട്ട്ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈർ. തീവ്രവലതുപക്ഷത്തിന്റെ അനിഷ്ടത്തിനുപാത്രമായ അദ്ദേഹത്തെ അധികാരികളും നോട്ടമിട്ടതോടെ കുറച്ചുനാൾ ജയിലിലുമായി. എന്നാൽ, എന്നും സത്യത്തിനും രാജ്യത്തിനുമൊപ്പമാണെന്ന് വ്യക്തമാക്കുന്ന അദ്ദേഹം ഒറ്റ രാത്രികൊണ്ട്, നിന്ദിച്ചവരുടെപോലും ഹീറോ ആയി.

പാകിസ്താനില്‍ ബുധനാഴ്ച പുലർച്ചെ ഇന്ത്യ ആയുധം വർഷിക്കുമ്ബോള്‍, വ്യാജവിവരങ്ങളാല്‍ അവയെ നേരിടാനിറങ്ങിയ പാക് സാമൂഹികമാധ്യമ അക്കൗണ്ടുകളെ നേരിട്ടത് മുഹമ്മദ് സുബൈർ എന്ന ഒറ്റയാള്‍പ്പട്ടാളം. വാർത്തകളിലെ വസ്തുതതിരയുന്ന 'ഓള്‍ട്ട് ന്യൂസ്' വെബ്സൈറ്റിന്റെ സഹസ്ഥാപകനാണ് മുഹമ്മദ് സുബൈർ. സത്യമെന്നപേരില്‍ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞ അസത്യങ്ങള്‍, അസത്യങ്ങളാണെന്ന്, വസ്തുതകള്‍ നിരത്തി സുബൈർ വിളിച്ചുപറഞ്ഞു. രാത്രിമുഴുവനും ഇത് അദ്ദേഹം തുടർന്നു.

'ഹിന്ദുമത വികാരത്തെ' വ്രണപ്പെടുത്തിയെന്നതിന്റെപേരില്‍ 2022 ജൂണ്‍ 27-ന് ഡല്‍ഹി പോലീസ് അറസ്റ്റുചെയ്ത് ഒരുമാസത്തോളം ജയിലിലടച്ചിരുന്നു സുബൈറിനെ. അന്ന് അദ്ദേഹത്തെ നിന്ദിച്ചവരില്‍ പലരും ഇന്ന് വാഴ്ത്തുകയാണ്. പക്ഷേ, സുബൈറിനു പറയാനുള്ളത് ഒന്നുമാത്രം "സത്യത്തിനുവേണ്ടി നിലകൊള്ളുകമാത്രമാണ് ഞാൻ ചെയ്യുന്നത്.'

സത്യത്തിന്വേണ്ടിയുള്ള പോരാട്ടം

പുലർച്ചെ രണ്ടുമണിയോടെ കിടക്കാൻ പോകുന്നതിനുമുൻപാണ് പാകിസ്താനിലെ സൈനികനടപടിയെക്കുറിച്ചുള്ള 'എക്സ്' പോസ്റ്റുകള്‍ കണ്ടത്.

ഇതുമായിബന്ധപ്പെട്ട് ഒരു മാധ്യമപ്രവർത്തകൻ പങ്കുവെച്ച വീഡിയോ കണ്ടു. അതേ വീഡിയോ വാർത്താ ഏജൻസിയും പങ്കുവെച്ചിരുന്നു. രണ്ടുദൃശ്യങ്ങളും നേരത്തേ കണ്ടിട്ടുണ്ട്. ആ ഓർമ്മയില്‍ പരിശോധിച്ചപ്പോള്‍ പഴയ വീഡിയോ ആണ് അതെന്നുകണ്ടെത്തി. ഇക്കാര്യം 'എക്സി'ല്‍ പോസ്റ്റ് ചെയ്തപ്പോള്‍ സൈബർ ആക്രമണമുണ്ടായി. എതിർരാജ്യത്തുനിന്ന് വരുന്ന വ്യാജവിവരങ്ങളിലെ സത്യാവസ്ഥ ആദ്യം കണ്ടുപിടിക്കൂ എന്നായിരുന്നു ചില പ്രതികരണങ്ങള്‍. അപ്പോഴാണ് പാക് 'എക്സ്' ഹാൻഡിലുകളുടെ പ്രവർത്തനത്തെക്കുറിച്ച്‌ ചിന്തിച്ചത്.

റഷ്യ-യുക്രൈൻ യുദ്ധസമയത്ത് പ്രൊപ്പഗാൻഡ ഹാൻഡിലുകളുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. യുദ്ധവുമായി ഒരു ബന്ധവുമില്ലാത്ത ചിത്രങ്ങളും ദൃശ്യങ്ങളുമാണ് തെറ്റിദ്ധാരണ പരത്തുകയെന്ന ലക്ഷ്യത്തോടെ അവർ പ്രചരിപ്പിച്ചിരുന്നത്. ഒന്നുരണ്ട് പാക് 'എക്സ്' ഹാൻഡിലുകളില്‍നിന്ന് സമാനരീതിയില്‍ വ്യാജപ്രചാരണം നടന്നതുകണ്ടു. ഇവ പരിശോധിച്ച്‌ സത്യാവസ്ഥ വ്യക്തമാക്കി പോസ്റ്റ് ചെയ്തു. അതോടെ ആല്‍ഗരിതം അതിനനുസരിച്ച്‌ പ്രവർത്തിക്കാൻ തുടങ്ങി. കൂടുതല്‍ പാക് അക്കൗണ്ടുകളില്‍നിന്നുള്ള പോസ്റ്റുകള്‍ ഫീഡില്‍ വന്നു.

ഇതില്‍ത്തന്നെ ചില അക്കൗണ്ടുകള്‍ ഇന്ത്യക്കാരെന്നതരത്തില്‍ ഉള്ളവയായിരുന്നു. എന്നാല്‍, അവർ പാകിസ്താനെയും കോണ്‍ഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രശംസിക്കുമ്ബോള്‍ ഇന്ത്യൻ സൈന്യത്തെ കുറ്റപ്പെടുത്തുകയായിരുന്നു. സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേനയുള്ള അക്കൗണ്ടുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ അവരുടെ ഭാഷയില്‍ അസാധാരണമാംവിധം ഉറുദു കടന്നുകൂടുന്നതായി ശ്രദ്ധിച്ചു. തുടർന്നുനടത്തിയ പരിശോധനയില്‍ ഈ ഹാൻഡിലുകളുടെ യാഥാർഥ്യം കണ്ടെത്തി. അവയെല്ലാം പാകിസ്താനില്‍നിന്നുള്ളവയായിരുന്നു.

പാക്പ്രചാരണങ്ങളുടെ യാഥാർഥ്യം പുറത്തുകൊണ്ടുവന്നശേഷം വലതുപക്ഷ ചായ്വുള്ള പല ഹാൻഡിലുകളില്‍നിന്നു പിന്തുണച്ചും പ്രശംസിച്ചും നേരിട്ടുള്ള സന്ദേശങ്ങളും കമൻറുകളും ലഭിച്ചു. തീവ്രവലതുപക്ഷ ഹാൻഡിലുകളില്‍ നിന്ന് അങ്ങനൊന്നും വന്നിട്ടില്ല. ഇപ്പോള്‍ ലഭിക്കുന്ന പിന്തുണപോലും കൂടുതല്‍ സമയത്തേക്കില്ല എന്നെനിക്കറിയാം. കോവിഡ് കാലത്ത് വ്യാജ പ്രചാരണങ്ങള്‍ കണ്ടെത്തി പുറത്തുകൊണ്ടുവന്നപ്പോള്‍ സമാനമായി പലരും പിന്തുണച്ചിരുന്നു.എന്നാല്‍ അവർക്ക് ഇഷ്ടമുള്ള രാഷ്ട്രീപ്പാർട്ടിയുമായി ബന്ധപ്പെട്ടൊരു വിവരത്തിൻറെ വസ്തുതാ പരിശോധന നടത്തുന്നതു വരെയേ അതുള്ളൂ. ആരെയും സന്തോഷിപ്പിക്കണം എന്ന ലക്ഷ്യത്തോടെ ഞാൻ പ്രവർത്തിക്കാറില്ല. സത്യത്തിനുവേണ്ടി നിലകൊള്ളുകമാത്രമാണ് ചെയ്യുന്നതെന്ന് മുഹമ്മദ് സുബൈർ പറയുന്നു.

No comments:

Post a Comment

*നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു*

സനാ: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കൊല്ലപ്പെട്ട തലാൽ അബ്‌ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം...