ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനായി കഴിഞ്ഞദിവസം മാധ്യമങ്ങളുടെ മുന്നിലെത്തിയത് രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥരായിരുന്നു.
കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും. പഹല്‍ഗാമില്‍ പങ്കാളികളുടെ കണ്മുന്നിലിട്ട് ഭർത്താക്കന്മാരെ കൊന്നൊടുക്കിയ ഭീകരർക്ക് തിരിച്ചടി നല്‍കിയപ്പോള്‍ ഇന്ത്യ ആ ദൗത്യത്തിന് നല്‍കിയ പേര് 'ഓപ്പറേഷൻ സിന്ദൂർ' എന്നായിരുന്നു. പഹല്‍ഗാമില്‍ ഭർത്താക്കന്മാർ കൊല്ലപ്പെട്ട് തങ്ങളുടെ സിന്ദൂരം മായ്ച്ചുകളയേണ്ടിവന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് അതിവൈകാരികമായ ആ പേര് ദൗത്യത്തിനായി തിരഞ്ഞെടുത്തത്. പിന്നീട് അതേ ദൗത്യം വിശദീകരിക്കാനായി രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തതിലൂടെയും ഇന്ത്യ ലോകത്തിന് നല്‍കിയത് വ്യക്തമായ സന്ദേശമായിരുന്നു.
കഴിഞ്ഞദിവസത്തെ വാർത്താസമ്മേളനത്തില്‍ കേണല്‍ സോഫിയ ഹിന്ദിയിലും വിങ് കമാൻഡർ വ്യോമിക ഇംഗ്ലീഷിലുമാണ് ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങള്‍ വിവരിച്ചത്. വാർത്താസമ്മേളനത്തിന് പിന്നാലെ ഇരുവരെയുംക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ അറിയാനായിരുന്നു മിക്ക ഇന്ത്യക്കാരുടെയും ആകാംക്ഷ.
ഇന്ത്യൻ ആർമിയിലെ കോർപ്സ് ഓഫ് സിഗ്നല്‍സിലെ ഓഫീസറാണ് കേണലായ സോഫിയ ഖുറേഷി. ഗുജറാത്തിലെ വഡോദരയാണ് സ്വദേശം. സോഫിയയുടെ പിതാവും മുത്തച്ഛനും സൈന്യത്തിലായിരുന്നു. അതേ പാത പിന്തുടർന്നാണ് സോഫിയയും രാജ്യത്തിന്റെ അഭിമാനമായ ആ യൂണിഫോമണിഞ്ഞത്.
കേന്ദ്രീയ വിദ്യാലയത്തിലെ സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം എം.എസ്. സർവകലാശാലയില്‍നിന്ന് ബയോകെമിസ്ട്രിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് സോഫിയ സൈന്യത്തില്‍ ചേരുന്നത്. കർണാടകയിലെ ബെലഗാവി സ്വദേശിയായ മേജർ താജുദ്ദീനാണ് സോഫിയയുടെ ഭർത്താവ്. സമീർ എന്ന മകനുമുണ്ട്.
സൈനിക കുടുംബത്തില്‍ ജനിച്ചുവളർന്ന തനിക്ക് സൈനിക യൂണിഫോം അണിയുകയെന്നതും രാജ്യത്തിനുവേണ്ടി സേവനം ചെയ്യണമെന്നതും ചെറുപ്പംമുതലേയുള്ള ആഗ്രഹമാണെന്ന് വർഷങ്ങള്‍ക്ക് മുമ്ബ് 'റിപ്പബ്ലിക് ടിവി'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സോഫിയ ഖുറേഷി പറഞ്ഞിരുന്നു. ഭർത്താവ് മേജർ താജുദ്ദീൻ, മകൻ സമീർ ഖുറേഷി എന്നിവർക്കൊപ്പമാണ് സോഫിയ അന്ന് അഭിമുഖത്തില്‍ പങ്കെടുത്തത്.
കശ്മീരിലെ വിവിധ മേഖലകളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും രാജസ്ഥാൻ, പഞ്ചാബ് അതിർത്തികളിലും സോഫിയ വിവിധ കാലങ്ങളില്‍ പ്രവർത്തിച്ചു. സ്ത്രീ എന്നത് ഒരുതടസ്സമല്ലെന്നും സ്ത്രീകള്‍ക്ക് എന്തുചെയ്യാനാകുമെന്നാണ് പഴയ അഭിമുഖങ്ങളില്‍ സോഫിയ സ്ത്രീകള്‍ക്കായി നല്‍കിയിരുന്ന ഉപദേശം. കൂടുതല്‍ യുവാക്കളെ സൈന്യത്തിലേക്ക് ആകർഷിക്കേണ്ടതിന്റെയും രാജ്യസേവനത്തെക്കുറിച്ച് അവരെ ബോധവത്കരിക്കണമെന്ന ആഗ്രഹത്തെക്കുറിച്ചും സോഫിയ അന്ന് മനസ്സുതുറന്നു. കശ്മീരില്‍ ജോലിചെയ്യുന്നതിനിടെ ആദ്യമായി പട്രോളിങ്ങിനിറങ്ങിയ അനുഭവവും സോഫിയ പങ്കുവെച്ചു. അന്ന് ആദ്യമായിട്ടാണ് ഒരു വനിതാ ഓഫീസർ അവിടെ പട്രോളിങ്ങിനിറങ്ങിയത്. യുഎൻ ദൗത്യത്തിന്റെ ഭാഗമായി കോംഗോയില്‍ എത്തിയപ്പോള്‍ ഒറ്റപ്പെട്ടനിലയില്‍ കണ്ടെത്തിയ അഞ്ചുവയസ്സുള്ള പെണ്‍കുട്ടിക്ക് അവളുടെ കുടുംബത്തെ കണ്ടെത്തുന്നതിലും സോഫിയ നിർണായക പങ്കുവഹിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തമെന്നാണ് ആ സംഭവത്തെ സോഫിയ വിശേഷിപ്പിച്ചത്.
ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രളയ രക്ഷാപ്രവർത്തനങ്ങളില്‍ കേണല്‍ സോഫിയ ഖുറേഷി പ്രധാന പങ്കുവഹിച്ചിരുന്നു. 2006-ലാണ് സോഫിയ ഖുറേഷി മിലിട്ടറി ഒബ്സർവർ ആയി യുഎൻ ദൗത്യത്തിന്റെ ഭാഗമായി കോംഗോയിലെത്തിയത്. യുദ്ധം വൻനാശം വിതച്ച കോംഗോയില്‍ സമാധാനപാലനത്തിനായി നിയോഗിച്ച ഇന്ത്യൻ സൈനികരില്‍ ഖുറേഷിയും പ്രധാനിയായിരുന്നു. കോംഗോയിലെ സേവനങ്ങള്‍ക്ക് അംഗീകാരങ്ങളും ലഭിച്ചു.
2016 മാർച്ചില്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച 'ഫോഴ്സ് 18' എന്ന സൈനികാഭ്യാസത്തില്‍ ഇന്ത്യൻ ആർമിയെ നയിച്ചതും സോഫിയ ഖുറേഷിയായിരുന്നു. ഏറ്റവും വലിയ സൈനികാഭ്യാസങ്ങളിലൊന്നായ 'ഫോഴ്സ് 18'-ല്‍ അന്നാദ്യമായിട്ടായിരുന്നു ഒരു വനിത ഇന്ത്യൻ ആർമിയെ നയിച്ചത്. ഇതിന് ചീഫ് ഓഫ് ആർമി സ്റ്റാഫ് അംഗീകാരവും ലഭിച്ചു
ദക്ഷിണാഫ്രിക്ക, കംബോഡിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്രവേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സൈനിക ഉദ്യോഗസ്ഥ കൂടിയാണ് സോഫിയ ഖുറേഷി. 2019-ലെ ഗ്ലോബല്‍ പീസ് ഗാന്ധി അവാർഡ് പട്ടികയിലും ഇവരുടെ പേര് ഇടംനേടിയിരുന്നു.
കശ്മീരിലെ വിവിധ മേഖലകളില്‍ യുവാക്കള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രചോദനം നല്‍കാൻ മുൻനിരയിലുണ്ടായിരുന്നു സോഫിയ ഖുറേഷി. ഇതിനുപുറമേ 'സപ്താ ശക്തി' പദ്ധതിയില്‍ ഹരിയാണ, പഞ്ചാബ്, ജമ്മു കശ്മീർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പതിനായിരക്കണക്കിന് വിദ്യാർഥികള്‍ക്ക് ക്ലാസെടുക്കാനും സോഫിയ ഖുറേഷിക്ക് അവസരം ലഭിച്ചു.
ഭർത്താവ് മേജർ, മകന്റെ ആഗ്രഹം വ്യോമസേന പൈലറ്റാകാൻ...
സോഫിയ ഖുറേഷിയുടെ ഭർത്താവ് താജുദ്ദീൻ സൈന്യത്തില്‍ മേജറാണ്. 2018-ല്‍ 'റിപ്പബ്ലിക് ടിവി'യിലെ പരിപാടിയില്‍ സോഫിയയ്ക്കൊപ്പം ഭർത്താവ് മേജർ താജുദ്ദീനും മകൻ സമീറും പങ്കെടുത്തിരുന്നു. തന്റെ ഏറ്റവും വലിയ റോള്‍മോഡല്‍ ഭാര്യ സോഫിയ ഖുറേഷിയാണെന്നായിരുന്നു മേജർ താജുദ്ദീൻ അന്നത്തെ ടിവി പരിപാടിയില്‍ അഭിപ്രായപ്പെട്ടത്.
12-ാംക്ലാസ് വരെ കർണാടക ബെലഗാവിയിലെ സാധാരണഗ്രാമത്തില്‍ ജീവിച്ചയാളാണ് മേജർ താജുദ്ദീൻ. കന്നഡ മീഡിയം സ്കൂളിലായിരുന്നു 12-ാം ക്ലാസ് വരെ പഠനം. അതിനുശേഷം ബെംഗളൂരുവിലെ കോളേജില്‍നിന്ന് ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനില്‍ ബിടെക്ക് സ്വന്തമാക്കി. മെറിറ്റ് സീറ്റിലായിരുന്നു കോളേജ് പ്രവേശനവും.
ബിടെക്ക് പൂർത്തിയാക്കിയ താജുദ്ദീന് മോട്ടോറോള, കോഗ്നിസെന്റ് തുടങ്ങിയ വൻകിട കമ്ബനികളില്‍നിന്ന് ജോലിക്കുള്ള ഓഫർ ലഭിച്ചെങ്കിലും അതെല്ലാംവേണ്ടെന്നുവെച്ചാണ് അദ്ദേഹം സൈന്യത്തില്‍ ചേർന്നത്. മാതാപിതാക്കളോട് പോലും പറയാതെയാണ് സൈന്യത്തില്‍ ചേരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. എസ്‌എസ്ബി ഭോപ്പാലിലെത്തി അഭിമുഖത്തില്‍ പങ്കെടുത്ത് അതിനുശേഷം ഇന്ത്യൻ മിലിട്ടറി അക്കാദമിയില്‍ പരിശീലനത്തിന് ചേർന്നതിന് പിന്നാലെയാണ് സൈന്യത്തില്‍ ചേർന്നവിവരം മാതാപിതാക്കളെ അറിയിച്ചതെന്നായിരുന്നു മേജർ താജുദ്ദീൻ ടിവി പരിപാടിയില്‍ വെളിപ്പെടുത്തിയത്. തന്റെ ഏറ്റവുംവലിയ റോള്‍മോഡല്‍ തന്റെ വീട്ടിലാണെന്നും തന്റെ ഭാര്യയെക്കുറിച്ച് തനിക്ക് ഏറെ അഭിമാനമുണ്ടെന്നും മേജർ താജുദ്ദീൻ പറഞ്ഞിരുന്നു.
മേജർ താജുദ്ദീൻ- കേണല്‍ സോഫിയ ഖുറേഷി ദമ്ബതിമാരുടെ മകനായ സമീറിനും ഭാവിയില്‍ സൈന്യത്തിന്റെ ഭാഗമാകാനാണ് ആഗ്രഹം. ഒരു വ്യോമസേന പൈലറ്റാകണമെന്നതാണ് തന്റെ സ്വപ്നമെന്ന് ഈ കൊച്ചുമിടുക്കനും ടിവി പരിപാടിയില്‍ പറഞ്ഞിരുന്നു. സൈനികരായ മാതാപിതാക്കളെക്കുറിച്ച് തനിക്ക് ഏറെ അഭിമാനമുണ്ടെന്നും സമീർ അന്ന് പറഞ്ഞിരുന്നു.
വ്യോമസേന വിങ് കമാൻഡർ വ്യോമിക
യുഎൻ സമാധാനസേനയില്‍ ആറുവർഷം പ്രവർത്തിച്ച വ്യോമസേന ഉദ്യോഗസ്ഥയാണ് വ്യോമിക സിങ്. സ്കൂള്‍കാലത്തുതന്നെ വ്യോമസേനയുടെ ഭാഗമാകാൻ കൊതിച്ചിരുന്നു. എൻജിനിയറിങ് പൂർത്തിയാക്കിയശേഷമാണ് വ്യോമസേനയില്‍ ചേർന്നത്. ഹെലികോപ്റ്റർ പൈലറ്റായി കമ്മിഷൻചെയ്ത അവർക്ക് 2019 ഡിസംബർ 18-ന് സേനയുടെ ഫ്ളയിങ് ബ്രാഞ്ചില്‍ സ്ഥിരം കമ്മിഷൻപദവി ലഭിച്ചു.
No comments:
Post a Comment