മലപ്പുറം: സുന്നി മഹല്ല് ഫെഡറേഷൻ കോഴിക്കോട് ജില്ല പ്രസിഡൻ്റ് കുട്ടി ഹസ്സൻ ദാരിമിയുടെ പ്രസംഗം വിവാദത്തിൽ. ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ യുഡിഎഫിനെ തോൽപ്പിക്കാൻ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം ശ്രമിച്ചെന്നാണ് ആരോപണം. എസ്കെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒപിഎം അഷ്റഫിനെതിരെയാണ് ഗുരുതര ആരോപണം. ഒപിഎം അഷ്റഫ് തിരൂരിൽ ക്യാംപ് ചെയ്ത് പ്രവർത്തിച്ചതായി കുട്ടി ഹസ്സൻ ദാരി ആരോപിച്ചു. പാണക്കാട് കുടുംബത്തിനെതിരെയും ചിലർ പ്രവർത്തിക്കുന്നുവെന്നും ആക്ഷേപമുണ്ട്.
സമസ്തയുള്ളിൽ ലീഗ് അനുകൂല വിഭാഗവും ലീഗ് വിരുദ്ധ വിഭാഗവും തമ്മിലുള്ള മത്സരം മുറുകിയിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്ന ശേഷം അത് കൂടുതൽ ശക്തമായിരിക്കുകയാണ്. സമസ് പുറത്താക്കിയ മുസ്തഫൽ ഫൈസിയെ പോലുള്ളവരെ വഖഫ് ബോർഡിൽ നിയമിച്ച് ലീഗ് വിരുദ്ധ വിഭാഗത്തെ സർക്കാർ തന്നെ വെല്ലുവിളിക്കുന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. ഇതിനിടെയാണ് ലീഗ് അനുകൂല നേതാവായ കുട്ടി ഹസ്സൻ ദാരി സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിനെതിരെരംഗത്തെത്തിയത്.
സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം ലീഗിനെ താഴെയിറക്കാൻ പലകുറി ശ്രമിച്ചിട്ടുണ്ടെന്ന് കുട്ടി ഹസ്സൻ ദാരിമി ആഞ്ഞടിച്ചു. പാണക്കാട് തങ്ങളെ അപമാനിക്കാനാണ് ചിലരുടെ ശ്രമം.
യുഡിഎഫിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ പോലും ശ്രമം നടന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ സമദാനിയെ തോൽപ്പിക്കുന്നതിനായി എസ്കെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒപിഎം അഷ്റഫ് തിരൂരിൽ ക്യാംപ് ചെയ്ത് പ്രവർത്തിച്ചുവെന്നും കുട്ടി ഹസ്സൻ ദാരിമി ആരോപിച്ചു. എന്നിട്ടും ഫലമുണ്ടായില്ല.
ഇതിന് ശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ലീഗിനെതിരെ പ്രവർത്തിച്ചു. ആ നീക്കവും ഫലം കണ്ടില്ലെന്നും കുട്ടി ഹസ്സൻ ദാരിമി ചൂണ്ടിക്കാട്ടി. അതേസമയം ആരോപണങ്ങൾ ശരിയാണെന്ന് കുട്ടി ഹസ്സൻ ദാരിമി തെളിയിക്കണമെന്ന് ഒപിഎം അഷ്റഫ് അടക്കം ആവശ്യപ്പെട്ടു. ആരോപണം ഉന്നയിച്ച് വെറുതെയങ്ങ് കടന്നുകളയരുതെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
0 Comments